കാഞ്ഞങ്ങാട് ∙ ദേശീയപാത വികസനത്തിൽതട്ടി നാടിന്റെ വഴിമുട്ടിയിട്ട് ഒരുവർഷം. നഗരസഭയിലെ 15–ാം വാർഡിലെ കവ്വായി പ്രദേശത്തെ ജനങ്ങളുടെ യാത്രാമാർഗമായ റോഡാണ് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒരുവർഷം മുൻപ് അടച്ചത്.
ദേശീയപാത നിർമാണക്കമ്പനിയുടെ നിഷേധാത്മക നിലപാടാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2025 ജനുവരിയിലാണ് പകരം സംവിധാനമൊരുക്കാതെ ദേശീയപാതയിൽനിന്നു കവ്വായിയിലേക്ക് പ്രവേശിക്കുന്ന റോഡ് അടച്ചത്. പകരം ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് അഹല്യ കണ്ണാശുപത്രിക്ക് മുൻപിലൂടെ പോകുന്ന ചെമ്മൺ റോഡ് ഉപയോഗിക്കാനാണ് ദേശീയപാത നിർമാണക്കമ്പനി അധികൃതർ നിർദേശിച്ചത്.
ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാത്ത റോഡ് ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതു ചെവിക്കൊള്ളാൻ കമ്പനി അധികൃതർ തയാറായില്ല.
റോഡ് അടഞ്ഞതോടെ രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി നാട്ടുകാർ കലക്ടർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ 2025 ഏപ്രിലിൽ കലക്ടർ നിർമാണക്കമ്പനി അധികൃതർക്ക് രേഖാമൂലം നിർദേശവും നൽകി.
എന്നിട്ടും റോഡ് ഗതാഗത യോഗ്യമാക്കിയില്ല. ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ കവ്വായിലേക്ക് വരാൻ മടിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്.
യാത്രാദുരിതത്തിന് പരിഹാരം കാണാൻ മുൻ നഗരസഭാ കൗൺസിലർ ഒഴികെയുള്ള ജനപ്രതിനിധികളും ഇടപെട്ടിട്ടില്ലെന്ന് ആരോപണമുണ്ട്. എംഎൽഎയും നഗരസഭാധ്യക്ഷനും ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

