കാസർകോട്∙ ഉടമ അറിയാതെ കൈവശപ്പെടുത്തിയ താക്കോൽ ഉപയോഗിച്ച് ഡ്രൈവറുടെ സഹായത്തോടെ 12.8 ലക്ഷം രൂപ വിലയുള്ള കാർ കവർന്ന പാലക്കാട് സ്വദേശി ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. കവർന്ന കാറും കണ്ടെത്തി.
മേൽപറമ്പ് കെജിഎൻ ക്വാർട്ടേഴ്സിലെ താമസക്കാരൻ ദേളി അരമങ്ങാനം റോഡിലെ ജെ.റംസാൻ സുൽത്താൻ ബഷീർ (25), തളങ്കര തെരുവത്ത് ഖലീൽ മൻസിൽ ടി.എച്ച്.ഹംനാസ് (നാച്ചു–24), മണ്ണാർക്കാട് പുഞ്ചക്കോട് പുതുക്കുളം വീട്ടിൽ പി.കെ.അസറുദ്ദീൻ (36) എന്നിവരെയാണ് വിദ്യാനഗർ പി.കെ.ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഉളിയത്തടുക്ക ഇസത്ത് നഗർ സെക്കൻഡ് സ്ട്രീറ്റ് മുസ്തഫ മൻസിലിൽ മുഹമ്മദ് മുസ്തഫ ഉപയോഗിക്കുന്നതും ഇദ്ദേഹത്തിന്റെ ബിസിനസ് പാർട്ണറായ മുഹമ്മദിന്റെ പേരിലുള്ളതുമായ കാറും ഇതിനകത്ത് ഉണ്ടായിരുന്ന 32,000 രൂപയും ക്രെഡിറ്റ് കാർഡുകളും വാഹനബാങ്ക് രേഖകളുമാണ് കവർന്നത്.
കഴിഞ്ഞ 1നു രാത്രി 12നു ശേഷം മുസ്തഫയുടെ വീട്ടുമുറ്റത്ത് നിന്നാണ് കവർന്നത്. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.കാറിന്റെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ കവർന്ന വാഹനം ഓടിച്ചു പോകുന്നതായി തിരിച്ചറിഞ്ഞതോടെ ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡി വിവരം പാലക്കാട് പൊലീസിനെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് തമിഴ്നാട് മേട്ടുപ്പാളയത്ത് നിന്നാണു കവർച്ചാസംഘത്തിൽ നിന്നു വാങ്ങിയ കാറുമായി അസറുദ്ദീനെ പിടികൂടിയത്.
കാർ പൊലീസ് കസ്റ്റഡിയിലെടുക്കവേ ഒറിജിനൽ നമ്പറിനു പകരം തമിഴ്നാട് റജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് പതിപ്പിച്ചിരുന്നു. അസറുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കവർച്ചയുടെ പിന്നിൽ കാസർകോട് സ്വദേശികളായ റംസാൻ സുൽത്താൻ ബഷീറും ഹംനാസുമാണ് തിരിച്ചറിഞ്ഞത്.
ഡ്രൈവറെന്ന സ്വാതന്ത്ര്യത്തിൽ താക്കോൽകൈവശപ്പെടുത്തി
കവർച്ച ചെയ്ത കാറിന്റെ ഉടമയുടെ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ റംസാൻ സുൽത്താൻ ബഷീറിന്റെ സഹായത്തോടെ ബന്ധുവായ ഹംനാസാണ് കാർ കവർന്നത്.
ഡ്രൈവറാണെന്ന സ്വാതന്ത്ര്യം മുതലെടുത്ത് മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നിന്ന് ഒന്നാം പ്രതി കാറിന്റെ താക്കോൽ കൈവശപ്പെടുത്തുകയും സാമ്യമുള്ള മറ്റൊരു താക്കോൽ പകരമായി അവിടെ വയ്ക്കുകയും ചെയ്തു. കവർന്ന കാർ ഇരുവരും ചേർന്നു പെരിന്തൽമണ്ണയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് 1.7 ലക്ഷം രൂപയ്ക്കു കൈമാറിയതെന്നാണു പ്രതികളുടെ മൊഴി എന്നു പൊലീസ് പറഞ്ഞു.
കാർ വിൽപന നടത്തി കിട്ടിയ തുകയിൽ 1.40 ലക്ഷം രൂപ രണ്ടാംപ്രതിയുടെ താമസസ്ഥലത്ത് നിന്നും കാറിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കത്ത് നിന്നും പ്രതികളുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി.
തമിഴ്നാട്ടിലെ ഒരു കേന്ദ്രത്തിലെത്തിച്ച് വാഹനം പൊളിച്ചു വിൽക്കുന്ന സംഘത്തിനു കൈമാറാനായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. കാറിലെ ജിപിഎസ് സംവിധാനം പരിശോധിച്ച് പൊലീസ് സമയോചിതമായി ഇടപെട്ടതിനാലാണു പ്രതികളെയും കാറും 3 ദിവസത്തിനുള്ളിൽ പിടികൂടാനായത്. കേസിലെ ഒന്നാം പ്രതിക്ക് വിദ്യാനഗർ, പരിയാരം, മേൽപറമ്പ, കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതിക്ക് ഹൊസ്ദുർഗ്, മേൽപറമ്പ് എന്നീ സ്റ്റേഷനുകളിലുമായി ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപാന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്ഐമാരായ കെ.എൻ.സുരേഷ്കുമാർ, കെ.പി.സഫ്വാൻ, എഎസ്ഐമാരായ ടി.വി.ഷീബ, ടി.വി.നാരായണൻ, കെ.പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ഹരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.പ്രമോദ്, പി.ഷീന, എം.രേഷ്മ, കെ.ഉണ്ണിക്കൃഷണൻ, ടി.വി.ഉഷസ്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട സ്കൂട്ടർ കവർന്നയാൾ പിടിയിൽ
കുമ്പള∙ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ ഒറ്റത്തൈ സ്വദേശി അലക്സ് ഡൊമിനികിനെയാണ് (25) കുമ്പള പൊലീസ് മംഗളൂരു കോടതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
നവംബർ 16ന് കൊടിയമ്മ മുഡിപ്പനടുക്കയിലെ കെ.ഭവ്യയുടെ സ്കൂട്ടറാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗളൂരുവിൽ മറ്റൊരു കേസിൽ പിടിയിലായതായി കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്ഐ കെ.പ്രദീപൻ എന്നിവരെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

