
വെള്ളരിക്കുണ്ട് ∙ കാനം രാജേന്ദ്രന്റെ അനന്തരാവകാശി എന്ന നിലയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു ബിനോയ് വിശ്വത്തിന്റെ പേരു മാധ്യമങ്ങളിലൂടെ വന്നതു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ വിമർശനം. സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നു.കാനം അന്തരിച്ചപ്പോൾ ബിനോയ് സെക്രട്ടറിയായത് അനന്തരാവകാശി എന്ന പ്രചാരണത്തിലാണ്.
ഇതു കമ്യൂണിസ്റ്റ് രീതിയാണോയെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം ബിനോയ് വിശ്വം നിർവഹിച്ചതു ശരിയായ രീതിയാണോയെന്നും പ്രതിനിധികൾ ചോദിച്ചു. ജനറൽ സെക്രട്ടറി ഡി.രാജയെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിലും വിമർശനമുയർന്നു.
പൊതുവിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടുകൾ ശക്തമായിരുന്നില്ലെന്നു തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധികൾ വിമർശിച്ചു.മറുപടി പറഞ്ഞ ദേശീയ നിർവാഹകസമിതി അംഗം പി.സന്തോഷ് കുമാർ എംപി, കാനത്തിന്റെ അനന്തരാവകാശിയായി ബിനോയ് എത്തിയെന്ന നിലയിലുള്ള പരാമർശം പാടില്ലാത്തതായിരുന്നെന്നും അതു മാധ്യമസൃഷ്ടി മാത്രമാണെന്നും പറഞ്ഞു. ബിനോയ് വിശ്വത്തെപ്പോലുള്ള സമുന്നതനായ നേതാവ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതു സ്വാഭാവികമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വളർച്ചയ്ക്കുള്ള പരിപാടികൾ കൊണ്ടുവരുന്നതിൽ നേതൃത്വത്തിന് വീഴ്ച: സിപിഐ ജില്ലാ സമ്മേളനം
വെള്ളരിക്കുണ്ട് ∙ പാർട്ടിയുടെ വളർച്ചയ്ക്ക് ഉതകുന്ന പരിപാടികൾ കൊണ്ടുവരുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് സിപിഐ ജില്ലാ സമ്മേളനം.
ലോക്കൽ സെക്രട്ടറിമാർ അടക്കമുള്ള ചില അംഗങ്ങൾ പാർട്ടി അംഗത്വം പുതുക്കിയില്ല. പാർട്ടി സെന്ററിന്റെ പ്രവർത്തനം നിർജീവം.
സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം.സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ വിമർശനത്തിന്റെ മൂർച്ചയുള്ള സ്വരമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. മണ്ഡലം കമ്മിറ്റികളുടെ അടിസ്ഥാനത്തിലാണ് പ്രതിനിധികൾക്ക് ചർച്ചയ്ക്ക് അവസരം നൽകിയത്.
25 മിനിറ്റായിരുന്നു സമയം അനുവദിച്ചത്. സമ്മേളനത്തിന് ആതിഥേയം വഹിക്കുന്ന വെള്ളരിക്കുണ്ട് മണ്ഡലത്തിൽ നിന്നാണ് ചർച്ചയുടെ തുടക്കം.മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.
2016 ലെ തിരഞ്ഞെടുപ്പിൽ മാവുങ്കാലിൽ ഉണ്ടായ സംഘർഷത്തിൽ പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരന് പരുക്കേറ്റ സംഭവത്തിൽ ബിജെപിക്കാർക്കെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഒത്ത് തീർപ്പാക്കിയതും വിമർശനത്തിന് ഇടയാക്കി. സിപിഎം കേന്ദ്രമായ പുത്തിലോട്ട് ബിജെപിയുടെ പതാക വരെ പാറുമ്പോൾ സിപിഐയുടെ കൊടി ഉയർത്താൻ കഴിയുന്നില്ല.
ഇതു ഗതികേടാണെന്നു തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രതിനിധികൾ ആരോപിച്ചു.പാർട്ടിയുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെ പരിശോധന നടത്തിയ കമ്മിഷന്റെ പരാമർശവും ചർച്ചയ്ക്ക് ഇടയാക്കി.
ആദ്യ ദിവസം 8.30ന് സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെങ്കിലും ചർച്ച രാത്രി 9 വരെ നീണ്ടു. ചർച്ചയിൽ പങ്കെടുക്കാൻ അവശേഷിച്ച മണ്ഡലത്തിലെ പ്രതിനിധികൾ ഇന്നലെയാണ് ചർച്ചയിൽ പങ്കെടുത്തത്.
ജില്ലാ കൗൺസിലിൽനിന്ന് 5 പേർ ഒഴിവായി
വെള്ളരിക്കുണ്ട് ∙ സിപിഐ ജില്ലാ കൗൺസിലിൽ 20 ശതമാനം പുതുമുഖങ്ങൾ വേണമെന്ന നിർദേശം. നിലവിലുള്ള ജില്ലാ കൗൺസിലിൽനിന്ന് 5 പേർ ഒഴിവായി.
പുതുതായി കൗൺസിലിലേക്ക് എത്തിയത് മൂന്ന് കാൻഡിഡേറ്റ് അംഗങ്ങൾ അടക്കം 6 പേർ.വെള്ളരിക്കുണ്ടിൽ സമാപിച്ച സിപിഐ ജില്ലാ സമ്മേളനത്തിലാണ് ഇനി മൂന്ന് വർഷ കാലം പാർട്ടിയെ നയിക്കാനുള്ള 38 അംഗ ജില്ലാ കൗൺസിലിനെ തിരഞ്ഞെടുത്തത്. 35 അംഗ കൗൺസിൽ അംഗങ്ങളും 3 കാൻഡിഡേറ്റ് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. 75 വയസ്സ് പിന്നിട്ട
മുതിർന്ന നേതാവ് പി.ഗോപാലൻ, എം.ഗംഗാധരൻ, തങ്കമണി, സി.ജാനു, സി.കെ ബാബുരാജ് എന്നിവരാണ് നിലവിലുള്ള കൗൺസിലിൽനിന്ന് ഒഴിവായത്. പകരം മേരി ജോർജ്, പി.മിനി, രാധാകൃഷ്ണൻ പെരുമ്പള, രവീന്ദ്രൻ മാണിയാട്ട് എന്നിവരും കാൻഡിഡേറ്റ് അംഗങ്ങളായി കെ.ആർ ഹരീഷ്, ടി.എം അബ്ദുൽ റസാഖ്, രേഖ ചിപ്പാർ എന്നിവരും കൗൺസിലിൽ എത്തി.അടുത്ത ദിവസം ചേരുന്ന കൗൺസിൽ യോഗത്തിന് ശേഷം ജില്ലാ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കും.
‘ജില്ലയിലെ ഒഴിവുകൾ ഉടൻ നികത്തണം’
വെള്ളരിക്കുണ്ട് ∙ ദേശീയപാത നിർമാണത്തിലെ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിലായി ഒഴിഞ്ഞുകിടക്കുന്ന 1500ലധികംവരുന്ന ഒഴിവുകൾ ഉടൻ നികത്തണമെന്നും സിപിഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.മറ്റു ജില്ലകളിൽ നിന്നു വരുന്ന ജീവനക്കാർ ഇതര മാർഗങ്ങൾ ഉപയോഗിച്ച് സ്ഥലംമാറ്റം നേടുന്നതും മറ്റു ജില്ലകളിൽ നിന്നു ശിക്ഷാനടപടിയുടെ ഭാഗമായി ജില്ലയിൽ നിയമനം നടത്തുന്നതും സർവീസ് മേഖലകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത്തരം നിയമനം നിർത്തലാക്കണമെന്നും യോഗം ഉന്നയിച്ചു.
ജില്ലയിലെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഉടൻ പൂർത്തിയാക്കി ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പ്രകാശ് ബാബു, പി.സന്തോഷ്കുമാർ എംപി,ഇ.ചന്ദ്രശേഖരൻ എംഎൽഎ,സംസ്ഥാന കൺട്രോളർ കമ്മിഷണർ ചെയർമാൻ സി.പി.മുരളി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വസന്തം, കെ.കെ.അഷറഫ്, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.പി.ബാബു ചർച്ചയ്ക്ക് മറുപടി നൽകി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]