കീഴൂർ ∙ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചരിത്രസ്മാരകമായ ചന്ദ്രഗിരിക്കോട്ട സംരക്ഷിക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ.
കോട്ടയുടെ നാലും അഞ്ചും മീറ്റർ അരികിൽ കുന്നിടിച്ചു മണ്ണെടുക്കുന്നുണ്ടെന്ന് പുരാവസ്തു വകുപ്പ് അധികൃതരെ ഇമെയിൽ വഴി അറിയിച്ച് 10 ദിവസത്തിനുശേഷമാണ് റവന്യു അധികൃതർ സ്ഥലം പരിശോധിച്ചത്. 15 മീറ്റർ ഉയരത്തിൽനിന്നുവരെ മണ്ണെടുക്കുന്നതിനാൽ കോട്ട
ഇടിയുമെന്ന ആശങ്കയുണ്ട്. പുരാവസ്തു വകുപ്പും റവന്യു വകുപ്പും പഞ്ചായത്തും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കുന്നില്ലെന്നാണ് ആരോപണം.
കോട്ടയിൽ ഒരുവർഷമായി വാച്ചർ ഉണ്ടെങ്കിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഡ്യൂട്ടി. തിങ്കളാഴ്ച അവധിയാണ്.
നേരത്തെ 2 വാച്ചർ ഉണ്ടായിരുന്നു. ദിവസവും നൂറോളം പേർ കോട്ട
കാണാനെത്തുന്നുണ്ട്. കോട്ടയുടെ 5 മീറ്റർ അടുത്തുള്ള സ്ഥലത്തുനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കുന്നിടിച്ചു മണ്ണെടുത്തത്.
ഒരാഴ്ചയ്ക്കിടെ 200 ലോഡിലേറെ മണ്ണ് ഇവിടെനിന്നു നീക്കം ചെയ്തതായാണു പറയുന്നത്.
ജനുവരി 29ന് വൈകിട്ടാണ് പുരാവസ്തു വകുപ്പ് അധികൃതർക്ക് കുന്നിടിച്ചു മണ്ണെടുക്കുന്ന വിവരം അറിയിച്ച് സന്ദേശം നൽകിയത്. തിങ്കളാഴ്ചയാണ് റവന്യു അധികൃതർ സ്ഥലം പരിശോധിച്ചത്.
അധികൃതർ ഇടപെടാനുണ്ടായ കാലതാമസം മണ്ണെടുക്കുന്നവർക്ക് പിന്നെയും സഹായമായി. സ്വകാര്യ ഭൂമിയിൽ ആണെങ്കിലും വിൽപനയ്ക്ക് മണ്ണ് എടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റ് വേണം.
വീട് വയ്ക്കുന്നതടക്കമുള്ള സ്വന്തം ആവശ്യത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് ബിൽഡിങ് പെർമിറ്റ് പ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്. അതേസമയം കോട്ടയുടെ അരികിലുള്ള കുന്നിടിച്ച് മണ്ണെടുത്തതിന് ഇരുവകുപ്പുകളുടെയും അനുമതിയില്ല.
തങ്ങൾക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും ഇവിടെ പഞ്ചായത്തിന് മണ്ണെടുക്കാൻ അനുമതി നൽകാമെന്നുമാണ് മൈനിങ് ആൻഡ് ജിയോളജി വിഭാഗം അധികൃതർ പറയുന്നത്.
സമീപപ്രദേശങ്ങളിലുള്ളവർക്ക് ഒരു ലോഡ് മണ്ണ് 1200 രൂപയ്ക്കാണ് വിൽക്കുന്നത്. വ്യാപകമായി മണ്ണു കടത്തുന്നത് കോട്ട
സുരക്ഷിതത്വത്തിന് ആഘാതമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 11 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് മണ്ണു മാന്തി യന്ത്രം കൊണ്ട് കുന്നിടിച്ചു മണ്ണ് കടത്തുന്നത്.
റെയിൽവേക്കു വേണ്ടിയാണ് മണ്ണു കൊണ്ടുപോകുന്നതെന്ന് സ്ഥലം ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മണൽക്കടത്തു ലോബി ഇങ്ങനെ മണ്ണു കടത്തുന്നതെന്നാണ് പഞ്ചായത്തംഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് മൈനിങ് ആൻഡ് ജിയോളജി, റവന്യു അധികൃതർ.
മൈനിങ് ആൻഡ് ജിയോളജി വിഭാഗം അധികൃതർക്ക് അനധികൃത മണ്ണെടുപ്പിന് പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട് എന്നാണ് റവന്യു അധികൃതർ പറയുന്നത്.
വർഷങ്ങൾക്കു മുൻപ് കോട്ടയുടെ സമീപത്തുനിന്നു മണൽ കടത്തുസംഘം കടത്തിക്കൊണ്ടു പോകാനിരുന്ന മണൽ ബേക്കൽ പൊലീസിൽ നൽകിയ പരാതി പ്രകാരം അധികൃതർ പിടിച്ചെടുത്ത് 30,000 രൂപ പിഴ ഈടാക്കിയിരുന്നു.കോട്ട ഉൾപ്പെടെ 7.76 ഏക്കർ സ്ഥലമാണ് ഇവിടെ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ളത്.
ഇത് അന്യാധീനപ്പെടുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ അധികൃതർ എടുക്കുന്നില്ലെന്ന് വർഷങ്ങളായി പരാതിയുണ്ട്. 1986ലാണ് കോട്ടയും സ്ഥലവും റവന്യു വകുപ്പ് പുരാവസ്തു വകുപ്പിന് കൈമാറിയത്.
3 തവണ സർവേ നടത്തിയ സ്ഥലം കല്ലിട്ട് അതിർത്തി സുരക്ഷിതമാക്കാനുള്ള നടപടികൾ അനിശ്ചിതമായി നീളുന്നു.
ഇതിനുള്ള 150ൽ ഏറെ കോൺക്രീറ്റ് കാലുകൾ 10 വർഷത്തിലേറെയായി കോട്ടയിൽ കാടുപിടിച്ച് കിടക്കുന്നു. കോട്ടയെ മൂടിക്കിടക്കുന്ന കാട് വെട്ടാൻ ഇനിയും നടപടികളായില്ല.
ഫണ്ടില്ലാത്തതാണ് കാരണം. കാടുവെട്ടാനുള്ള മെഷീൻ ഉണ്ടെങ്കിലും ഇതിനാവശ്യമായ ഇന്ധനത്തിനും ഫണ്ടില്ല.
അതിനിടെ കോട്ട നടത്തിപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു നിശ്ചിത മാനദണ്ഡം വച്ച് കൈമാറുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

