തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും (MVD) തമ്മിലുള്ള ഭിന്നത നിയമനടപടികളിലേക്ക് നീങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയുള്ള പൊലീസ് വാഹനത്തിന് രേഖകളില്ലെന്ന് ആരോപിച്ച് പിഴ ചുമത്തിയ സംഭവത്തിൽ വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിനെതിരെ പൊലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുക, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനമാണ് എംവിഐ തടഞ്ഞുനിർത്തി 4000 രൂപ പിഴ ചുമത്തിയത്.
എന്നാൽ, വാഹനത്തിന് കൃത്യമായ ഇൻഷുറൻസ് ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പൊലീസ് തൊട്ടുപിന്നാലെ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ, വെഹിക്കിൾ ഇൻസ്പെക്ടറുടെ നടപടിക്ക് മറുപടിയെന്നോണം അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിച്ചു.
പി വി ബിജുവിന്റെ സ്വകാര്യ വാഹനത്തിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Certificate) ഇല്ലെന്ന് കണ്ടെത്തിയതായി വടക്കാഞ്ചേരി പൊലീസ് അറിയിച്ചു. ഇരു വകുപ്പുകളും പരസ്പരം രേഖകൾ പുറത്തുവിട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

