
കാസർകോട് ∙ 2 മാസത്തിനിടെ ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 4 റാഗിങ് കേസുകൾ. പ്രതികളായത് 24 കുട്ടികൾ.
വിദ്യാർഥികൾ ചേർന്നു നടത്തിയതായി റിപ്പോർട്ട് ചെയ്ത അക്രമസംഭവങ്ങൾ ഇതിലുമെത്രയോ ഇരട്ടി. ഹയർസെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചതോടെയാണ് സ്കൂളുകളിൽ സംഘർഷങ്ങളുടെയും തുടക്കം.
റാഗിങ്ങിന്റെ പേരിൽ അതിക്രൂരമായ അക്രമങ്ങളാണ് പലയിടത്തും നടക്കുന്നത്. സ്കൂളുകളിൽ അശാന്തിയുടെ വിത്തുപാകി വിദ്യാർഥി സംഘർഷങ്ങൾ വർധിക്കുന്നതിനു പുറമേ സ്കൂൾ കോംപൗണ്ടുകൾവിട്ട് തെരുവുകളിലേക്കും സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ പലയിടത്തും പൊലീസ് ഇടപെടേണ്ട
സ്ഥിതി. വിരലിലെണ്ണാവുന്ന ചിലരാണ് എല്ലായിടത്തും ഇത്തരം പ്രശ്നങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പക്ഷേ എല്ലാ കുട്ടികളുടെയും ഭാവിയെക്കൂടിയാണ് ഇത് ബാധിക്കുന്നത്.
സഹപാഠിയെ ചവിട്ടി നിലത്തിടുന്നവർ !
ആദൂർ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിയെ ക്ലാസ് തുടങ്ങി രണ്ടാംദിവസം ചവിട്ടി നിലത്തിട്ടശേഷം ബെഞ്ച് എടുത്തിട്ട് കയ്യൊടിച്ചു. സീനിയർ വിദ്യാർഥികൾ സംഘംചേർന്ന് ജൂനിയർ വിദ്യാർഥികളെ മർദിക്കുന്ന സ്ഥിതി. കഴിഞ്ഞ ഒരുമാസത്തിനിടെ ബോവിക്കാനം, മുള്ളേരിയ, വെള്ളരിക്കുണ്ട് ടൗണുകളിൽ പ്ലസ്വൺ വിദ്യാർഥികൾക്കുനേരെ സംഘം ചേർന്ന് സീനിയർ വിദ്യാർഥികളുടെ മർദനമുണ്ടായി.
ഭൂരിഭാഗം സ്ഥലങ്ങളിലും ആൺകുട്ടികളാണ് പ്രശ്നമുണ്ടാക്കുന്നതെങ്കിൽ ചില സ്ഥലങ്ങളിൽ പെൺകുട്ടികളും പിന്നിലല്ല.
വിദ്യാർഥി സംഘടനകളെ വെല്ലും ‘ഗ്യാങ്ങു’കൾ
കുട്ടികൾ സ്കൂളിലേക്കുപോയി തിരിച്ചു വീട്ടിലെത്തുന്നതുവരെ പല രക്ഷിതാക്കളുടെയും മനസ്സിൽ തീയാണ്. വിദ്യാർഥി സംഘടനകൾ തമ്മിലാണ് മുൻപൊക്കെ സംഘർഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഗ്യാങ്ങുകളുടെയും ക്ലാസുകളുടെയും പേരിൽ ചേരിതിരിഞ്ഞാണ്.
റീൽസിനുവേണ്ടി ദയയില്ലാതെ !
സമൂഹമാധ്യമങ്ങളിൽ റീൽസ് ഇടാനും സ്റ്റാറ്റസ് ഇടാനും വേണ്ടിയാണ് ഈ ആക്രമണങ്ങളിൽ ഭൂരിഭാഗവും. വളരെ നിസ്സാര കാരണങ്ങൾ പറഞ്ഞാണ് അടിപിടിയുടെ തുടക്കം.
മൊബൈൽ ഫോൺ ക്യാമറയിൽ റെക്കോർഡ് ചെയ്തുകൊണ്ടാണ് അടിക്കുന്നതും ഭീഷണിയുമൊക്കെ. ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്ത ശേഷം പൊലീസ് കുട്ടികളുടെ ഫോൺ പരിശോധിച്ചപ്പോൾ പരാതിയിൽ പറഞ്ഞതിനേക്കാൾ ക്രൂരമായ മർദനത്തിന്റെ വിഡിയോയാണ് ലഭിച്ചത്.
ഇതിലെ പ്രതികളിൽ 2 പേർക്ക് പ്രായപൂർത്തിയായതിനാൽ അവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവർ ജാമ്യം എടുത്ത് സ്റ്റേഷന്റെ പുറത്തേക്കിറങ്ങുന്നതും റീൽസ് ആക്കി!.
അതും പിറ്റേന്ന് പൊലീസിന് ലഭിച്ചു.
സിനിമകളും വില്ലന്മാർ
അടുത്തിടെ പുറത്തിറങ്ങിയ വയലൻസ് നിറഞ്ഞ ചില സിനിമകളും കുട്ടികളിലെ അക്രമവാസന വർധിക്കാൻ കാരണമായതായി മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ തലച്ചോറിന്റെ വളർച്ച പാകപ്പെടുന്ന പ്രായമാണ് 12–18 വയസ്സുവരെയുള്ള കാലം.
ഈ സമയത്ത് ഇത്തരം സിനിമകൾ കാണുമ്പോൾ അതിലെ കാഴ്ചകളും സംഭാഷണങ്ങളും അവരെ കാര്യമായി സ്വാധീനിക്കും. ഇത് കുട്ടികളിൽ അക്രമവാസന വളർത്തുകയും സഹജീവികളോടുള്ള അനുകമ്പ കുറയ്ക്കുകയും ചെയ്യും.
ദേഷ്യം, വാശി, വസ്തുക്കൾ നശിപ്പിക്കൽ, മറ്റുള്ളവരെ ഉപദ്രവിക്കൽ എന്നിവ ആരംഭിക്കുകയും അത് സ്വയം ആസ്വദിക്കുകയും ചെയ്യും.
കൂട്ടിന് വിഡിയോ ഗെയിമും
കാസർകോട് നഗരത്തിൽ ഇങ്ങനെ ജൂനിയർ വിദ്യാർഥികളെ ആക്രമിച്ച ഒരുസംഘം വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ കുട്ടികൾ ഒരു കൊറിയൻ വിഡിയോ ഗെയിം അനുകരിച്ചാണ് പ്ലസ് വൺ വിദ്യാർഥിയെ ആക്രമിച്ചതെന്നായിരുന്നു മറുപടി.
ബസ്സിലെ റാഗിങ് !
പൈക്ക സ്വദേശിയായ പതിനാറുകാരൻ പഠിക്കുന്നത് 15 കിലോമീറ്റർ അപ്പുറത്തുള്ള സർക്കാർ സ്കൂളിലാണ്. പ്ലസ് വൺ ക്ലാസ് തുടങ്ങി ആദ്യദിനംതന്നെ സീനിയർ വിദ്യാർഥികൾ അടിതുടങ്ങി.
രാവിലെ ബസ് കയറുമ്പോൾ ബസിനുള്ളിൽനിന്ന് തുടങ്ങും. ടൗണിൽ ബസിറങ്ങുമ്പോൾ അവിടെയുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി മർദിക്കും.
പലരീതിയിലുള്ള ക്രൂരമായ പ്രവൃത്തികളും. ഇങ്ങനെ ഒരുമാസത്തോളം ആവർത്തിച്ചപ്പോൾ കുട്ടി പിതാവിനോട് പഠനം നിർത്തുകയാണെന്ന് പറഞ്ഞു. കൂലിപ്പണിക്കാരനായ രക്ഷിതാവ് ആക്രമണം നടത്തുന്ന മുഴുവൻ കുട്ടികളുടെയും വീട്ടിൽപോയി അവരോട് അപേക്ഷിച്ചു.
അതുകൊണ്ടും കാര്യമുണ്ടാകാതെ വന്നപ്പോൾ സഹികെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
റാഗിങ് ട്രെയിനിലും, പഠനം നിർത്തി 3 വിദ്യാർഥികൾ
ട്രെയിനിലെ റാഗിങ് കാരണം മംഗളൂരുവിൽ ബിബിഎയ്ക്കു പഠിക്കുന്ന കാഞ്ഞങ്ങാട്ടെ 3 വിദ്യാർഥികൾ ഈയിടെ പഠനം നിർത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുക്കുകയും ചെയ്തു.
കാസർകോട്ടെ വിദ്യാർഥികളെ മംഗളൂരുവിലെ കോളജുകളിൽ ആക്രമിക്കുന്നതും കാസർകോട്ടെ സീനിയർ വിദ്യാർഥികൾതന്നെ. പഠനം നിർത്തിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഫീസും തിരികെ നൽകാൻ കോളജ് തയാറായതുമില്ല.
റാഗിങ് സംബന്ധിച്ച് നേരത്തേ പരാതി ഉണ്ടായിരുന്നതിനാൽ നേരത്തേ ട്രെയിനുകളിൽ ലോക്കൽ പൊലീസും പരിശോധന നടത്തിയിരുന്നു. ഇടയ്ക്കു നിന്നുപോയ പരിശോധന പുതിയ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പുനരാരംഭിച്ചിട്ടുണ്ട്.
സ്കൂളുകളിലെ അക്രമസംഭവങ്ങളിലെല്ലാം കേസ് റജിസ്റ്റർ ചെയ്യാൻ എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റാഗിങ് വകുപ്പ് ചേർക്കാൻ കഴിയുന്ന കേസുകളിൽ സ്കൂൾ അധികൃതരോട് റിപ്പോർട്ട് തേടി അത് ഉൾപ്പെടുത്തും. ഇതിൽ ഒരു വിട്ടുവീഴ്ചയും പൊലീസ് ചെയ്യില്ല.
അതോടൊപ്പം ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് സ്കൂൾ അധികൃതർക്ക് ബോധവൽക്കരണവും നൽകുന്നുണ്ട്. ട്രെയിനിലെ റാഗിങ് തടയാൻ റെയിൽവേ പൊലീസിനൊപ്പം ചേർന്ന് ചെറുവത്തൂർ മുതൽ മഞ്ചേശ്വരംവരെ സംയുക്ത പരിശോധനയും ആരംഭിക്കും.
വിജയ ഭരത് റെഡ്ഡി, ജില്ലാ പൊലീസ് മേധാവി
നിയമം കർശനം
റാഗിങ് കേസുകളിൽ 2 വർഷത്തേക്ക് പഠനവിലക്ക് അടക്കമാണ് നിയമവ്യവസ്ഥ.
പിന്നീട് കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് ശിക്ഷ കൂടും. റാഗിങ്ങിനെതിരെ ശക്തമായ നിയമം ഉണ്ടെങ്കിലും പലപ്പോഴും കുട്ടികളുടെ ഭാവിയെക്കരുതി സ്കൂൾ അധികൃതരും പൊലീസും ഉപയോഗിക്കാറില്ല.
ഇതാണ് അക്രമം നടത്തുന്നവർക്ക് വളമാകുന്നതും. ഏതെങ്കിലും വിദ്യാർഥിയോ രക്ഷിതാവോ അധ്യാപകനോ റാഗിങ്ങിനെക്കുറിച്ച് സ്ഥാപനമേധാവിക്ക് രേഖാമൂലം പരാതി നൽകിയാൽ പരാതി ലഭിച്ച് 7 ദിവസത്തിനുള്ളിൽ അന്വേഷിച്ച് പ്രഥമദൃഷ്ട്യാ കുറ്റംകണ്ടെത്തിയാൽ കുറ്റാരോപിതനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും തുടർ നടപടികൾക്കായി സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയയ്ക്കുകയും വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]