കാഞ്ഞങ്ങാട് ∙ പഴമയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി മഡിയൻ കൂലോം പാട്ടുത്സവത്തിലെ കളമെഴുത്ത്. 5 ദിവസങ്ങളിലായി നടക്കുന്ന പാട്ടുത്സവത്തിൽ 4 ദിവസങ്ങളിലാണു കളമെഴുത്തും പാട്ടും നടക്കുന്നത്.
ക്ഷേത്ര നാലമ്പലത്തിനകത്ത് കാളരാത്രി അമ്മയുടെ നടയോടുചേർന്നു മഡിയൻ കുറുപ്പ് കുടുംബം തയാറാക്കുന്ന ദാരിക രൂപത്തിനു മുൻപിലെ സോപാനത്തിലാണു പ്രധാനചടങ്ങായ കളമെഴുത്തും പാട്ടും നടക്കുന്നത്.ഉത്സവനാളുകളിൽ ആദ്യദിവസം കാളരാത്രി അമ്മയുടെയും രണ്ടാം ദിവസം ക്ഷേത്രപാലകനീശ്വരന്റെയും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ കാളരാത്രിയമ്മയുടെയും രൂപങ്ങളാണു വരയ്ക്കുക.
ആദ്യദിനം പച്ച വർണത്തിലുള്ള കളവും അവസാനദിവസം കാളരാത്രി അമ്മയുടെ പൂർണരൂപത്തോടു കൂടിയ മഞ്ഞ വർണത്തിലുള്ള രൂപവും വരയ്ക്കും. പ്രകൃതിദത്തമായ പഞ്ച വർണങ്ങളാണ് കളം വരയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. ഈ അഞ്ചു വർണങ്ങൾ പഞ്ചലോഹങ്ങളെ സൂചിപ്പിക്കുന്നുവെന്നാണു പറയപ്പെടുന്നത്.
കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകനീശ്വരന്റെയും രൂപങ്ങൾ വരയ്ക്കാൻ ഒന്നര മണിക്കൂറോളം സമയം വേണ്ടിവരും. നാഗരാജാവിന്റെയും നാഗേശ്വരി ദേവിയുടെയും രൂപവും അവസാനദിവസം വരയ്ക്കും.
തുടർന്നു ദേവീദേവന്മാരെ സ്തുതിച്ച് പാട്ടും കളംപൂജയും നാഗതോറ്റവും നടത്തും.
കണ്ണൂർ ഇരിട്ടി പുന്നാട്ടെ കെ.വി.രഞ്ജിത്ത്, പ്രകാശൻ, കെ.വി.ഷാജി എന്നിവരാണു കളമെഴുതുന്നത്. പാട്ടുത്സവത്തിന്റെ ഭാഗമായി ഇന്നലെ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതിക്ഷേത്രത്തിൽ നിന്നുള്ള തെയ്യംവരവും അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തു നിന്നുള്ള തെയ്യംവരവും നടന്നു. ഇന്നു രാവിലെ പുറത്ത് എഴുന്നള്ളത്ത്, കലശപൂജ, രാത്രി പുറത്ത് എഴുന്നള്ളത്ത്, കളംവരയ്ക്കൽ, കാവുപാട്ട്, നാഗകളം, നാഗത്തോറ്റം, കളംപൂജ എന്നിവ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

