തൃക്കരിപ്പൂർ ∙ മരക്കലമേറി നൂറ്റെട്ടഴി കടന്നെത്തിയതിന്റെ ആഗമനോദ്ദേശ്യവും പുരാവൃത്തവും പ്രകാശിപ്പിക്കാൻ കൊയങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ തെയ്യങ്ങൾ ചങ്ങാടത്തിലേറി കവ്വായി കായൽ കടന്ന് ഇടയിലെക്കാട് കാവിൽ നർത്തനം ചെയ്തു. തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടുകൾ ചങ്ങാടമേറിയപ്പോൾ കായലിലും കരയിലും ഭക്ത ജനക്കൂട്ടത്തിന്റെ ആരവം.പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ നാലാം ദിനത്തിലാണ് മനോഹരവും അപൂർവവുമായ തെയ്യാട്ട
കാഴ്ച. പയ്യക്കാലമ്മയുടെ ആരൂഢസ്ഥാനമായ ഇടയിലക്കാട് കാവിലേക്കുള്ള എഴുന്നള്ളത്ത് പൗരാണിക പെരുമയ്ക്കു ചന്തം ചാർത്തി.
നാലാം പാട്ടിലെ ഉൽസവ ചടങ്ങുകൾ ഇടയിലെക്കാട് കാവിലാണ്. രാവിലെ വിവിധ ചടങ്ങുകൾക്ക് ശേഷം വാദ്യങ്ങളുടെയും പരിവാരങ്ങളുടെയും അകമ്പടിയിൽ പട്ടു മേലാപ്പിനു കീഴെ വാളും പരിചയുമേന്തി വെളിച്ചപ്പാടുകൾ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു.
പൂച്ചോൽ പടിഞ്ഞാറെ വയൽ ഭാഗത്ത് കല്ലിൽ മഞ്ഞൾക്കുറിയിട്ട് വെളിച്ചപ്പാടുകൾ ദർശനം കയ്യേറ്റു.
വാളും ചിലമ്പും കിലുങ്ങിയാടിയതോടെ പരിവാരങ്ങളുടെ ആരവമായി. പേക്കടം ചവേലക്കൊവ്വലിൽ എത്തിയതോടെ വെളിച്ചപ്പാടുകളുടെ ആട്ടമായി.
ആവേശം മുറ്റിയ എഴുന്നള്ളത്തിനെ കുറുവാപ്പള്ളി അറയിലേക്കു ആചാരസ്ഥാനികർ ഉപചാരപൂർവം സ്വീകരിച്ചു. പയ്യക്കാൽ ഭഗവതിയുടെ ഛത്രം മതിലിനു പുറത്തും ആയിറ്റി ഭഗവതിയുടെ ഛത്രം മതിലിനകത്തും പ്രവേശിച്ചു.
പയ്യക്കാലിൽ നിന്നു എഴുന്നള്ളിച്ചെത്തിയ ആടയാഭരണങ്ങളുടെ ചെമ്പുവട്ട ആയിറ്റി ഭഗവതിയുടെ സന്നിധിയിൽ വച്ചു.
കുറുവാപ്പള്ളി അറ ദേവസ്വവുമായി പയ്യക്കാൽ ക്ഷേത്രത്തിനു അഭേദ്യ ബന്ധമുണ്ട്.സ്ഥാനികർ ഉപചാരം ചൊല്ലിയതിനു ശേഷം 2 ഛത്രങ്ങളും എഴുന്നള്ളത്തും പടിഞ്ഞാറെ നടയിലൂടെ ആയിറ്റി കാവിനെ ലക്ഷ്യം വച്ചു ഗമിച്ചു.
ആയിറ്റിക്കാവിലേക്ക് പോകാതിരിക്കാൻ കുറുവാപ്പള്ളി അറയിലെ കൂട്ടുവായ്്ക്കാരും വാല്യക്കാരും വെളിച്ചപ്പാടുകളെ ആയിറ്റി മട്ടയ്ക്ക് സമീപം ‘അയ്യംവള്ളി കെട്ടി’ തടുത്തുനിർത്തി. ആയിറ്റി ഭഗവതി ആയിറ്റിക്കാവിൽ പ്രവേശിച്ചാൽ തിരിച്ചുവരില്ലെന്നു തെയ്യാട്ട
ചരിത്രമുണ്ട്. അയ്യംവള്ളി കെട്ടി തടഞ്ഞത് ഇതു കൊണ്ടാണ്.
ഇതോടെ മണൽപ്പരപ്പിലൂടെ ആയിറ്റിക്കടവിനെ ലക്ഷ്യമാക്കി വെളിച്ചപ്പാടുകൾ ഓടിയടുത്തു. 2 വള്ളങ്ങൾ ചേർത്തു കെട്ടിയ ചങ്ങാടത്തിൽ മേളക്കൊഴുപ്പിൽ തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടുകളും പരിവാരങ്ങളും കായൽ കടന്നു.
ഭഗവതി മരക്കലമേറി വന്നതിന്റെ പുനരാവിഷ്ക്കാരമായ ഈ ചടങ്ങ് ഭക്തരെ ആവേശത്തിലേറ്റി.
വളയനാട്ടു ഭഗവതിയും ക്ഷേത്രപാലകനും വാഴുന്ന ഇടയിലക്കാട് കാവിൽ ചങ്ങാടമിറങ്ങിയ വെളിച്ചപ്പാടുകൾ അരങ്ങിലെത്തി. കണിശൻമാരുടെ മരക്കലപ്പാട്ടിനു ശേഷം ദേവി ദേവൻമാർ കാവിനെ വലംവച്ച് നടനമാടി. ഇടയിലക്കാട് കാവിലെ ചടങ്ങുകൾക്കു ശേഷം ആയിറ്റി കാവ് വഴി തിരിച്ചെഴുന്നള്ളി.
കുറുവാപ്പള്ളി അറയിൽ സ്ഥാനികരും ഭക്തരും വരവേറ്റു. ദേവി ദേവൻമാരെ പള്ളി പീഠത്തിലിരുത്തി ആദരിച്ചു. വഴിയിൽ കാത്തു നിന്ന ഭക്തർക്ക് അനുഗ്രഹം പകർന്നാണ് എഴുന്നള്ളത്ത് പയ്യക്കാൽ ക്ഷേത്രത്തിൽ തിരികെ പ്രവേശിച്ചത്.
6 നാൾ നീണ്ട പാട്ടുൽസവം നാളെ ഇളനീരാട്ടം, കളത്തിലരി, എഴുന്നള്ളത്ത്, അരങ്ങ് പറിക്കൽ ചടങ്ങുകളോടെ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

