കാസർകോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിൽ അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി വരണാധികാരികൾക്ക് കൈമാറി. മെഷീനുകൾ അതത് സ്ഥലങ്ങളിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും.കാസർകോട് കലക്ടറേറ്റിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർഹൗസ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്.
തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ എ.എൻ.ഗോപകുമാർ, ഇവിഎം നോഡൽ ഓഫിസർ ഡപ്യൂട്ടി കലക്ടർ ലിപു എസ്.ലോറൻസ്, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് എ.രാജീവ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഡപ്യൂട്ടി ഡയറക്ടർ കെ.വി.ഹരിദാസ്, ഇലക്ടറൽ റജിസ്റ്റർ ഓഫിസർമാർ, പഞ്ചായത്ത് ബ്ലോക്ക് മുനിസിപ്പൽ സെക്രട്ടറിമാർ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.രമേഷ്, ഉമ്മർ പാടലടുക്ക എന്നിവർ പങ്കെടുത്തു.
പൊലീസ് കാവലിലാണ് വെയർ ഹൗസ് തുറന്നത്.
കാൻഡിഡേറ്റ് സെറ്റിങ് നാളെമുതൽ
കാസർകോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിങ് മെഷീനുകളിൽ നാളെ മുതൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുക.
സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തുക. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്.
നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ എവിടെയും 15ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബൂത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.കാൻഡിഡേറ്റ് സെറ്റിങ്ങിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്പോൾ നടത്തും. മോക്പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സ്ഥാനാർഥികളെയും കാണിക്കും.
തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിങ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ 6 മുതൽ അതത് പോളിങ് സ്റ്റേഷനിൽ വച്ച് ഹാജരുള്ള പോളിങ് ഏജന്റുമാരുടെയും സ്ഥാനാർഥികളുടേയും സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തും.
തുടർന്ന് 7 മുതൽ വോട്ടെടുപ്പ് ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

