
കുമ്പള ∙ വരുമോ കുമ്പളയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി? ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. നിലവിലുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മികച്ച സൗകര്യം ലഭ്യമാക്കുന്നതിനു മുൻഗണന നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കുമ്പള മേഖലയിലുള്ള ജനങ്ങൾ കാണുന്നത്.
ബ്ലോക്ക് പഞ്ചായത്ത് 14 കോടി രൂപയുടെ പദ്ധതി ഇതിനുവേണ്ടി 3 തവണ കേന്ദ്ര ഹെൽത്ത് മിഷനു സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ ക്ഷേമപദ്ധതിയിൽ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം എന്നാണ് നിബന്ധന. സംസ്ഥാന സർക്കാർ ഇതിനു തയാറാകാത്തതിനാൽ അതു നടക്കാതെപോയി. ഏറ്റവും ഒടുവിൽ സമർപ്പിച്ച 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്.
സാധാരണ ആശുപത്രിയായി പ്രവർത്തിക്കുന്നതിന് മൂന്നുനില കെട്ടിടം അടക്കമുള്ള പദ്ധതിയാണിത്.
കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാന്റ് പദ്ധതിയിൽ കേന്ദ്ര–സംസ്ഥാന സർക്കാർ വിഹിതമാണ് വിനിയോഗിക്കുന്നത്. ഇത് കിട്ടി നടപ്പിൽ വരുത്താൻ സംസ്ഥാന സർക്കാരും ബ്ലോക്ക് പഞ്ചായത്തും പ്രത്യേകമായി മുൻകയ്യെടുക്കണം.
നിലവിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയേണ്ടത്. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലാണ് കുമ്പള പഞ്ചായത്ത്.
എന്നാൽ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർകോടാണ്. അതുകൊണ്ടുതന്നെ സർക്കാർ മേഖലയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നേടാൻ എംപിയെ കൂടാതെ രണ്ട് എംഎൽഎമാരുടെയും സഹായം ലഭിക്കും.
കിടത്തിച്ചികിത്സ നിഷേധിച്ചിട്ട് രണ്ടു പതിറ്റാണ്ട്
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 1957 മുതൽ 2014 വരെ 57 വർഷം കിടത്തിച്ചികിത്സാ സൗകര്യം ഉണ്ടായിരുന്നു.
കഴിഞ്ഞ 10 വർഷത്തിലേറെയായി സൗകര്യമില്ല. സാധാരണക്കാർക്ക് ഇതിനിപ്പോൾ ആശ്രയം കാസർകോട് ജനറൽ ആശുപത്രിയോ മംഗളൂരു വെൻലോക്ക് ആശുപത്രിയോ ആണ്. അല്ലെങ്കിൽ സമീപത്തെ സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രികളാണ് ആശ്രയം.
വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ വന്നുചേരുന്ന പ്രധാന ടൗൺ ജംക്ഷനാണ് കുമ്പള. കുമ്പള പഞ്ചായത്തിനു പുറമേ മൊഗ്രാൽപുത്തൂർ, മംഗൽപാടി, പുത്തിഗെ, പൈവളിഗെ, ബദിയടുക്ക പഞ്ചായത്തുകളിൽ ഉള്ളവർക്കുകൂടി സൗകര്യമാകും ഇവിടെ കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നത്.
പഴക്കംചെന്ന കെട്ടിടം പൊളിക്കും
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് 1958 ജൂലൈ 31ന് ഉദ്ഘാടനം ചെയ്ത മഞ്ചേശ്വരം ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രമാണ് പിന്നീട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
ഇന്നും ഈ പ്രദേശത്തെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമാണിത്. ആറരപ്പതിറ്റാണ്ടു പിന്നിട്ട, ഓടിട്ട കെട്ടിടത്തിലാണ് മെഡിക്കൽ ഓഫിസ്, പകൽ കിടത്തിച്ചികിത്സ, സ്റ്റോർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളത്.
ഇതോടനുബന്ധിച്ച് ഒരുക്കിയ കെട്ടിടത്തിലാണ് ഒപി പരിശോധനാ സൗകര്യമുള്ളത്.
മികച്ച ലാബ് സൗകര്യം ഉണ്ട്. 1959 ജൂലൈ 5ന് ആണ് അന്നത്തെ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജ് അക്കാദമി ഓഫ് ജനറൽ എജ്യുക്കേഷൻ റജിസ്ട്രാർ ഡോ.ടി.എം.എ.പൈ പുരുഷന്മാർക്കു വേണ്ടിയുള്ള ഒരു അധിക വാർഡ് കെട്ടിടം തുറന്നുകൊടുത്തത്. പൊളിച്ചു നീക്കാനുള്ള ഊഴം കാത്തുകഴിയുകയാണ് ഈ പഴയ കെട്ടിടങ്ങൾ.
കുമ്പളയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി അനിവാര്യമാണ്.
ബ്ലോക്ക് പഞ്ചായത്ത് ഇതിനു കേന്ദ്ര ഹെൽത്ത് മിഷനു സമർപ്പിച്ച 14 കോടി രൂപയുടെ പദ്ധതി തള്ളിയത് സംസ്ഥാന സർക്കാരിന്റെ വിഹിതം അടക്കാൻ തയാറാകാത്തതുകൊണ്ടാണ്. പിന്നീട് നൽകിയ 5.40 കോടി രൂപയുടെ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ സമ്മർദം ചെലുത്തും.
സംസ്ഥാന സർക്കാരും മുൻകയ്യെടുക്കണം. സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്ന കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കേണ്ടതുണ്ട്.
പുതിയ കെട്ടിടം ഉയരുന്നതുവരെ പ്രവർത്തിക്കാൻ സ്വകാര്യ കെട്ടിടം കണ്ടെത്തും. പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായുണ്ട്.
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 5 വർഷത്തിനിടെ 3,27,64927 രൂപ ചെലവഴിച്ചിട്ടുണ്ട്.
അഷ്റഫ് കാർലെ, അധ്യക്ഷൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി
തീരദേശവാസികൾ, മത്സ്യത്തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിർധനരായുള്ള രോഗികളുടെ ആശ്രയമാണ് വെറും പരിശോധനാ കേന്ദ്രമായി മാറിയത്. ഇപ്പോൾതന്നെ ദിവസവും അറുന്നൂറോളം പേർ ഒപി പരിശോധനയ്ക്ക് എത്തുന്നുണ്ട്.
ഏറ്റവും മികച്ച പരിശോധന, രോഗ നിർണയം, ശസ്ത്രക്രിയ തുടങ്ങിയവ ലഭ്യമായിരുന്ന നിലയിലേക്ക് പുതിയ കെട്ടിടം ഒരുക്കി അധിക തസ്തിക അനുവദിക്കണം. കിടത്തിച്ചികിത്സാ സൗകര്യം തിരിച്ചുകൊണ്ടുവരണം.
14 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും അത് ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണമാണ് നഷ്ടമായത്. 5.40 കോടി രൂപയുടെ പുതിയ പദ്ധതി ഉടൻ നടപ്പിലാക്കണം.
സാധാരണക്കാർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നതിനുതകുന്ന നിലയിലുള്ള ആശുപത്രി ഉയരണം.
വിവേകാനന്ദ ഷെട്ടി 21–ാം വാർഡ് അംഗം കുമ്പള പഞ്ചായത്ത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]