തൃക്കരിപ്പൂർ∙ പന്തു കളിക്കാരും കളിക്കമ്പക്കാരും തൃക്കരിപ്പൂരിന്റെ പ്രത്യേകതയാണ്. അതിലേറെ നാടിന്റെ കരുത്തും.
സംസ്ഥാന– ദേശീയ തലങ്ങളിലും രാജ്യാന്തര തലത്തിലും തിളക്കം കാട്ടിയ ഫുട്ബോൾ താരങ്ങളുള്ള ഈ നാടിനു ഇന്ത്യൻ ഫുട്ബോളിൽ പന്തുകളി ഗ്രാമം എന്ന പേര് പതിറ്റാണ്ടുകൾക്ക് മുൻപ് സിദ്ധിച്ചതാണ്. പെൺകുട്ടികൾക്ക് മാത്രമായി ഫുട്ബോൾ പരിശീലനത്തിനു വഴി തുറന്ന തൃക്കരിപ്പൂർ ഡ്രീംസ് ഗേൾസ് ഫുട്ബോൾ അക്കാദമി പന്തുകളി ഗ്രാമത്തിൽ ഫുട്ബോൾ മികവിൽ മറ്റൊരു ചരിത്രം രചിക്കുകയാണ്.
3 വർഷം മുൻപാണ് ഡോ.വി.രാജീവന്റെ നേതൃത്വത്തിൽ ഒരു പറ്റം ഫുട്ബോൾ സംഘാടകരുടെ സഹകരണത്തിൽ ഡ്രീംസ് ഫുട്ബോൾ അക്കാദമി പിറവിയെടുത്തത്.
ഇന്നിപ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ ടീമുകൾക്കായി പൊരുതുന്ന പെൺ താരങ്ങളുടെ കരുത്തായി ഡ്രീംസ് അക്കാദമി മാറി. ജീവിതനിലവാരം ഉയർത്താൻ പര്യാപ്തമാകും വിധം പെൺകുട്ടികൾക്ക് ഫുട്ബോളിൽ മികവ് കാട്ടാൻ കഴിഞ്ഞു.
നിലവിൽ 60 പെൺകുട്ടികൾ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.
കൊച്ചു കുട്ടികൾ മുതൽ വിവിധ പ്രായക്കാർ. പന്തുകളിയോട് കമ്പമുള്ള, കളിക്കാൻ പ്രാപ്തിയുള്ള പെൺകുട്ടികൾക്കെല്ലാം പ്രവേശനം നൽകുമെന്നു ചെയർമാൻ ഡോ.രാജീവൻ അറിയിച്ചു.
രക്ഷിതാക്കളിൽ നിന്നുള്ള പിന്തുണയാണ് അക്കാദമിയുടെ വളർച്ചയുടെ കൈമുതൽ. പഠനവും കളിയും കൂടുതൽ മികവോടെ കൊണ്ടുപോകുകയെന്ന അക്കാദമിയുടെ പ്രവർത്തന രീതിയോടു കൂടുതൽ അടുത്തു നിൽക്കുകയാണ് രക്ഷിതാക്കൾ.
നടത്തിപ്പിലെ ജനകീയതയും അക്കാദമിയുടെ വേറിട്ട
പ്രവർത്തനങ്ങളിലൊന്നാണ്. സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഉൾപ്പെടെ വിവിധ കളിമൈതാനങ്ങളിൽ ഡ്രീംസിന്റെ പെൺകുട്ടികൾ ഇപ്പോൾ പരിശീലനത്തിലുണ്ട്. ലീഗ് മത്സരങ്ങൾക്കും വിവിധ ചാംപ്യൻഷിപ്പുകൾക്കുമുള്ള ഒരുക്കത്തിനായി നിരന്തര പരിശീലനത്തിലാണവർ.
വി.വി.ഗണേശൻ, പവിത്രൻ, ഡോ.ടി.സി.ജീന, കെ.എസ്.ഷിന്റോ, ഉമേശൻ തുടങ്ങിയ പരിശീലകരുണ്ട്.
വിവിധ ടീമുകളുമായി സന്നാഹ മത്സരം എന്ന പേരിലും പരിശീലനം നടത്തുന്നുണ്ട്. മറ്റ് അക്കാദമികളിലെ ആൺകുട്ടികളുടെ ടീമുകൾ സന്നാഹ മത്സരത്തിലുണ്ട്.
പെൺകുട്ടികളുടെ ജില്ലയിലെ ആദ്യ ഫുട്ബോൾ അക്കാദമിയായ ഡ്രീംസ് കുതിപ്പിലാണ്. ജില്ലയുടെ ഫുട്ബോൾ മികവിൽ പെൺകരുത്താകാൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

