ചെർക്കള ∙ ദേശീയപാതയ്ക്കു സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി, നഷ്ടപരിഹാരം അനുവദിക്കുന്നതിനു മുൻപേ വീടു ഭാഗികമായി പൊളിക്കാനെത്തിയ അധികൃതർക്കു മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാഭീഷണി. ചെങ്കള ബേവിഞ്ചയിൽ ഇന്നലെ രാവിലെയാണു സംഭവം.
ദേശീയപാത നിർമാണത്തിനായി എം.ടി.അബ്ദുൽ ബഷീറിന്റെ വീടിന്റെ പകുതിയോളം പൊളിക്കുന്നതിന് അടയാളപ്പെടുത്തിയിരുന്നു. ഇതിന് അധികൃതരെത്തിയപ്പോൾ കുടുംബാംഗങ്ങൾ പാചകവാതക സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധിച്ചതോടെ അധികൃതർ പിന്മാറി.
ഇരുനിലവീടിന്റെ മുൻഭാഗത്തെ 4 കോൺക്രീറ്റ് തൂണുകളും മുൻപിലെ ഒരു ഭാഗവും മുകൾ ഭാഗത്തെ കിടപ്പുമുറികളുമടക്കമാണു ദേശീയപാതയ്ക്കായി പൊളിച്ചുമാറ്റേണ്ടത്. വീടിന്റെ മുൻഭാഗം പൂർണമായും ദേശീയപാതയ്ക്കുള്ള സ്ഥലപരിധിയിലുള്ളതാണ്. കെട്ടിടം ഭാഗികമായി പൊളിച്ചാൽ ബാക്കിഭാഗത്തു താമസിക്കാനാകില്ലെന്നു പൊതുമരാമത്ത് വകുപ്പ് എൻജിനീയറും (എൽഎ –എൻഎച്ച്) സ്പെഷൽ ഡപ്യൂട്ടി കലക്ടറും തഹസിൽദാറും റിപ്പോർട്ട് നൽകിയിരുന്നു.
കലക്ടർ നിയോഗിച്ച ആറംഗ സമിതിയും സമാന റിപ്പോർട്ടാണു നൽകിയത്. കെട്ടിടം പൂർണമായി ഏറ്റെടുത്ത് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലക്ടർ നഷ്ടപരിഹാരം നിർദേശിച്ചെങ്കിലും എൻഎച്ച് അധികൃതർ അംഗീകരിച്ചില്ല.
6 മാസം മുൻപ്, വീടിന്റെ മതിൽ പൊളിക്കുന്നതു തടഞ്ഞതിനു ജനപ്രതിനിധികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തിരുന്നു.
നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ, വീട് ഏറ്റെടുക്കരുതെന്നു കാട്ടി കുടുംബം ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ ഉത്തരവ് നീങ്ങിയെന്നു പറഞ്ഞാണ് ശനിയാഴ്ച രാത്രി, പൊലീസ് സന്നാഹത്തോടെ അധികൃതർ വീടു പൊളിക്കാനെത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചില്ലെന്നു കുടുംബം ആരോപിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
തുടർന്നു നടത്തിയ ചർച്ചയിലാണു പ്രതിഷേധക്കാർ പിരിഞ്ഞത്. ഇന്നു കലക്ടറേറ്റിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

