തൃശൂരിൽ ദേശീയപാതയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. പ്രത്യേകമായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി ജില്ലയിലെ ദേശീയപാതയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.
സ്ഥിരമായുള്ള അനധികൃത പാർക്കിങ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി മൂലം അതാതു സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കയ്യേറ്റം, വർക് ഷോപ്പിന് സമീപമുള്ള അനധികൃത പാർക്കിങ് തുടങ്ങി പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് നടപടി സ്വീകരിക്കുക.
അനധികൃത പാർക്കിങ്, കയ്യേറ്റങ്ങൾ, നിർമാണത്തിന് ശേഷവും നിലനിർത്തിയിരിക്കുന്ന ബാരിക്കേഡുകൾ എന്നിവ മാറ്റാനും നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കാനും ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. സർവീസ് റോഡുകളിലും ദേശീയപാതയുടെ വശങ്ങളിലും അനധികൃത ഭക്ഷണ വ്യാപാര കേന്ദ്രങ്ങൾ അടക്കമുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കും.
കൊമ്മാടി ബൈപാസ്, കൃപാസനം, കളർകോട് അണ്ടർപാസ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. മറ്റിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ വാഹന പാർക്കിങ് ഒഴിവാക്കാനും തുമ്പോളിയിലെ മാർക്കറ്റ് ദേശീയപാതയിൽ നിന്നു മാറ്റാനും തീരുമാനിച്ചു.
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച 3 ടാസ്ക് ഫോഴ്സുകളുടെ നേതൃത്വത്തിൽ ആഴ്ചതോറും പരിശോധന നടത്തും. ആർടിഒ എൻഫോഴ്സ്മെന്റാണ് സംഘത്തിന്റെ കൺവീനർ.
ജില്ലാ പൊലീസ് മേധാവി, ദേശീയപാത പ്രൊജക്ട് ഡയറക്ടർ, ഡപ്യൂട്ടി തഹസിൽദാർമാർ, തദ്ദേശ വകുപ്പ്, കെഎസ്ഇബി എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടാകും. എല്ലാ മാസവും ജില്ലാ റോഡ് സുരക്ഷാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

