കുമ്പള∙ വെള്ളം സർവത്ര. കിട്ടുന്നില്ല വെള്ളം ഒരു തുള്ളി.
കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ പൊട്ടുന്നതും മോട്ടർ കേടാകുന്നതും വൈദ്യുതി മുടക്കവും കാരണം പഞ്ചായത്തിൽ ജലഅതോറിറ്റിയുടെ ശുദ്ധജലം കിട്ടാത്തത് നിത്യദുരിതമായി. കഞ്ചിക്കട്ട, കുണ്ടങ്കരടുക്ക, കുമ്പള ടൗൺ, ആരിക്കാടി, കോയിപ്പാടി പ്രദേശങ്ങളിലായി ആയിരത്തിലേറെ പേർക്ക് ഷിറിയ പുഴയിൽ പൂക്കട്ടയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് വഴിയാണു വെള്ളം എത്തിക്കുന്നത്.
10 കിലോമീറ്റർ പ്രധാന പൈപ്പ് ലൈൻ വഴി എത്തുന്ന വെള്ളം ബംബ്രാണയിലും കുമ്പളയിലും സംഭരണ ടാങ്കുകളിൽ ശേഖരിച്ച് 40 കിലോമീറ്റർ പൈപ്പ് ലൈൻ മുഖേനയാണ് നൽകുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 18 ലക്ഷം ലീറ്റർ വെള്ളം നൽകാനുള്ള സംവിധാനമാണുള്ളത്. പല ദിവസങ്ങളിലും ഇതു മുടങ്ങുന്നു എന്നാണ് പരാതി ഉയരുന്നത്.
കനത്ത മഴക്കാലത്തും ശുദ്ധജല വിതരണം മുടങ്ങുന്നത് ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്ക് തീരാദുരിതം ഉണ്ടാക്കുന്നു.
ഓഫിസുകളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ പോകേണ്ടവർക്ക് സമയത്ത് എത്താൻ കഴിയുന്നില്ലെന്നു മാത്രമല്ല വീടുകളിൽ പാചകം പോലും മുടങ്ങുന്ന സാഹചര്യം ഇടയ്ക്കിടെ ഉണ്ടാകുന്നു എന്നാണ് പരാതി. ചില ദിവസങ്ങളിൽ പൈപ്പ് ചോർച്ച, മറ്റു ചില ദിവസങ്ങളിൽ മോട്ടർ തകരാർ, ഇതു രണ്ടും അല്ലെങ്കിൽ മണിക്കൂറുകളോളം തുടരുന്ന വൈദ്യുതി മുടക്കം എന്നിവയാണ് ശുദ്ധജലവിതരണം പ്രതിസന്ധിയിലാക്കുന്നത്.
വർഷങ്ങളായി തുടരുന്നതാണ് ഈ സ്ഥിതി. സാധാരണ വേനൽക്കാലത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ തീരെ വെള്ളം കിട്ടാറില്ല.
ഇത്തവണ മഴ നേരത്തെ കിട്ടിയതിനാൽ പുഴ വറ്റാത്ത കാരണം ആ പ്രതിസന്ധി ഉണ്ടായില്ല. എന്നാൽ കോരിച്ചൊരിയുന്ന മഴയത്തും ജലഅതോറിറ്റി പൈപ്പ് ലൈനിൽ വെള്ളം കിട്ടാൻ സർവത്ര ദുരിതം തന്നെ.
പരിഹാരം രണ്ടുവർഷത്തിനകം
ക്ഷമിക്കുക, രണ്ടു വർഷം കാത്തുനിൽക്കുക.
ജലജീവൻ മിഷന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ നിലവിലുള്ള പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് അധികൃതർ ഇതിനു നൽകുന്ന മറുപടി. കുമ്പള പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും മംഗൽപ്പാടി പഞ്ചായത്തിൽ ഭാഗികമായും ഷിറിയ പുഴയിൽ നിന്നു വെള്ളമെത്തിക്കാനുള്ള 100 കോടി രൂപയുടേതാണ് പദ്ധതി.
കുമ്പള പഞ്ചായത്തിൽ 9000 വീടുകളിലേക്കും മംഗൽപാടി പഞ്ചായത്തിൽ 3500 വീടുകളിലേക്കും പൈപ്പ് ലൈൻ വഴി വെള്ളമെത്തും. 12 ദശലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണി, ജല ശുദ്ധീകരണ പ്ലാന്റ്, കിണർ, ഉപരിതല സംഭരണി, 100 കിലോമീറ്റർ പൈപ്പ് ലൈൻ തുടങ്ങിയവ നിലവിൽ വരും.
കുമ്പള പഞ്ചായത്തിൽ പൂക്കട്ട, കിദൂർ, കളത്തൂർ, മംഗൽപ്പാടി പഞ്ചായത്തിൽ പച്ചമ്പളം എന്നിവിടങ്ങളിലാണ് സംഭരണ ടാങ്ക് സ്ഥാപിക്കുക.
ഷിറിയ പുഴയിൽ സ്ഥിരം തടയണ ഒരുക്കുന്നതിന് 45 കോടി രൂപയുടേതാണ് പദ്ധതി. കടലിൽ നിന്നു ഉപ്പുവെള്ളം കയറുന്നത് തടയുക, കൃഷി ജലസേചനത്തിനു വെള്ളം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയിലുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഇറിഗേഷൻ വകുപ്പിനു വേണ്ടി തടയണ നിർമാണം നടത്തുന്നത്. തടയണ നിർമാണത്തിനുള്ള പൈലിങ് തുടങ്ങിയിട്ടുണ്ട്.
വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ നടന്നു വരുന്നു.
“കുമ്പള പഞ്ചായത്തിൽ കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ കഞ്ചിക്കട്ടയിൽ പൈപ്പ് പൊട്ടി എന്നായിരുന്നു അധികൃതരുടെ വിശദീകരണം. 4 ദിവസം വെള്ളം കിട്ടിയില്ല.
ഈ മാസം ആദ്യം മോട്ടർ കേടായി 4 ദിവസം വെള്ളം കിട്ടിയില്ല. നന്നാക്കിയ മോട്ടർ പിന്നെയും കേടായി. ഒന്നിടവിട്ട
ദിവസം ആണ് ജലവിതരണം. എന്നാൽ പലപ്പോഴും ഉണ്ടാകാറില്ല.
കഴിഞ്ഞ 3 ദിവസം വിതരണം മുടങ്ങി. വെള്ളം കിട്ടിയില്ലെങ്കിലും ശരാശരി 400 രൂപ വരെ കൊടുക്കുന്നുണ്ട് ജലഅതോറിറ്റിക്ക്.
ഒരു പൈപ്പ് പൊട്ടിയാൽ നേരെയാക്കാൻ മൂന്നും നാലും ദിവസം വേണ്ടി വരികയെന്നത് ദുരൂഹമാണ്. മാസത്തിൽ മൂന്നും നാലും തവണയാണ് വെള്ളം മുടങ്ങുന്നത്.
വെള്ളം മുടങ്ങുന്ന ദിവസം മുൻകൂട്ടി വിവരം നൽകണം.”
വി.രവീന്ദ്രൻ കുമ്പള
“പണി ചെയ്ത വകയിൽ കുടിശിക നൽകാൻ വൈകുന്നത് കാരണം കരാറുകാർ പലരും അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ തയാറാകുന്നില്ല. കാലഹരണപ്പെട്ട
പൈപ്പും മോട്ടറും മാറ്റാത്ത സാഹചര്യത്തിലാണ് ഇടയ്ക്കിടെ ജലവിതരണ തടസ്സം തുടരുന്നത്. വയലിലും മറ്റുമായി പോകുന്ന പൈപ്പ് ലൈനിലെ ചോർച്ച ഉടൻ കണ്ടെത്താൻ കഴിയാത്തതും ജലവിതരണം പുനഃസ്ഥാപിക്കുന്നതിനു തടസ്സം ഉണ്ടാക്കുന്നുണ്ട്.
ആവശ്യമായ ജീവനക്കാരുണ്ട്. തടസ്സം പരമാവധി ഒഴിവാക്കി എല്ലാ ഗുണഭോക്താക്കൾക്കും വെള്ളം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.”
എൻ.
മധു, അസി.എൻജിനീയർ, ജല അതോറിറ്റി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]