എടത്വ മേഖലയിൽ ഇത്തവണ കുടംപുളിക്ക് മികച്ച വിളവ്. കഴിഞ്ഞ മൂന്ന് നാല് സീസണുകളെ അപേക്ഷിച്ച് ജില്ലയിൽ ഇക്കുറി ഉൽപ്പാദനം ഗണ്യമായി വർധിച്ചിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമായത് വിളവെടുപ്പിനും സംസ്കരണത്തിനും കർഷകർക്ക് വലിയ സഹായമായി. കഴിഞ്ഞ വർഷം ഒരു മരത്തിൽ നിന്ന് ലഭിച്ചിരുന്നതിനേക്കാൾ വലിയ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
“കഴിഞ്ഞവർഷം ഒരു മരത്തിൽ നിന്ന് 25 കിലോ പുളി പോലും ലഭിച്ചിരുന്നില്ല. ആ സ്ഥാനത്ത് ഇക്കുറി 100 കിലോ വരെ ലഭിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു.” നിലവിൽ വിപണിയിൽ കിലോയ്ക്ക് 300 രൂപയാണ് വില; കഴിഞ്ഞ വർഷം ഇത് 400 രൂപയായിരുന്നു.
ജൂൺ അവസാനം മുതലാണ് കുടംപുളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ജില്ലയിലെ തോടുകൾക്കും കുളങ്ങൾക്കും സമീപം ധാരാളമായി വളരുന്നതിനാൽ ഇവയെ ‘തോട്ടുപുളി’ എന്നും വിശേഷിപ്പിക്കാറുണ്ട്.
വരിക്ക, കൂഴ എന്നിങ്ങനെ രണ്ട് പ്രധാന ഇനങ്ങളാണ് ഇവിടെയുള്ളത്. ആഭ്യന്തര വിപണിയിൽ ഉൽപ്പാദനം വർധിച്ചതോടെ ആന്ധ്ര, തമിഴ്നാട്, കുടക് എന്നിവിടങ്ങളിൽ നിന്നുള്ള പുളിയുടെ വരവ് കുറഞ്ഞിട്ടുണ്ട്.
അതേസമയം, മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പദ്ധതികൾ വൈകുകയാണ്. കൃഷി വിജ്ഞാന കേന്ദ്രവും ഓണാട്ടുകര സുഗന്ധ വ്യഞ്ജന കർഷക ഉൽപാദന കമ്പനിയും ചേർന്ന് കുടംപുളി പൾപ്പ് വിപണിയിൽ എത്തിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രായോഗികമായിട്ടില്ല.
വിപണി കണ്ടെത്താനുള്ള പ്രതിസന്ധിയാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ജിസ്സി ജോർജ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

