ജില്ലയിൽ മഴ ആരംഭിക്കുമ്പോൾ പ്രദേശങ്ങൾ അതിവേഗം വെള്ളത്തിനടിയിലാകുന്നതിന്റെ പ്രധാന കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. കാലവർഷക്കെടുതികൾ നേരിൽ വിലയിരുത്തുന്നതിന്റെ ഭാഗമായി സമിതി ചെയർമാൻ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ നിർദേശം ഉയർന്നുവന്നത്.
ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കൃത്യമായി വിലയിരുത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യമെന്നും, പരിശോധനയ്ക്ക് ശേഷമുള്ള കണ്ടെത്തലുകൾ സർക്കാരിന് സമർപ്പിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. പ്രകൃതിദത്തമായ ഒട്ടേറെ പ്രത്യേകതകളുള്ള പത്തനംതിട്ട
ജില്ല പ്രധാനമായും അഭിമുഖീകരിക്കുന്നത് മിന്നൽ പ്രളയങ്ങളാണ്. പുഴകളിൽ അടിഞ്ഞുകൂടി കിടക്കുന്ന മണ്ണും ചെളിയും, പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളുമാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിക്കുന്നത്.
ജനങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും സമിതി വിവരങ്ങൾ തേടിയിട്ടുണ്ട്.
കെ.രാജൻ, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി.എം.ശശി തുടങ്ങിയ എംഎൽഎമാരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നഷ്ടപരിഹാരം വൈകിക്കരുത്
പ്രളയത്തിൽ കെടുതികൾ അനുഭവിച്ച വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കുള്ള നഷ്ടപരിഹാരം യാതൊരു കാരണവശാലും വൈകരുതെന്ന് സമിതി കർശന നിർദേശം നൽകി.
ജില്ലയിൽ ആകെ 20,500 വീടുകളിലാണ് വെള്ളം കയറിയതെന്നും അർഹമായവർക്കുള്ള ധനസഹായം നൽകിത്തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകളിൽ ലോക്കൽ സെൽഫ് ഗവൺമെന്റ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാർ കാലതാമസമില്ലാതെ പരിശോധന നടത്തണമെന്ന് സമിതിയംഗം കെ.രാജൻ നിർദേശിച്ചു.
ജില്ലയിൽ 4 വീടുകൾ പൂർണമായും 157 വീടുകൾ ഭാഗികമായും തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. റാന്നി മേഖലയിലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്നും, വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ വ്യക്തമാക്കി.
ശബരിമല തീർഥാടന പാതയിലെ അപകടാവസ്ഥയുള്ള ഭാഗങ്ങളിൽ ആവശ്യമായ ലൈറ്റുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ആനന്ദ് ചൂണ്ടിക്കാണിച്ചു. കാർഷിക മേഖലയിലെ നഷ്ടം
കഴിഞ്ഞ നാല് വർഷമായി കർഷകർക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 140 ലക്ഷം രൂപയാണ്.
നിലവിലെ കാലവർഷക്കെടുതിയിൽ ഏകദേശം 250 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് പൂർണമായി നശിച്ചത്. വാഴയും പച്ചക്കറികളുമാണ് കൂടുതലായി നശിച്ചവയിൽ ഉൾപ്പെടുന്നത്.
ആകെ 13 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായിട്ടുള്ളത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി സെപ്റ്റംബർ 5 വരെ ആകെ 1,428 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
ജില്ലയിൽ 4.5 ഹെക്ടർ പ്രദേശത്ത് മണ്ണിടിച്ചിൽ സംഭവിക്കുകയുണ്ടായി. റാന്നി, കോന്നി ബ്ലോക്ക് പരിധികളിലാണ് ഇതിന്റെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്.
അരുവാപ്പുലം, തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ എന്നീ പഞ്ചായത്തുകളിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി നഷ്ടപരിഹാരം ഉറപ്പാക്കാൻ സമിതി നിർദ്ദേശിച്ചു.
പ്രളയത്തിൽ 41 പമ്പ് ഹൗസുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ടെന്നും ഇവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 91 ലക്ഷം രൂപ ചെലവഴിച്ചതായും ജല അതോറിറ്റി ഉദ്യോഗസ്ഥർ വിശദീകരിച്ചു. വനമേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന തടികൾ നദികളിലൂടെ എത്തി പാലങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും സമിതി നിർദേശിച്ചു.
ജില്ലയിൽ നിലവിൽ 23 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയ്ക്ക് കൃത്യമായ ലൈസൻസുകൾ ഉണ്ടെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രളയം ബാധിച്ച പ്രധാനപ്പെട്ട
10 പഞ്ചായത്തുകളിൽ നിന്നായി 46 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. യോഗത്തിനിടയിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥൻ പങ്കെടുക്കാത്തത് ഗൗരവമായി കാണണമെന്നും, ഇതുസംബന്ധിച്ച് വിശദീകരണം തേടണമെന്നും ജില്ലാ കളക്ടർക്ക് സമിതി ചെയർമാൻ നിർദേശം നൽകി.
മണ്ണെടുപ്പിനെതിരെ വിമർശനം
ദേശീയപാത നിർമാണത്തിനായി മറ്റ് ജില്ലകളിലേക്ക് പത്തനംതിട്ടയിൽ നിന്നും വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടുപോകുന്നുവെന്ന പരാതികളും യോഗത്തിൽ ഉയർന്നു വന്നു. സമിതിയംഗമായ ഫൈസൽ ബാബു ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
സമീപകാലത്തുണ്ടായ പ്രളയദുരന്തങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ പങ്ക് എന്താണെന്ന് വിശദമായി പഠിക്കണമെന്നും, നിയമവിരുദ്ധവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സമീപനമാണ് അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

