കാസർകോട് ∙ ജില്ലയിലെ 247 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഇനിമുതൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ക്ലിനിക് പ്രവർത്തിക്കും. വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവയുൾപ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും ഗർഭകാല പരിചരണവും മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിചരണവും ‘സ്ത്രീ ക്ലിനിക്’ എന്നു പേരിട്ട
ഇവിടെ ലഭിക്കും. ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെന്റൽ, ഫിസിയാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും.
ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘സ്ത്രീ’ (സ്ട്രെങ്തെനിങ് ഹെർ ടു എംപവർ എവരിവൺ) ക്യാംപെയ്ന്റെ ഭാഗമായാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുക.
സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 8 വരെയാണ് ക്യാംപെയ്ൻ.
അയൽക്കൂട്ടങ്ങളിൽ സ്ക്രീനിങ് ക്യാംപുകൾ
ക്യാംപെയ്നിന്റെ ഭാഗമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഒന്ന് വരെ അയൽക്കൂട്ടങ്ങളിൽ സ്ക്രീനിങ് ക്യാംപുകൾ സംഘടിപ്പിക്കും. ക്യാംപുകളിൽ പൊതുവായ ശാരീരിക പരിശോധന, ടിബി സ്ക്രീനിങ്, ബിഎംഐ, രക്തസമ്മർദം, ഹീമോഗ്ലോബിൻ എന്നിവയുടെ പരിശോധന, സ്തനാർബുദം, ഓറൽ കാൻസർ എന്നിവയ്ക്കുള്ള സ്ക്രീനിങ് തുടങ്ങിയവ നടത്തും.
തുടർചികിത്സ ആവശ്യമുള്ളവർക്ക് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ എന്നിവരിലൂടെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം
ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീ ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അധ്യക്ഷനായി.
ജില്ലാ സർവയലൻസ് ഓഫിസർ ഡോ.ബി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം രാജേന്ദ്രൻ പയ്യാടക്കത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ടി.എ.രാജ്മോഹൻ, എച്ച്ഡബ്ല്യുസി നോഡൽ ഓഫിസർ ഡോ.ധന്യ ദയാനന്ദ്, ഡപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ പി.പി.ഹസീബ്, ജില്ലാ എംസിഎച്ച് ഓഫിസർ പി.ഉഷ, ഡിപിഎച്ച്എൻ എം.ശാന്ത, നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത് സി.ഫിലിപ്പ് ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. കെ.കെ.ഷാന്റി, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]