നീലേശ്വരം∙ ബാനം ഗവ. ഹൈസ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്ക് വർണാഭമായ തുടക്കം.
ആദ്യ ദിനം മത്സരങ്ങൾ അവസാനിക്കുമ്പോൾ 124 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ലാ മുന്നിട്ടുനിൽക്കുന്നു. 99 പോയിന്റോടെ കാസർകോട് ഉപജില്ലാ തൊട്ടുപിന്നിലുണ്ട്.
70 പോയിന്റുമായി ചെറുവത്തൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളുടെ പോയിന്റ് നിലയിൽ 56 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിട്ടു നിൽക്കുന്നത്.
18 പോയിന്റോടെ കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ 2ാം സ്ഥാനത്തും, 13 പോയിന്റോടെ കൊളത്തൂർ ഗവ.
ഹൈസ്കൂൾ 3ാം സ്ഥാനത്തുമുണ്ട്. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കുട്ടമത്ത് ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ സോന മോഹൻ ജൂനിയർ ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ അവസാന ദിവസം പങ്കെടുക്കും. ഈ ഇനങ്ങളിൽ മറ്റു താരങ്ങൾ ഇന്നലെ തന്നെ മത്സരങ്ങൾ പൂർത്തിയാക്കിയെങ്കിലും സോന മോഹൻ കൂടി പങ്കെടുത്ത ശേഷമാകും ഫലപ്രഖ്യാപനം.
മേളയിൽ മാറ്റുരയ്ക്കുന്ന കായിക താരങ്ങളുടെ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ച ശേഷം ഇ.ചന്ദ്രശേഖരൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കോടോം–ബേളൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ വി.എസ്.ബിജുരാജ്, കാസർകോട് ഡിഡിഇ പി.സവിത, ഹൊസ്ദുർഗ് എഇഒ കെ.സുരേന്ദ്രൻ, സ്പോർട്സ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, ബാനം സ്കൂൾ പ്രധാനാധ്യാപിക സി.കോമളവല്ലി, സി.കെ.അനൂപ്, ബാനം കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വേഗതാരങ്ങൾ ഇവർ
നീലേശ്വരം ∙ ജില്ലാ സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എടനീർ സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂളിലെ എ.എം.അബ്ദുൽ ഖാദർ അഫ്നാനും (11.37 സെക്കന്റ്) പെൺകുട്ടികളുടെ വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.കെ.ശ്രീലക്ഷ്മിയും (14.6 സെക്കന്റ്) വേഗമേറിയ താരങ്ങളായി.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേശ്വരം അൽസഖാഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കെ.ആയിഷത്ത് ഷഹലയും (13.43 സെക്കന്റ്) ആൺകുട്ടികളുടെ വിഭാഗത്തിൽ പൈവളിഗെ നഗർ ജിഎച്ച്എസ്എസിലെ ഇബ്രാഹിം അഫ്നാസും(11.52 സെക്കന്റ്) സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊളത്തൂർ ഗവ. ഹൈസ്കൂളിലെ ശ്രീനിധി ആർ.നായരും(14.36 സെക്കന്റ്) ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സി.സൂരജുമാണ് (12.4 സെക്കന്റ്) വേഗ താരങ്ങൾ.
ആദ്യദിനം പിറന്നത് 5 മീറ്റ് റെക്കോർഡുകൾ
നീലേശ്വരം ∙ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം പിറന്നത് 5 മീറ്റ് റെക്കോർഡുകൾ.
ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ 6.49 മീറ്റർ ചാടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ ശ്രീരാഗ് കൃഷ്ണയാണ് പുതിയ റെക്കോർഡിനുടമയായത്. 6 മീറ്ററാണ് ഈയിനത്തിൽ നിലവിലെ റെക്കോർഡ്.
ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ പുല്ലൂർ ഉദയനഗർ ഹൈസ്കൂളിലെ ജി.എസ്.അമേയയാണ് (1.38 മീറ്റർ) റെക്കോർഡിട്ടത്. 1.37 മീറ്ററായിരുന്നു നിലവിലെ റെക്കോർഡ്.
സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ 1.70 മീറ്റർ ചാടി പൈവളിഗെ നഗർ ജിഎച്ച്എസ്എസിലെ സൈദ് മുഹമ്മദ് സെയ്ദ് തങ്ങളും (നിലവിൽ 1.68 മീറ്റർ) സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ 1.35 മീറ്റർ ചാടി ചെർക്കള സെൻട്രൽ ജിഎച്ച്എസ്എസിലെ കെ.ടി.അസ്ഹ ഷാനും (നിലവിൽ 1.31 മീറ്റർ) പുതിയ റെക്കോർഡുകളിട്ടു. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പ്രഥ്വിൻ പ്രഭു (1.40.57 സെക്കൻഡ്) പുതിയ റെക്കോർഡിനുടമയായി.
നിലവിൽ 1.41.81 സെക്കൻഡാണ് ഈയിനത്തിലെ റെക്കോർഡ്.
താരങ്ങൾക്ക് ആശ്വാസമേകി സ്പോർട്സ് ആയുർവേദ ടീം
നീലേശ്വരം ∙ ജില്ലാ സ്കൂൾ കായികമേളയിൽ ഇതാദ്യമായി താരങ്ങൾക്ക് സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീമിന്റെ സേവനവും. കാസർകോട് ഗവ.
ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരുക്കേറ്റ കായികതാരങ്ങൾക്ക് സൗജന്യസേവനം ലഭ്യമാക്കുന്നത്. ദേശീയ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്ത പദ്ധതിയാണ് സ്പോർട്സ് ആയുർവേദ.
സ്പോർട്സ് ആയുർവേദ പ്രോജക്ട് മെഡിക്കൽ ഓഫിസർ ഡോ. ജ്യോതി രാഗയുടെ നേതൃത്വത്തിൽ ഡോ.
പ്രവീൺ, തെറപ്പിസ്റ്റ് അരുൺലാൽ എന്നിവരാണ് താരങ്ങൾക്ക് മെഡിക്കൽ സേവനവുമായി സ്റ്റേഡിയത്തിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]