ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ ഒളിവിലായിരുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞയുടൻ അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രമുഖ മാധ്യമത്തിൽ വന്ന ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ ഈ തട്ടിപ്പ് സംഘത്തിന്റെ വലയിലാകുന്നത്. പരസ്യം കണ്ട് ബന്ധപ്പെട്ട
പരാതിക്കാരനെ പ്രതികൾ ‘B1 Gold Stock Investor Discussion Group’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ‘https://www.fyers-privilege.com’ എന്ന വെബ്സൈറ്റ് ലിങ്ക് നൽകുകയും ട്രേഡിംഗിനായുള്ള വ്യാജ നിർദ്ദേശങ്ങൾ ദിവസേന കൈമാറുകയും ചെയ്തു.
ഇത് പൂർണ്ണമായും വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഘട്ടം ഘട്ടമായി ആകെ 1,34,50,000/- രൂപ പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകുകയായിരുന്നു. എന്നാൽ പണം നിക്ഷേപിച്ചിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുതലോ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം പരാതിക്കാരൻ തിരിച്ചറിയുന്നത്.
ഇത്തരത്തിൽ തട്ടിയടുത്ത തുകയിൽ നിന്ന് 20 ലക്ഷം രൂപ വയനാട് മേപ്പാടി സ്വദേശിയായ ഏഴാം പ്രതി ഷനൂഥിന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ഈ തുകയിൽ നിന്നും മലപ്പുറത്തെ ജ്വല്ലറി വഴി സ്വർണ്ണം വാങ്ങുന്നതിനായി 4 ലക്ഷം രൂപയും ബാക്കി തുക മറ്റ് 18 ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂൺ 26-നാണ് ഷനൂഥ് അറസ്റ്റിലാവുന്നത്. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാട്ടഇ ചോദ്യം ചെയ്തപ്പോഴാണ് സയ്യിദ് സഫ്വാന്റെ നിർദ്ദേശപ്രകാരമാണ് താൻ പണം മാറ്റിയതെന്ന് ഇയാൾ മൊഴി നൽകിയത്.
കേസിൽ പത്താം പ്രതിയായ സയ്യിദ് സഫ്വാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടും ഇത് പാലിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ഈ കേസിൽ ഇതുവരെ ആകെ 10 പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഷറഫ് എ, ജി.എസ്.ഐ സുജിത്ത് കുമാർ പി.എസ്, ജി.എ.എസ്.ഐ മനോജ് എ.കെ, സി.പി.ഒ പവിത്രൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

