
തോൽവിയില്ലാത്ത കേരളകേസരി ‘‘ബ്രിട്ടിഷ് ഭരണത്തെ കെട്ടുകെട്ടിക്കണം. അതിനാവില്ലെങ്കിൽ സ്വയം നശിച്ച് അന്യർക്കു മാതൃകയാകണം’’– സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വടക്കേ മലബാറിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മുൻനിരക്കാരനായിരുന്ന മൊയാരത്ത് ശങ്കരന്റെ വാക്കുകളാണിത്.
പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളുടെ മറ്റൊരു രൂപം. സ്വാതന്ത്ര്യസമര പോരാളികളുടെ സിരകളെ ആവേശംകൊള്ളിക്കാൻ ഇതിലും വലിയൊരാഹ്വാനം വേറെയുണ്ടാകില്ല. വരുംതലമുറയുടെ സ്വതന്ത്രജീവിതം സ്വപ്നം കണ്ട
മൊയാരത്തിന് സ്വാതന്ത്ര്യാനന്തരം കണ്ണൂർ നൽകിയത് അക്ഷരങ്ങൾകൊണ്ടുള്ള സ്മാരകം. മൊയാരത്ത് ശങ്കരന്റെ ഓർമകൾ നിലനിൽക്കുന്ന അക്ഷരഗോപുരമാണു തെക്കി ബസാറിലെ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി.
കേരളകേസരി
വടകര കേന്ദ്രീകരിച്ചായിരുന്നു മൊയാരത്തിന്റെ പ്രവർത്തനം.
കേരളകേസരി എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ ഓഫിസായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആസ്ഥാനം. ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ മലബാറിൽ അതിന്റെ പ്രവർത്തനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് കേരളകേസരിയുടെ ഓഫിസിൽ വച്ചായിരുന്നു. ഉപ്പു സത്യഗ്രഹം പയ്യന്നൂരിൽ നടത്താനുള്ള പദ്ധതിയെല്ലാം തീരുമാനിക്കുന്നതിൽ മൊയാരത്ത് മുഖ്യപങ്കുവഹിച്ചു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 50ാം വർഷത്തിൽ അതിന്റെ ചരിത്രം രചിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയതും മൊയാരത്തിനെയായിരുന്നു. പിന്നീട് അദ്ദേഹം കോൺഗ്രസ് വിട്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.
പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി.
ജയിലിൽ മരണം
രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള ഭക്ഷ്യക്ഷാമത്തിൽ ജന്മിമാരുടെ പൂഴ്ത്തിവയ്പ്പിനെതിരെ പോരാടി. ബ്രിട്ടിഷ് പൊലീസ് പിടിയിലായ മൊയാരത്ത് തിരൂരിൽ ജയിലിലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണു ജയിലിൽനിന്നു മോചിതനായത്. കമ്യൂണിസ്റ്റുകാർക്കെതിരെ നടന്ന പൊലീസ് വേട്ടയാടലിൽ 1948 മേയ് 11ന് രാത്രി കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പോകുമ്പോൾ പൊലീസ് പിടിയിലായി. ചൊക്ലിയിലെ വീട്ടിൽനിന്നു ചെമ്പിലോട്ടു ഭാര്യയുടെ വീട്ടിലേക്കു പോകുകയായിരുന്നു.
പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. 13ന് അദ്ദേഹം ജയിലിൽ മരിച്ചെന്നും സംസ്കാരം നടത്തിയെന്നുമാണ് പിന്നീടു ബന്ധുക്കൾക്കു വിവരം ലഭിക്കുന്നത്.
മൃതദേഹം പോലും വിട്ടുകിട്ടിയില്ല.
ഓർകളുണ്ടാകണം
മൊയാരത്തിന്റെ സ്മരണ നിലനിർത്താൻ കണ്ണൂരിൽതന്നെ എന്തെങ്കിലും വേണമെന്നു തീരുമാനിച്ചത് സ്വാതന്ത്ര്യസമര സേനാനി പരിയാരം കിട്ടേട്ടന്റെ നേതൃത്വത്തിലുള്ള ജില്ലാ ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷനാണ്. അസോസിയേഷൻ പ്രസിഡന്റ് ടി.സി.നാരായണൻ നമ്പ്യാർ ഈ ആവശ്യമുന്നയിച്ച് സർക്കാരിലേക്കു കത്തെഴുതി. കണ്ണൂർ സബ് ജയിലിനു സമീപം സർക്കാർ 3 സെന്റ് സ്ഥലം നൽകി.
2003 സെപ്റ്റംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര പെൻഷൻ ലഭിച്ചിരുന്നവർ ഒരു മാസത്തെ വരുമാനം കെട്ടിടനിർമാണത്തിലേക്കു നൽകി. 2015ൽ ആണ് ഇവിടെയൊരു ലൈബ്രറി സ്ഥാപിക്കണമെന്ന് സ്മാരകസമിതി തീരുമാനിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെല്ലാം പുതുതലമുറയുടെ ഓർമകളിൽനിന്നു പടിയിറങ്ങിപ്പോകുന്നതുകണ്ടാണ് അങ്ങനെയൊന്ന് മൊയാരത്തിനുണ്ടാകരുതെന്നു കരുതി പുല്ലായ്ക്കൊടി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്.
തെളിഞ്ഞ് ചരിത്രം
ഇപ്പോൾ നാലായിരത്തിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.
ചരിത്രകാരൻ കെ.കെ.എൻ.കുറുപ്പ് സമ്മാനിച്ച ചരിത്രപുസ്തകങ്ങളാണു ലൈബ്രറിയുടെ മുതൽക്കൂട്ട്. ഈ പുസ്തകങ്ങളാണു ചരിത്രവിദ്യാർഥികൾ റഫറൻസിനായി ഉപയോഗിക്കുന്നത്.
വൈകിട്ട് 3 മുതൽ 6 വരെയാണു ലൈബ്രറിയുടെ പ്രവർത്തന സമയം. മൊയാരത്തിന്റെ പേരിൽ 6 കൊല്ലമായി പ്രമുഖർക്കു പുരസ്കാരം സമ്മാനിക്കുന്നുണ്ട്.
സമരാവേശം ജ്വലിപ്പിച്ചു നിർത്തിയ പോരാളികൾ എ.സി.കണ്ണൻ നായർ; മുൻനിരപ്പോരാളി
സമ്പന്ന കുടുംബത്തിൽ ജനിച്ച് വടക്കേ മലബാറിൽ ദേശീയ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് എ.സി.കണ്ണൻ നായർ.
15–ാം വയസ്സിൽ മഹാത്മാഗാന്ധിയുടെ ജീവചരിത്രം വായിച്ച് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മലബാറിൽ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി. 1898 ജൂലൈ 8ന് ആയിരുന്നു ഏച്ചിക്കാനം ചിറക്കര തറവാട്ടിൽ എ.സി.കണ്ണൻ നായരുടെ ജനനം.
ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അയിത്തോച്ചാടന പ്രവർത്തനങ്ങളിലും ഖാദി പ്രസ്ഥാനത്തിലും മദ്യവർജനത്തിലുമെല്ലാം സജീവമായി പങ്കെടുത്തു. വിദ്വാൻ പി.കേളുനായരും കാമ്പ്രത്ത് രാമൻ എഴുത്തച്ഛനും എ.സി.കണ്ണൻ നായരും ചേർന്നാണ് കാഞ്ഞങ്ങാട് കോൺഗ്രസ് പാർട്ടി രൂപീകരിക്കുന്നത്.
1963 മാർച്ച് 27 നായിരുന്നു അദ്ദേഹം വിടവാങ്ങിയത്.
കെ.മാധവൻ; സമരപ്പോരാളികളിലെ അവസാന കണ്ണി
ഉപ്പുസത്യഗ്രഹ സമരത്തിലും ഗുരുവായൂർ സത്യഗ്രഹ സമരത്തിലും പങ്കെടുത്ത സമരവൊളന്റിയർമാരിൽ അവസാനകണ്ണിയായിരുന്നു കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ.മാധവൻ. ഏച്ചിക്കാനം തറവാട്ടിൽ 1915 ഓഗസ്റ്റ് 26ന് ആണ് മാധവൻ ജനിച്ചത്.
കോൺഗ്രസിന്റെ കാസർകോട് താലൂക്ക് സെക്രട്ടറി, കെപിസിസി അംഗം, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആദ്യത്തെ കാസർകോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കയ്യൂർ സമരം നടക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. കാസർകോട്-മലബാർ സംയോജനം, കാസർകോട്-മലബാർ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.
102–ാം വയസ്സിൽ 2016 സെപ്റ്റംബർ 25നായിരുന്നു കെ.മാധവൻ വിടവാങ്ങിയത്. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കെ.മാധവൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ നിർമിച്ച ഗുരുവായൂർ സത്യഗ്രഹ സ്മാരകം കെ.മാധവനുള്ള നാടിന്റെ ആദരം കൂടിയായി.
ഗാന്ധി കൃഷ്ണൻ നായർ; കാഞ്ഞങ്ങാടിന്റെ നായകൻ
കാഞ്ഞങ്ങാട് നഗരത്തെ ഇളക്കിമറിച്ച് ഒരു സംഘം സ്വാതന്ത്ര്യസമര പോരാളികൾ നടന്നടുത്തു.
മുൻനിരയിലായി കൃഷ്ണൻ നായരെന്ന യുവാവ്. വിദേശവസ്ത്ര ബഹിഷ്കരണം ആയിരുന്നു സമരാഹ്വാനമെങ്കിലും സ്വാതന്ത്യ്രത്തിനായുള്ള ഒരു ജനതയുടെ അടങ്ങാത്ത ദാഹം ആ സമരത്തിൽ ആളിക്കത്തി.
ഒടുവിൽ പൊലീസിന്റെ അടിപൊട്ടി. കൃഷ്ണൻ നായരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച പൊലീസ് നഗരത്തിലൂടെ അദ്ദേഹത്തെ വലിച്ചിഴച്ചു.
ഒരു കണ്ണ് അടിച്ചു തകർത്തു.
ചോരവാർന്ന് ബോധം മറഞ്ഞ സമരക്കാരെ നഗരമധ്യത്തിൽ മേൽക്കുമേലായി പൊലീസ് കൂട്ടിയിട്ടു. അതിൽ കൃഷ്ണൻ നായരുമുണ്ടായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഒരു കർഷകൻ ഉപ്പുസത്യഗ്രഹ ജാഥയിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്ത് ഒട്ടേറെത്തവണ ജയിൽവാസം അനുഷ്ഠിക്കുക, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നടത്തുകയും പന്തിഭോജനം നടത്തുക. – ഇതൊക്കെയായിരുന്നു ഗാന്ധി കൃഷ്ണൻ നായർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]