കാസർകോട് ∙ ജനവിധി പ്രഖ്യാപനത്തിനുശേഷവും ജില്ലാ പഞ്ചായത്ത് ഭരണം മാറിമറിയുമോ എന്ന ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു കാസർകോട്. പുത്തിഗെ ഡിവിഷനിൽ യുഡിഎഫും ബേക്കൽ ഡിവിഷനിൽ എൽഡിഎഫും വിജയിച്ചതിൽ പരാതിയെത്തുടർന്നു ജില്ലാ വരണാധികാരിയായ കലക്ടർ വീണ്ടും വോട്ടെണ്ണലിന് ഉത്തരവിട്ടപ്പോൾ ആശയക്കുഴപ്പമായി.
എന്നാൽ ഇന്നലെ വീണ്ടും വോട്ടെണ്ണിയപ്പോൾ ഫലം മാറ്റമില്ലെന്നു വന്നതോടെ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. കഴിഞ്ഞ രണ്ടുതവണയും ബിജെപി ജയിച്ച പുത്തിഗെ ഡിവിഷൻ ഡിസിസി ജനറൽ സെക്രട്ടറി ജെ.എസ്.സോമശേഖര 418 വോട്ട് ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചതോടെ യുഡിഎഫ് ഭരണത്തിലേക്കു നീങ്ങുമെന്ന പ്രതീക്ഷ കൈവന്നിരുന്നു.
എന്നാൽ പുതിയതായി നിലവിൽവന്ന ബേക്കൽ ഡിവിഷൻ 267 വോട്ട് ഭൂരിപക്ഷത്തിൽ സിപിഎമ്മിന്റെ ടി.വി.രാധിക നേടിയതോടെ എൽഡിഎഫിനു ഭരണം നിലനിർത്താനായി.
ദേലംപാടി, ചെങ്കള ഡിവിഷനുകൾ എൽഡിഎഫിനു നഷ്ടപ്പെട്ടപ്പോൾ ബേക്കൽ ഡിവിഷനാണു ഭരണം നിലനിർത്താൻ സഹായമായത്. എൽഡിഎഫ് –9, യുഡിഎഫ് –8, എൻഡിഎ –1 എന്ന സീറ്റ് നില സ്ഥിരീകരിച്ചതോടെയാണു യുഡിഎഫ് ഭരണത്തിലേറുമോയെന്ന എൽഡിഎഫിന്റെ ആശങ്ക അകന്നത്.
ഒറ്റ സീറ്റ് ബലത്തിലാണ് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണത്തുടർച്ചയിലേക്കു നീങ്ങുന്നതെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ യുഡിഎഫ് 8, ബിജെപി 1 എന്ന നിലയിൽ മറുഭാഗത്തു പ്രതിപക്ഷമുള്ളതിനാൽ ഭരണകക്ഷി നിലയിൽ ഏറെ പണിപ്പെടേണ്ടി വരും.
യുഡിഎഫും ബിജെപിയും ഒന്നിച്ചു നിൽക്കില്ലെന്നതിനാൽ ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞേക്കും. കഴിഞ്ഞതവണയും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിൽനിന്നു എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.
യുഡിഎഫിനു ദേലംപാടി ഡിവിഷൻ നഷ്ടമായെങ്കിലും ചെങ്കള ഡിവിഷൻ തിരിച്ചു പിടിച്ചതും പുത്തിഗെ ഡിവിഷൻ നേടിയതും ഈ തിരഞ്ഞെടുപ്പിൽ ഇമേജ് നിലനിർത്താൻ സഹായകരമായി.
ബിജെപിയിലെ ഒരു വിഭാഗത്തിന്റെ കൂടി വോട്ട് യുഡിഎഫിനു ലഭിച്ചതും സാമുദായികമായ ചേരിതിരിവുമാണ് യുഡിഎഫിനെ പുത്തിഗെയിൽ ഒന്നാമതെത്തിക്കുകയും എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുന്നതിനും ഇടയാക്കിയതെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ പറയുന്നത്. പുത്തിഗെ നഷ്ടമായത് എൻഡിഎയുടെ കഴിഞ്ഞ തവണത്തെ 2 സീറ്റിൽ ഒരു സീറ്റ് കുറച്ചത് എൽഡിഎഫിനും ആശ്വാസമായി.
ജില്ലാ പഞ്ചായത്തിൽ വോട്ട് കണക്കിൽ മുന്നിൽ യുഡിഎഫ്
∙ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലായി വിവിധ മുന്നണികളിലെ സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് നില കൂട്ടിയാൽ യുഡിഎഫിനാണു ഭൂരിപക്ഷം.
2,79,926 വോട്ട് നേടി. എൽഡിഎഫ് – 232,305, എൻഡിഎ – 131,175 വോട്ടുകൾ നേടി.
16 പുതുമുഖങ്ങൾ
∙അധികാരമേൽക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്കു യുഡിഎഫിലെ പി.ബി.ഷഫീഖ് (മുസ്ലിം ലീഗ്), പിലിക്കോട് ഡിവിഷനിൽനിന്നു ജയിച്ച എം.മനു (ആർജെഡി) എന്നിവർ തുടർച്ചയായി രണ്ടാം തവണയാണ് എത്തുന്നത്.
മറ്റ് 16 പേരും പുതുമുഖങ്ങളാണ്.
2 മണ്ഡലങ്ങളിൽ എൽഡിഎഫിന് പ്രതിനിധിയില്ല
∙മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽനിന്ന് എൽഡിഎഫിന് ഇക്കുറിയും ജില്ലാ പഞ്ചായത്ത് അംഗങ്ങളില്ല. യുഡിഎഫിന്റെ കോട്ടയായി തുടരുന്നു. 1995ൽ നിലവിൽവന്ന ജില്ലാ പഞ്ചായത്തിൽ ആദ്യ പ്രസിഡന്റായി അധികാരത്തിലേറിയതു യുഡിഎഫിന്റെ മഞ്ചേശ്വരം സി.അഹമ്മദ് കുഞ്ഞിയാണ്.
തുടർന്ന് 2000ൽ ഇ.പത്മാവതി (സിപിഎം), 2005ൽ എം.വി.ബാലകൃഷ്ണൻ (സിപിഎം), 2010 പി.പി.ശ്യാമളാദേവി (സിപിഎം), 2015 എ.ജി.സി.ബഷീർ (മുസ്ലിംലീഗ്), 2020 ബേബി ബാലകൃഷ്ണൻ (സിപിഎം) എന്നിവരായിരുന്നു ഭരണസാരഥികൾ. 2005 –2010 ഭരണത്തിൽ അവസാനകാലത്ത് ആറു മാസത്തോളം പി.ബി.ഷഫീഖിന്റെ പിതാവ് പരേതനായ മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നു.
സാബു ഏബ്രഹാം പ്രസിഡന്റാവും
എൽഡിഎഫ് ഭരണസാരഥ്യം വഹിക്കുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരത്തിലെത്തുന്നതു കുറ്റിക്കോൽ ഡിവിഷനിൽനിന്നു ജയിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ സാബു ഏബ്രഹാം ആയിരിക്കും.
വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നതു പെരിയ ഡിവിഷനിൽനിന്നു ജയിച്ച സിപിഐ അംഗം കെ.കെ.സോയ ആയിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

