പൊയ്നാച്ചി ∙ അതിരാവിലെ കാടും കുന്നുമിറങ്ങി വരുന്ന കോട, മഞ്ഞിറങ്ങുന്ന കരിച്ചേരിയിൽ യാത്ര ചെയ്യുമ്പോൾ, ഒരു കാടിനുള്ളിലൂടെ പോകുന്ന പ്രതീതിയാണ്. വളവുകൾക്കരികിലെ പെട്ടിക്കടകളിൽനിന്നു ലഭിക്കുന്ന ചായ കൂടി ആയാൽ വേറെ ലെവൽ മൂഡ്.
കാസർകോട്ടെ പ്രധാന ടൂറിസം സ്പോട്ടുകളിലൊന്നായി വളരുകയാണ് കരിച്ചേരി ചുരം. വിശാലമായ കൃഷിയിടങ്ങളും അകലെ കാവൽനിൽക്കുന്ന മലകളും പുഴയും ചേരുന്ന കരിച്ചേരി ഗ്രാമം. ചുരവും പാലവും അടക്കം ഒരിക്കലും മടുക്കാത്തതും പുതുമ നിറഞ്ഞതുമായ കാഴ്ച അനുഭവമാണ് കരിച്ചേരിയിൽ.
പണ്ടു കാലത്ത് ബന്തടുക്ക, കുറ്റിക്കോൽ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്കു പോകാൻ നിർമിച്ച വഴിയാണ് പിന്നീട് ഇത്രയും വലിയ റോഡായി പരിണമിച്ചത്. ഈ പാതയിപ്പോൾ മൈസൂരിലേക്കും ബെംഗളൂരുവിലേക്കുമുള്ള സംസ്ഥാനാനന്തര പാത കൂടിയാണ്.
ഹെയർപിൻ വളവുകൾ
2 കിലോമീറ്ററോളം ദൂരമുള്ള ഈ പാതയിൽ കരിച്ചേരിയിലെ 5 ഹെയർപിൻ വളവുകളാണ് പ്രധാന ആകർഷണം.
കുന്നിൻ ചെരിവുകൾ, എപ്പോഴും വീശുന്ന കാറ്റ് എന്നിവ കരിച്ചേരിയെ മനോഹരമാക്കുന്നു. വൈകുന്നേരങ്ങളിൽ കയറ്റത്തിനിരുവശവും കാഴ്ചകൾ കാണാനും സൊറ പറയാനുമായി വരുന്ന ആളുകളെ കാണാം.
ജില്ലയിലെ അതിർത്തി പ്രദേശത്തുള്ള ആളുകൾ ഇവിടേക്ക് നിത്യേന എത്തുന്നു. കൂടാതെ ബൈക്കുകളിൽ എത്തുന്ന റൈഡർമാരും സ്കൂൾ വിനോദയാത്രാ സംഘങ്ങളും ടൂറിസ്റ്റ് സംഘങ്ങളുമെല്ലാം കാണും. അസ്തമയ കാഴ്ചകളും പ്രദേശത്തിന്റെ വൈബ് കൂട്ടുന്നു.
കരിച്ചേരി പാലത്തിൽനിന്ന് കരിച്ചേരി പുഴ കണ്ട് ആസ്വദിക്കാനും അവസരമുണ്ട്.
എങ്ങനെ എത്താം?
പൊയ്നാച്ചിയിൽ നിന്ന് തെക്കിൽ- അലട്ടി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ കരിച്ചേരിയിൽ എത്താം. കാസർകോട് ടൗണിൽ നിന്ന് 17 കിലോമീറ്റർ.
ശ്രദ്ധിക്കാം, ഇക്കാര്യം
ഹെയർ പിൻ വളവുകളിൽ മണ്ണിടിഞ്ഞ് റോഡിലേക്കു വരുന്നതിനാൽ ശ്രദ്ധാപൂർവം വാഹനം ഓടിക്കുക.
രാത്രിയിൽ സൗജന്യ ചായ
രാത്രി കാലങ്ങളിൽ ഉറക്കൊമൊഴിച്ച് ഡ്രൈവ് ചെയ്യുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഇവിടെ ചായയും, കട്ടൻ കാപ്പിയും വിതരണമുണ്ട്.
പകൽ സമയങ്ങളിൽ ദാഹമകറ്റാനുള്ള കുടിവെള്ളവും. കരിച്ചേരിയിലെ 5 ഹെയർ പിൻ വളവുകൾ കയറിയ ശേഷം വലതു ഭാഗത്തായാണ് ഈ സേവനം ലഭിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]