കാസർകോട് ∙ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരെ എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സമരം ആരംഭിച്ചു. അനിശ്ചിത കാല സമരം കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.
സമരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സമരക്കാരും ടോൾ അധികൃതരും വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു.
തുടർന്ന് താൽക്കാലിക പന്തൽ കെട്ടി സമരം തുടങ്ങി. ഇന്നലെ രാവിലെ മുതൽ ടോൾ പിരിക്കാൻ തുടങ്ങിയത് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് പ്രതിഷേധക്കാർ ഇന്നലെ പ്രഖ്യാപിച്ചു.
പ്രതിഷേധത്തിനിടയിലും ടോൾ പിരിക്കുന്നുണ്ട്.
രണ്ടു ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധന ലംഘിച്ചാണ് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. ആരിക്കാടിയിൽ നിന്ന് 22 കിലോമീറ്റർ അകലെ തലപ്പാടിയിൽ കർണാടകയുടെ ടോൾ പ്ലാസ നേരത്തേയുള്ളതാണ്.
തൊട്ടടുത്തു മറ്റൊരു ടോൾപ്ലാസ കൂടി വരുന്നതിനെതിരെ നാട്ടുകാർ സമരത്തിലായിരുന്നു. കാസർകോട് ഭാഗത്തുനിന്നു മംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇനി തലപ്പാടിയിലും ആരിക്കാടിയിലുമായി രണ്ടു ടോൾ നൽകണം.
ദൂരപരിധി പാലിക്കാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽനിന്നു സ്റ്റേ നേടിയിരുന്നു.
പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് അതോറിറ്റിക്ക് അനുകൂല വിധിയുണ്ടായി. ഇതിനെതിരെ ആക്ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി.
കേസ് വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഈ സമയത്ത്, ആരിക്കാടിയിൽ ടോൾ പ്ലാസ തുടങ്ങാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്നും അതിനാൽ തൽക്കാലം ടോൾ പിരിവ് നടത്തില്ലെന്നും കഴിഞ്ഞ നവംബറിൽ ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അതിനുശേഷം കേസ് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ടോൾ പിരിവ് നടത്തില്ലെന്ന് അറിയിച്ചശേഷം അതു ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

