
കോട്ടിക്കുളം∙ സംസ്ഥാനപാത ഉൾപ്പെടെ കടൽ എടുക്കാൻ സാധ്യതയുള്ള തൃക്കണ്ണാട് കോട്ടിക്കുളം തീരത്ത് കടലേറ്റം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി.രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിയെ സന്ദർശിച്ച എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ എന്നിവർ മന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. വലിയ നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രം അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു ഉദ്യോഗസ്ഥർക്കു നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.
∙ പുതുക്കിയ എസ്റ്റിമേറ്റ് :
കോട്ടിക്കുളം കൊടുങ്ങല്ലൂരമ്മ മന്ദിരം, സമീപത്തെ കട, ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കു ഇറിഗേഷൻ വകുപ്പ് നേരത്തെ നൽകിയിരുന്ന 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് 25 ലക്ഷം രൂപയായി പുതുക്കി സമർപ്പിച്ചിട്ടുണ്ട്.
65 മീറ്റർ നീളത്തിൽ 7.25 മീറ്റർ മുതൽ രണ്ടു മീറ്റർ വരെ വീതിയിലും മൂന്നര മീറ്റർ ഉയരത്തിലും കരിങ്കല്ല് പാകാനുള്ളതാണ് പദ്ധതി. 1883.7 മെട്രിക് ടൺ കരിങ്കല്ലാണ് ആവശ്യം.
ഒരു കരിങ്കല്ല് 300 മുതൽ 1000 കിലോഗ്രാം വരെ ഭാരം ഉണ്ടാകും. രണ്ടാഴ്ച മുൻപാണ് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയത്.
പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു കിട്ടിയാൽ ക്വട്ടേഷൻ വിളിച്ചു കരാർ നൽകാൻ കഴിയും. പണം കിട്ടുന്നതിനുള്ള നടപടികളിലെ ഉൾപ്പെടെയുള്ള കാലതാമസമാണ് ഇപ്പോഴുള്ള തടസ്സം.
മന്ത്രി 25 ലക്ഷം രൂപ അനുവദിക്കുമെന്നുറപ്പു നൽകിയ സാഹചര്യത്തിൽ വൈകില്ല എന്നാണ് പ്രതീക്ഷ. തീരം സംരക്ഷിക്കാൻ സ്വന്തം നിലയിലുള്ള സന്നദ്ധ പ്രവർത്തനവും സമരവും ഉൾപ്പെടെ സംഘടിപ്പിച്ച നാട്ടുകാർ സർക്കാർ തലത്തിൽ കരിങ്കല്ല് ഇറക്കി കടലേറ്റം ചെറുക്കാനുള്ള പ്രതിരോധവും കാത്തുകഴിയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]