കേരളത്തിലെ റബർ കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും കർഷകക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വൈകാതെ കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും. റബർ ബോർഡ് ചെയർമാൻ എൻ.ഹരിയാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് കേരളത്തിലെ റബർ കർഷകരുടെ പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ടയർ നിർമാതാക്കളുമായി സഹകരിച്ച് നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുള്ള ഐ-സ്പീഡ് വൺ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിനായി 100 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഹരി പറഞ്ഞു.
പുതിയ പുകപ്പുരകളുടെ നിർമാണം, റബർ തൈകൾ നടുന്നതിനുള്ള സബ്സിഡി സഹായങ്ങൾ, തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ, റബർ ഉൽപാദക സംഘങ്ങളുടെ (ആർപിഎസ്) കീഴിലുള്ള വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാൻ സാധിക്കും. മേഖലയുടെ ദീർഘകാല സുസ്ഥിര വളർച്ച മുന്നിൽക്കണ്ട് അഞ്ചു വർഷത്തെ കാലയളവിലേക്ക് 2157.54 കോടി രൂപയുടെ വിപുലമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.
ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭ്യമാകുന്നതോടെ ഈ ഫണ്ട് റബർ ബോർഡിന് ലഭിക്കും. മുൻവർഷങ്ങളിലും കാര്യമായ വെട്ടിക്കുറയ്ക്കലുകൾ ഇല്ലാതെ തുക അനുവദിച്ചിട്ടുള്ളതിനാൽ ഇത്തവണയും സമർപ്പിച്ച പദ്ധതികൾക്കെല്ലാം പൂർണ്ണ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റബർ ബോർഡ് ചെയർമാൻ പ്രത്യാശ പ്രകടിപ്പിച്ചു.
കൂടാതെ, സംസ്ഥാനത്തെ റബർ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും നിലവിൽ ടാപ്പിങ് നടക്കാതെ കിടക്കുന്ന തോട്ടങ്ങളിൽ പുനരാരംഭിക്കുന്നതിനുമുള്ള പ്രത്യേക പ്രോത്സാഹന പദ്ധതികളും ആലോചനയിലുണ്ട്. ടാപ്പിങ് തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
ടാപ്പിങ്ങിനിടയിൽ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക ഉയർത്തുന്ന കാര്യത്തിലും ശക്തമായ ഇടപെടലുകൾ നടത്തുമെന്നും എൻ.ഹരി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

