കാഞ്ഞങ്ങാട് ∙ മഡിയൻ കൂലോത്തെ മഡിയൻ നായരച്ഛൻ സ്ഥാനികനും പാരമ്പര്യ ട്രസ്റ്റിയുമായിരുന്ന വി.എം.കുഞ്ഞിക്കണ്ണൻ മഡിയൻ നായരച്ഛന് (92) നാട് കണ്ണീരോടെ വിട നൽകി.
നായരച്ഛന്റെ നിര്യാണത്തോടെ ഓർമയായത് ആചാരാനുഷ്ഠാന രംഗത്തെ നിറസാന്നിധ്യമാണ്. 2018 മേയ് 17ന് തന്റെ 85-ാം വയസ്സിലാണ് മഡിയൻ നായരച്ഛനായി അദ്ദേഹം സ്ഥാനമേറ്റത്.
ചുരുങ്ങിയ കാലം കൊണ്ട് ആചാരാനുഷ്ഠാന രംഗത്ത് പേരെടുത്തു. മഡിയൻ കൂലോത്ത് വേളൂർ മലൂർ തറവാട്ടിലെ മുതിർന്ന അംഗം മഡിയൻ നായരച്ഛനായും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നായരച്ചംവീട് തറവാട്ടിലെ മുതിർന്ന അംഗം മൂലച്ചേരി നായരച്ചനായുമാണ് അവരോധിക്കപ്പെടുന്നത്.
ഇവരാണ് മഡിയൻ കൂലോത്തെ ആചാരാനുഷ്ഠാനങ്ങളിലെ അവസാനവാക്ക്. ക്ഷേത്രത്തിലെ പാട്ടുത്സവത്തിലും കലശോത്സവത്തിലും എഴുന്നള്ളത്തിലും ഇവരുടെ സാന്നിധ്യം പ്രധാനമാണ്.
സ്വർണക്കരയുള്ള മുണ്ടും മേൽമുണ്ടും അണിഞ്ഞ് ആചാരവേഷമായ മേപ്പൊടയും കച്ചും ചുരികയും ധരിച്ച് സ്ഥായിയായ പുഞ്ചിരിയുമായി നിൽക്കുന്ന മഡിയൻ നായരച്ഛന്റെ രൂപം എട്ടര വർഷം കൊണ്ട് ക്ഷേത്രവിശ്വാസികളുടെയും നാട്ടുകാരുടെയും മനസ്സിൽ പതിഞ്ഞതാണ്.
അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ നിര്യാണ വിവരമറിഞ്ഞ് ജാതിമത ഭേദമന്യേ ആയിരങ്ങളാണ് വെള്ളിക്കോത്ത് മലൂർ തറവാട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചത്. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എൻ.വി.കുഞ്ഞിക്കൃഷ്ണൻ മൂലച്ചേരി നായരച്ഛൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ.ചന്ദ്രശേഖരൻ എംഎൽഎ, മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയ കമ്മിറ്റി ചെയർമാൻ കെ.വി.സുരേന്ദ്രൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്ഥിരസമിതി അധ്യക്ഷൻ കെ.കൃഷ്ണൻ, മഡിയൻ കൂലോം ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം.ജയദേവൻ നായർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, വിവിധ ക്ഷേത്രങ്ങൾ, ദേവസ്ഥാനങ്ങൾ, സമുദായസ്ഥാനങ്ങൾ, തറവാടുകൾ എന്നിവിടങ്ങളിലെ ആചാരസ്ഥാനികർ, ഭരണസമിതി ഭാരവാഹികൾ, വിവിധ സമുദായനേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
മഡിയൻ കുറുപ്പിന്റെ കാർമികത്വത്തിൽ പാരമ്പര്യ വിശുദ്ധിയാർന്ന വേറിട്ട ചടങ്ങുകളോടെ അന്ത്യോപചാര കർമങ്ങൾ നടത്തി.
ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാൽ നൂറ്റിയൊന്ന് കുറികൾ അണിയിച്ച് ആചാര വസ്ത്രങ്ങളും ചുരികയും ധരിപ്പിച്ച് കർമങ്ങൾ പൂർത്തിയാക്കി. മഡിയൻ നായരച്ചന്റെ അനുജനും നിലവിൽ ബേളൂർ മലൂർ തറവാട്ടിലെ മുതിർന്ന അംഗവുമായ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ റിട്ട.
അധ്യാപകൻ വി.എം.അമ്പു നായർ പാരമ്പര്യ രീതിയിൽ ചുരിക കയ്യിലേന്തി മഡിയൻ കുറുപ്പിന് കൈമാറി.
ചടങ്ങുകൾ പൂർത്തിയായതോടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിക്കോത്ത് മലൂർ തറവാട് വളപ്പിൽ സംസ്കരിച്ചു. പുതിയ മഡിയൻ നായരച്ഛൻ അവകാശി ആചാരം കൊള്ളുന്നത് വരെ ചുരിക മഡിയൻ കുറുപ്പിന്റെ ഭവനത്തിൽ സൂക്ഷിക്കും. നീലേശ്വരം രാജവംശത്തിന്റെ ഭരണകാലം മുതൽ തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളാണിത്.
മരണാനന്തര കർമങ്ങൾ പൂർത്തിയാകുന്നതോടെയാണ് പുതിയ മഡിയൻ നായരച്ഛന്റെ സ്ഥാനാരോഹണം സംബന്ധിച്ച ആലോചനകൾ തുടങ്ങുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

