തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ പാനൂർ ചൊക്ലി ഒളവിലം നാരായണൻ പറമ്പിൽ ആവേശകരമായ ആഘോഷം. ബിജോയി എന്ന വ്യാപാരിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്നാണ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ഈ നിമിഷം ആഘോഷമാക്കിയത്.
പ്രിയതാരം തമിഴ്നാടിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിയതിൽ അതിയായ സന്തോഷമുണ്ടെങ്കിലും, ഇനി അദ്ദേഹത്തിന്റെ സിനിമകൾ കുറയുമെന്ന ആശങ്കയും ബിജോയ് പങ്കുവെച്ചു. 2005-ൽ വിജയ് നായകനായ ‘തിരുപ്പാച്ചി’ എന്ന ചിത്രം പുറത്തിറങ്ങിയ കാലത്താണ് ബിജോയ് നാരായണൻ പറമ്പിൽ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത്.
തന്റെ കടകൾക്ക് ‘തിരുപ്പാച്ചി സ്റ്റോർ’, ‘തിരുപ്പാച്ചി മിനി സൂപ്പർമാർക്കറ്റ്’ എന്നിങ്ങനെയാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്. കടയുടെ ബോർഡിൽ വിജയിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജോയിയുടെ കടയും വീടും വിജയിയുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നടന്റെ പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ നാരായണൻ പറമ്പിൽ കട്ടൗട്ടുകൾ ഉയർത്തുന്നതും ബിജോയിയുടെ പതിവാണ്.
താൻ ഏറെ ആരാധിക്കുന്ന വിജയിയോടുള്ള ആദരസൂചകമായി തന്റെ മക്കൾക്ക് സഞ്ജയ്, സാഷ എന്നിങ്ങനെ താരത്തിന്റെ മക്കളുടെ പേരുകൾ തന്നെയാണ് ബിജോയ് നൽകിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട്, ടിവികെയുടെ കൊടിതോരണങ്ങൾ ഉപയോഗിച്ച് കടയുടെ പരിസരം ബിജോയിയും കുടുംബവും അലങ്കരിച്ചിരുന്നു.
ഭാര്യ ജിസ്നയും മക്കളും ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. വിജയിയെ ദൈവതുല്യനായാണ് കാണുന്നതെന്നും സ്ക്രീനിൽ അദ്ദേഹത്തെ കാണുന്നത് തനിക്ക് കരുത്തും ആവേശവും നൽകുന്നുണ്ടെന്നും ബിജോയ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

