പത്തനംതിട്ട ജില്ലയിലെ പന്തളത്ത് യുവാക്കൾക്ക് നേരെ പൊലീസിന്റെ ക്രൂരമർദനം ഉണ്ടായതായി പരാതി.
പന്തളം മാങ്ങാരം സ്വദേശി ഷിഫാസിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് പന്തളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐമാരായ രാജേഷ്, സഞ്ചയൻ എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും ചേർന്ന് മർദിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പൊലീസ് മർദനത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ മാസം, അതായത് ആഗസ്റ്റ് 30 നായിരുന്നു വിവാദമായ ഈ സംഭവം നടന്നത്. ചേരിക്കലിന് സമീപം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റുകിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സാഹചര്യം ഉണ്ടായപ്പോൾ ഷിഫാസ് പൊലീസ് ജീപ്പിന്റെ സഹായം തേടുകയായിരുന്നു.
ഈ നടപടിയാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷിഫാസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “കേട്ടാൽ അറയ്ക്കുന്ന തെറിയാണ് പൊലീസ് വിളിച്ചത്.” തുടർന്ന് അന്ന് രാത്രിയിൽ വീണ്ടുമെത്തിയ ഇതേ പൊലീസുകാർ പന്തളം ടൗണിൽ വെച്ച് ഷിഫാസിനെ വീണ്ടും പരസ്യമായി മർദിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ജീപ്പിൽ വെച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മർദിച്ചതായാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരാതിയിലുള്ളത്.
ഈ മർദനത്തിൽ പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ഷിഫാസിന് ഡ്യൂട്ടി ഡോക്ടർ കിടത്തി ചികിത്സ നിഷേധിച്ചതായും ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ആരോപണ വിധേയരായ പൊലീസുകാരെ വകുപ്പ് തലത്തിൽ സംരക്ഷിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

