
കാഞ്ഞങ്ങാട്∙ അജാനൂർ കടപ്പുറത്ത് കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ 25 ലക്ഷം അനുവദിച്ചു. കടലേറ്റത്തിൽ വീടുകൾക്കും മീനിറക്കു കേന്ദ്രത്തിനും ഭീഷണിയുണ്ട്.
500 മീറ്റർ കടൽഭിത്തി പൂർണമായി തകർന്നു. മീനിറക്കു കേന്ദ്രത്തിലേക്കുള്ള റോഡും കടലെടുത്തു. പഞ്ചായത്ത് റോഡ് സംരക്ഷിക്കാനായി നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും കടലേറ്റത്തിൽ തകർന്നു.
ചിത്താരി പുഴ ഗതിമാറി ഒഴുകുന്നതിനാൽ മീനിറക്കു കേന്ദ്രവും അപകടാവസ്ഥയിലാണ്. കടലേറ്റം രൂക്ഷമായി റോഡും തെങ്ങുകളും കടലെടുത്തപ്പോൾ തന്നെ അജാനൂർ പഞ്ചായത്ത് ഭരണസമിതിയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. ഇ.ചന്ദ്രശേഖരൻ എംഎൽഎയും സ്ഥലം സന്ദർശിച്ച് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കടലേറ്റം തടയാനായി 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഈ എസ്റ്റിമേറ്റിന് ആണ് സർക്കാർ അനുമതി നൽകിയത്.
തുക അനുവദിച്ചതോടെ വീടുകൾക്ക് കേടുപാടുകൾ വരാതെ കടലേറ്റം തടയാനുള്ള അടിയന്തര നടപടി തുടങ്ങാനാണ് ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം.
കടൽഭിത്തിക്ക് പകരം ജിയോ ട്യൂബ്
∙കടൽഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കാനാണ് നീക്കം. ആദ്യം ചിത്താരി പുഴ ഗതിമാറി ഒഴുകി അപകടാവസ്ഥയിലായ മീനിറക്കു കേന്ദ്രം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി പുഴയിൽ ജിയോ ട്യൂബ് സ്ഥാപിച്ച് വടക്കുഭാഗത്ത് തുറന്നുവച്ച അഴിമുഖം വഴി പുഴവെള്ളം കടലിലേക്ക് വഴിതിരിച്ചു വിടും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വടക്കുഭാഗത്തായി നേരത്തെ അഴിമുഖം തുറന്നിരുന്നു.
എന്നാൽ പുഴ ഗതിമാറി മീനിറക്കുകേന്ദ്രത്തിന് സമീപത്തു കൂടി ഒഴുകുകയായിരുന്നു. പുഴയുടെ ഗതിമാറ്റി മീനിറക്കുകേന്ദ്രത്തെ സുരക്ഷിതമാക്കിയ ശേഷം മറ്റു ഭാഗങ്ങളിൽ കൂടി ജിയോ ട്യൂബ് സ്ഥാപിക്കും.
കടൽഭിത്തി തകർന്നു കല്ലുകൾ കൂടിക്കിടക്കുന്ന ഭാഗത്ത് ആദ്യഘട്ടത്തിൽ ജിയോ ട്യൂബ് സ്ഥാപിക്കില്ല. കടലേറ്റത്തിൽ തകർന്ന റോഡിന്റെ ഭാഗത്തും വീടുകൾക്ക് ഭീഷണിയുള്ള ഭാഗത്തുമാണ് ആദ്യം സ്ഥാപിക്കുക.
ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു. ഇന്നുതന്നെ ജോലികൾ ആരംഭിക്കാനാണ് നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]