കാഞ്ഞങ്ങാട് ∙ ഷാഫി പറമ്പിൽ എംപിക്കുനേരെ ഉണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധം ഇരമ്പുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ പിടിച്ചുമാറ്റാനുള്ള പൊലീസ് ശ്രമം സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അടക്കമുള്ള നേതാക്കളെ പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞു.
പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാറും തടഞ്ഞു. ഇതോടെ പ്രവർത്തകർ കൂട്ടമായി പൊലീസ് ജീപ്പിനു നേരെ നീങ്ങി.
പൊലീസ് ജീപ്പിൽനിന്നു പ്രവർത്തകരെ മോചിപ്പിച്ചശേഷം നേതാക്കൾ ഇടപെട്ട് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിനും കോഴിക്കോട് ഡിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്കുമെതിരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്നലെ 11ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് തടയാനായി നഗരസഭയ്ക്കും ആർഡി ഓഫിസിനും ഇടയിലായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ ആദ്യം ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു.
ഇതിനിടയിൽ ചിലർ ബാരിക്കേഡിനു മുകളിലേക്ക് കയറി. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം ശക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പ്രവർത്തകരിൽ ചിലർ മരക്കൊമ്പുകൾ പൊലീസിന് നേരെ എറിഞ്ഞു.
പ്രകോപനം തുടർന്നതോടെ പൊലീസ് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. ഇതിനുശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സംസ്ഥാന പാതയിലേക്ക് നീങ്ങി.
പാതയിൽ ടയർ നിരത്തി റോഡ് ഉപരോധം തുടങ്ങി. പിന്നാലെ പൊലീസും സ്ഥലത്തെത്തി.
പ്രതിഷേധക്കാരെ റോഡിൽനിന്നു നീക്കാൻ തുനിഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം കനത്തു.
പിന്നീട് റോഡിൽ ഉന്തുംതള്ളുമായി. ഇതിനിടയിൽ ഓരോരുത്തരെയായി പൊലീസ് റോഡിൽനിന്നു നീക്കാൻ ശ്രമിച്ചു.
റോഡിലെ നിരത്തിയിട്ട ടയറിനു തീ കൊടുക്കാനുള്ള ശ്രമവും ഇതിനിടയിൽ ഉണ്ടായി.
പിന്നീട് അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടിയിലേക്ക് പൊലീസ് നീങ്ങാൻ തുടങ്ങിയതോടെ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാറും ഇടപെട്ടു. പ്രവർത്തകരെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് അദ്ദേഹം തടഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം.ഉനൈസ്, ജില്ലാ ഭാരവാഹികളായ മാർട്ടിൻ ജോർജ്, വിനോദ് കപ്പിത്താൻ, രതീഷ് കാട്ടുമാടം, സുജിത്ത് തച്ചങ്ങാട്, റാഫി അടൂർ, ഗിരി കൃഷ്ണൻ കൂടാല, ശിവപ്രസാദ് അറുവാത്ത്, അക്ഷയ എസ്.ബാലൻ, രേഖ രതീഷ്, അനൂപ് കല്യോട്ട്, രജിത രാജൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി, വസന്തൻ ബന്തടുക്ക, ജോബിൻ കമ്പല്ലൂർ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, സ്വരാജ് കാനത്തൂർ, കെ.പി.ബാലകൃഷ്ണൻ, വി.വി.നിഷാന്ത്, സജീവൻ മടിവയൽ, കെ.പി.മോഹനൻ, അശോക് ഹെഗ്ഡെ, സുജിത്ത് പുതുക്കൈ, എച്ച്.ആർ.വിനീത്, അനൂപ് ഓർച്ച, അഖിലേഷ് കരിച്ചേരി, രതീഷ് ഞെക്ലി, ദയാനന്ദ ബാടൂർ, അഖിലേഷ് തച്ചങ്ങാട്, ജതീഷ് കായക്കുളം, ശ്രീജേഷ് പൊയിനാച്ചി, രാജേഷ് പണംകോട്, ജോബിൻ ജോസ്, രാകേഷ് വെള്ളച്ചേരി, ഗുരുപ്രസാദ് കാറടുക്ക, ഷാഹിദ് പുലിക്കുന്ന്, അജിത്ത് പൂടംകല്ല്, വിഷ്ണു ബന്തടുക്ക, യോഗേഷ് പനത്തടി എന്നിവർ പ്രസംഗിച്ചു.
എഴുപതോളം പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട് ∙ യൂത്ത് കോൺഗ്രസ് മാർച്ചുമായി ബന്ധപ്പെട്ട് എഴുപതോളം പേർക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേർന്നു റോഡ് ഉപരോധിച്ചതിനാണ് കേസ്.
ഷാഫി പറമ്പിൽ എംപിക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]