കാറ്റാംകവല ∙ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ കെ.ഇമ്പശേഖർ, എം.രാജഗോപാലൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാറ്റാംകവല റോഡ് സന്ദർശിച്ചിരുന്നു. കലക്ടറുടെ നിർദേശത്തെത്തുടർന്ന് കന്നട, മലയാളം, ഇംഗ്ലിഷ് എന്നീ 3 ഭാഷകളിൽ റോഡരികിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ അപകടം നടന്ന കൊടും വളവിൽ താൽക്കാലിക ഫൈബർ ബാരിക്കേഡുകളും സ്ഥാപിച്ചു. കിഫ്ബിയുടെ ട്രാഫിക് സേഫ്റ്റി വിഭാഗവും ഇവിടെ പരിശോധനയ്ക്കെത്തും.
പ്രതിഷേധിച്ച് മലയോര ഹൈവേ ജനകീയ വികസനസമിതി
മലയോര ഹൈവേയിലെ കാറ്റാംകവല റോഡിൽ അപകടങ്ങൾ വർധിക്കാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് മലയോര ഹൈവേ ജനകീയ വികസനസമിതി പ്രവർത്തകർ ആരോപിച്ചു.
ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.
ഈ പാതയ്ക്കു കിഫ്ബി അധികൃതർ നേരത്തെ നൽകിയ സേഫ്റ്റി സർട്ടിഫിക്കറ്റിന്റെ കോപ്പി കത്തിച്ചാണ് ഇന്നലെ പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധ സമരത്തിനു സമിതി പ്രവർത്തകരായ സുരേഷ് പുലിക്കോടൻ, ജെന്നി തയ്യിൽ, ഷിനോജ് ഇളംതുരുത്തി, ബിനോയ്, അന്നമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
കാറ്റാംകവല മറ്റപ്പള്ളി അപകടവളവ്: പ്രതിഷേധച്ചങ്ങല തീർത്ത് ആംബുലൻസ് സർവീസ് കൂട്ടായ്മ
ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ കാറ്റാംകവല ഭാഗത്തെ ചെങ്കുത്തായ വളവുകളിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും പതിവായിട്ടും ഇതു തടയുന്നതിനായി അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മലയോര മേഖല ആംബുലൻസ് സർവീസ് കൂട്ടായ്മ റോഡിൽ പ്രതിഷേധച്ചങ്ങല തീർത്തു.
കഴിഞ്ഞദിവസം കർണാടകയിലെ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 46 പേർക്കു പരുക്കേൽക്കുകയും ചെയ്ത കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് ഇന്നലെ രാവിലെ 10.30ഓടെ മലയോരത്തെ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധസമരം നടത്തിയത്.
ഇവരുടെ സമരത്തിനു പിന്തുണയുമായി ഒട്ടേറെ പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.
ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (എഒഡിഎ) ജില്ലാ പ്രസിഡന്റ് ബിജോയി തോമസ് ഉദ്ഘാടനം ചെയ്തു. പി.എസ്.ജിതിൻ അധ്യക്ഷനായി.
സജി പ്ലാക്കൂട്ടത്തിൽ, സി.ജി.അനീഷ്, വിപിൻ കോഴിച്ചാൽ, വി.കെ.ഫൈസൽ, പി.നൂറുദ്ദീൻ, അനീഷ് തോമസ്, പി.എസ്.സതീഷ്, സി.എം.നിസാം, കെ.എൽ.ജിതിൻ എന്നിവർ നേതൃത്വം നൽകി.
കാറ്റാംകവല റോഡിൽ സമീപ വർഷങ്ങളിൽ ചെറുതും വലുതുമായ 40ലേറെ വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്. വിവിധ അപകടങ്ങളിൽ ഇവിടെ 9 പേരാണ് മരിച്ചത്.
ഇത്രയും വലിയ അപകടങ്ങളുണ്ടായിട്ടും അധികൃതർ ഈ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരും ഡ്രൈവർമാരും പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

