
കാഞ്ഞങ്ങാട് ∙ കടലേറ്റത്തിൽ വലയുന്ന അജാനൂർ കടപ്പുറത്തേക്ക് തിരിഞ്ഞു നോക്കാതെ അധികൃതർ. കടലേറ്റത്തിൽ അജാനൂർ കടപ്പുറം മീനിറക്ക് കേന്ദ്രത്തിലേക്കുള്ള റോഡ് പൂർണമായി തകർന്നു.
500 മീറ്റർ നീളത്തിൽ കടൽഭിത്തി തകർന്നു. ഒട്ടേറെ തെങ്ങുകളും കടപുഴകി.
കടൽഭിത്തി തകർന്നതോടെ ഒട്ടേറെ വീടുകൾ കടലെടുക്കുമെന്ന ഭീതിയിലാണ്. ഇതിൽ രമേശന്റെ വീടാണ് ഏറ്റവും ഭീഷണി നേരിടുന്നത്.
കടലിൽ നിന്നു 5 മീറ്റർ ദൂരെ മാത്രമാണ് ഇപ്പോൾ വീട് സ്ഥിതി ചെയ്യുന്നത്. കടലേറ്റം കൂടുമ്പോൾ നെഞ്ചിൽ തീയാണെന്ന് രമേശൻ പറയുന്നു.
മറ്റു വീട്ടുകാരും രമേശനെ പോലെ ആധിയിലാണ്.
തകർന്ന കടൽഭിത്തി പുനർ നിർമിച്ചാൽ മാത്രമേ കടലേറ്റ ഭീതി മാറൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി അജാനൂർ പഞ്ചായത്തും അജാനൂർ വില്ലേജ് ഓഫിസറും ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വിഭാഗം സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു പോകുകയും ചെയ്തു. കടൽ ഭിത്തി നിർമിക്കാനായി 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റും തയാറാക്കി.
പിന്നീട് തുടർ നടപടിയുണ്ടായില്ല.
ആവശ്യത്തിന് കല്ലു ലഭിക്കുന്നില്ലെന്നും കരാറുകാരെ ലഭിക്കുന്നില്ലെന്നുമാണ് ഇപ്പോൾ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന മറുപടിയെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് പറഞ്ഞു. ചിത്താരി പുഴ കടലിൽ ചേരുന്നത് ഇവിടെയാണ്.
മീനിറക്ക് കേന്ദ്രത്തോട് ചേർന്നാണ് പുഴ ഇപ്പോൾ കടലിൽ ചേരുന്നത്. മുകളിൽ നിന്നു അഴിമുഖം മുറിച്ചെങ്കിലും വിജയിച്ചില്ല.
35,000 രൂപ ചെലവിട്ടാണ് അഴിമുഖം മുറിച്ചത്. കടലേറ്റം രൂക്ഷമായിട്ട് ആഴ്ചകളായി. ഓരോ ദിവസവും തീരം കടലെടുത്ത് വരികയാണ്.
ഇനിയും കണ്ണടച്ചാൽ ഒട്ടേറെ കുടുംബങ്ങളും കിടപ്പാടം കടലെടുക്കുന്ന സ്ഥിതിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]