സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളില്ല. മഴ ശക്തമായി തുടരുന്നതിനാലാണ് വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജാഗ്രതാ നിർദേശങ്ങൾ:
പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നത് മൂലം ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം.
മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകും. കൂടാതെ വീടുകൾക്കും കെട്ടിടങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കാനും, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.
തീരപ്രദേശങ്ങളിൽ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാകാനും കന്നുകാലികൾക്കും ജനങ്ങൾക്കും മഴ ഭീഷണിയാകാനും സാധ്യതയുണ്ട്. അതിനാൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

