കാസർകോട് ∙ എംബിബിഎസ് അഡ്മിഷൻ നടക്കാൻ പോകുന്ന കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്കു വേണ്ട
99 അധ്യാപക തസ്തികകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യം. എംബിബിഎസ് വിദ്യാർഥികൾക്ക് ആദ്യവർഷം തിയറി ആണെങ്കിലും രണ്ടാം വർഷം മുതൽ ക്ലിനിക്കൽ പഠനം തുടങ്ങും.
തുടക്കംതന്നെ ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും താമസസൗകര്യങ്ങളും ഉൾപ്പെടെ ഇല്ലെങ്കിൽ കോളജിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കും. വിദ്യാർഥികളെ പഠിപ്പിക്കുന്നതിനും രോഗികളെ പരിശോധിച്ചു ചികിത്സ തീരുമാനിക്കുന്നതിനുമായി വിവിധ ചികിത്സാ വിഭാഗങ്ങളിൽ പ്രഫസർമാരും അസോഷ്യേറ്റ് പ്രഫസർമാരും അസി.
പ്രഫസർ ഉൾപ്പെടെയുള്ളവരെ നിയമിക്കേണ്ടതുണ്ട്.
വേണ്ടത് 99, അനുവദിച്ചത് 61 തസ്തികകൾ
പ്രിൻസിപ്പൽ, വിവിധ വിഭാഗങ്ങൾക്കായി 14 പ്രഫസർ, 20 അസോഷ്യേറ്റ് പ്രഫസർ, 25 അസി. പ്രഫസർ, 23 സീനിയർ റസിഡന്റ്സ്, 15 ട്യൂട്ടർ എന്നിങ്ങനെ 99 തസ്തികകളാണ് ആവശ്യം.
ഇതിൽ നിലവിൽ 61 തസ്തികകൾ അനുവദിച്ചതിൽ 19 തസ്തികകളിൽ നിയമനം നടന്നുവെങ്കിലും ഇതിൽ പ്രഫസർ നിയമനം നടന്നിട്ടില്ല. ബാക്കി തസ്തികകളിൽ ഉള്ളവർ മറ്റ് ഗവ.
മെഡിക്കൽ കോളജുകളിൽനിന്ന് ജോലി ക്രമീകരണം എന്ന നിലയിൽ വന്നവരാണ്. ആവശ്യമായ തസ്തികകളിലേക്ക് ഉടനെ നിയമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കാസർകോട് മെഡിക്കൽ കോളജിലേക്ക് 38 അധ്യാപകരെയാണ് താൽക്കാലികമായി സ്ഥലം മാറ്റിയത്. താൽക്കാലിക സ്ഥലംമാറ്റം കാരണം. ഇവർ നേരത്തേ ജോലി ചെയ്തുവന്ന മറ്റു മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയുണ്ടാക്കും.
വിവിധ മെഡിക്കൽ കോളജുകളിൽ ഓർത്തോപീഡിക്സ്, ഗൈനക്കോളജി, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിൽ നിയമനം നടക്കാതെ 10 വർഷത്തിലേറെയായി.
വേണ്ടത് 273, നിയമനം നടന്നത് 117
നഴ്സിങ് ഓഫിസർ, ലാബ് ടെക്നിഷ്യൻ, ഫാർമസി വിഭാഗങ്ങളിലായി 273 ജീവനക്കാർ വേണം. 117 തസ്തികകളിൽ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.
12 ക്ലാർക്ക് വേണം. 6 തസ്തിക അനുവദിച്ചതിൽ മൂന്നു പേരെയാണ് നിയമിച്ചിട്ടുള്ളത്.
‘അധ്യാപക തസ്തികകൾ അനുവദിക്കണം’
കാസർകോട് ∙ കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനാവശ്യമായ അധ്യാപക തസ്തികകൾ ഉടൻ അനുവദിക്കണമെന്ന് കേരള ഗവ.
മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. നിലവിലുള്ള മെഡിക്കൽ കോളജുകളിലെ അധ്യാപകരെ താൽക്കാലികമായി മാറ്റിയാണ് എംബിബിഎസ് അഡ്മിഷന് അനുമതി നേടിയത്. എംബിബിഎസ് കോഴ്സ് ഈ വർഷംതന്നെ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടില്ല.
കാസർകോട് ഗവ. മെഡിക്കൽ കോളജിൽ അധികമായി 50 അധ്യാപക തസ്തിക, 8 സീനിയർ റസിഡന്റ് തസ്തിക എന്നിങ്ങനെയും വയനാട് മെഡിക്കൽ കോളജിൽ 17 അധ്യാപക തസ്തിക, 10 സീനിയർ റസിഡന്റ് എന്നിവയും അനുവദിക്കണം. എൻഎംസി മാനദണ്ഡങ്ങൾ പാലിക്കാൻ ആവശ്യമായ കുറഞ്ഞ തസ്തികകളാണ് ഇതെന്ന് കേരള ഗവ.
മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷ ഡോ.ടി.റോസ്നാര ബീഗം, ജനറൽ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് എന്നിവർ പറഞ്ഞു. താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ് ഉടൻ പിൻവലിക്കുക, മാതൃ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ ഉടൻ തിരിച്ചയയ്ക്കുക, ആവശ്യമായ അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിക്കുക, പ്രമോഷനുകളും പിഎസ് സി നിയമനങ്ങളും ഉടൻ നടത്തുക, അധ്യാപകരുടെയും വിദ്യാർഥികളുടെയും ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ മതിയായ നിലയിൽ ഉടൻ ഏർപ്പെടുത്തുക, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി എല്ലാ അനുബന്ധ ജീവനക്കാരെയും ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]