മലപ്പുറം ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കി അധികൃതർ. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി.
റെയിൽവേ സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിൽ നിന്നാണ് 23 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്.
തിരൂർ എക്സൈസ് സർക്കിൾ വിഭാഗവും തിരൂർ ആർ.പി.എഫ് (RPF) ഉം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ നിർണ്ണായക കണ്ടെത്തൽ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.
എസ്. പ്രഷോബ് അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം.
ബാബുരാജ്, അഭിലാഷ്, ധനേഷ് എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മറ്റൊരു സംഭവത്തിൽ, പൊന്നാനിയിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന നടത്തിവന്ന യുവാവ് പിടിയിലായി.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് പൊന്നാനി മുല്ല റോഡ് സ്വദേശി ഫാരിസ് (21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വിൽപനയ്ക്കായി തയ്യാറാക്കിയ 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
നേരത്തെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിലും പ്രതിയായ ഫാരിസ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് ലഹരി മാഫിയയുടെ ഏജന്റായി മാറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ, എസ്.
പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

