കാസർകോട്∙ സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടിയെടുക്കുന്ന സംസ്ഥാനാന്തര സംഘം പൊലീസിന്റെ പിടിയിലായി. കർണാടക മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡി, എഎസ് പി അച്യുത് അശോക് എന്നിവർക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡും കാസർകോട് ടൗൺ പൊലീസും ചേർന്നാണു പ്രതികളെ പിടികൂടിയത്. കാസർകോട് ചന്ദ്രഗിരി ജംക്ഷനിൽ നിന്നാണ് പ്രതികളെ ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പിടികൂടിയത്.
സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു.
പൊലീസ് പരിശോധനയ്ക്കിടെ ബസിറങ്ങി 2 പേർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ഒരാളെ പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി, കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു.
സാധാരണ പരിശോധനയിൽ സ്വർണം അല്ലെന്നു തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ കോപ്പർ, കാഡ്മിയം എന്നിവ ഉപയോഗിച്ചതാണു കൈവശമുള്ള ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.
സംഘത്തിന്റെ കയ്യിൽ നിന്ന് 7 കിലോയോളം തൂക്കമുള്ള വ്യാജ ആഭരണങ്ങളും, പരിശോധനയ്ക്കായി ഉപയോഗിക്കുന്ന 7 ഗ്രാം സ്വർണവും പൊലീസ് പിടിച്ചെടുത്തു. ഇരുനൂറിലേറെ മാലകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
ആഭരണങ്ങളിൽ നിന്ന് ചെറിയൊരു ഭാഗം യഥാർഥ സ്വർണമാണെന്ന് വിശ്വസിപ്പിച്ച് പരിശോധനയ്ക്കായി നൽകുകയും, കച്ചവടം ഉറപ്പായതോടെ വ്യാജ ആഭരണങ്ങൾ നൽകി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു.
ഒരാഴ്ച മുൻപ് ജില്ലയിലെത്തിയ സംഘം പള്ളിക്കരയിലെ ഒരു ക്വാർട്ടേഴ്സിലാണു താമസിക്കുന്നത്. കർണാടകയിൽ പൂ വിൽപന നടത്തുന്നവരാണെന്ന മറവിലാണ് ഇവരുടെ തട്ടിപ്പ്.
തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയ ശേഷമാണ് സംഘം കേരളത്തിൽ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു.
തുടർന്നു കോടതിയിൽ ഹാജരാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

