ദുരന്തത്തിന്റെ കയ്പേറിയ ഓർമ്മകൾ ബാക്കിയാക്കിയ പ്രളയകാലത്തിന്റെ ഇരുണ്ട നാളുകൾക്ക് വിരാമമിട്ട്, സർക്കാർ യാഥാർത്ഥ്യമാക്കിയ സുരക്ഷിത തണലിലേക്ക് നൂറിലധികം കുടുംബങ്ങൾ കൂടി പടവുകയറുന്നു.
കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാകുന്ന ആധുനിക മാതൃകാ ടൗൺഷിപ്പിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 149 കുടുംബങ്ങൾക്കാണ് പുതിയ ഭവനങ്ങൾ ലഭിച്ചത്. നിറഞ്ഞ പ്രതീക്ഷയോടെയും പുഞ്ചിരിയോടെയുമാണ് അർഹരായവർ മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിനെത്തിയത്.
ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീൽ പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരാണ് ഈ ഘട്ടത്തിൽ വീടുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിപ്രകാരം സോൺ ഒന്നിൽ 23 വീടുകളും, സോൺ മൂന്നിൽ 6 വീടുകളും, സോൺ നാലിൽ 14 വീടുകളും, സോൺ അഞ്ചിൽ 106 വീടുകളും ഉൾപ്പെടെയുള്ളവയാണ് കൈമാറുന്നത്.
നവംബർ 30-ന് മുൻപായി ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങ് മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മന്ത്രി ടി.സിദ്ദീഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നറുക്കെടുപ്പിനായി റജിസ്റ്റർ ചെയ്തവർക്ക് ഒന്നു മുതൽ 149 വരെയുള്ള സീരിയൽ നമ്പറുകളുടെ ക്രമത്തിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നത്.
റവന്യൂ-കൃഷി വകുപ്പ് മന്ത്രിമാരുടെയും, കലക്ടറുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ ചൂരൽമല എടത്തറ വീട്ടിൽ മജീദ് ആണ് ആദ്യമായി വീട് സ്വന്തമാക്കിയത്. സോൺ അഞ്ചിലെ ബി ക്ലസ്റ്ററിൽ വരുന്ന 332-ാം നമ്പർ വീടാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഗുണഭോക്താക്കളുടെ സംശയങ്ങളും ആവശ്യങ്ങളും ദൂരെയാക്കാൻ വിവിധ ഹെൽപ് ഡെസ്ക് കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കലക്ടർ വി.ചെൽസസിനി, എഡിഎം കെ.അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.
ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, സ്ഥിരസമിതി അധ്യക്ഷ രാധ രാമസ്വാമി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ശിഹാബ്, ബി.സുരേഷ് ബാബു, മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ കെ.കെ.സഹദ്, ഷൈജ ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി.മജീദ്, ടൗൺഷിപ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഇ.ടി.രാകേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നവംബറിൽ വീടുകൾ പൂർത്തിയാകും: മന്ത്രി എ.പി.അനിൽകുമാർ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടവർക്ക് അനുവദിച്ച വീടുകൾ നവംബർ 30-നു മുൻപ് പൂർണ്ണമായും താമസയോഗ്യമാക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു.
വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്കുള്ള ഉപജീവനബത്ത ഡിസംബർ മാസം വരെ നീട്ടിനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 178 വീടുകൾ ഇതിനോടകം കൈമാറിയിട്ടുണ്ട്.
അർഹരായ മുഴുവൻ ആളുകളിലേക്കും വീടുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസം അന്തിമഘട്ടത്തിൽ: മന്ത്രി ടി.സിദ്ദീഖ്
ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി.
ഓരോ കുടുംബത്തിന്റെയും ജീവിതം തിരികെപ്പിടിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പാക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് അടക്കമുള്ള കാര്യങ്ങൾ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
ടൗൺഷിപ്പിൽ ശക്തമായ ഒരു സാമൂഹിക കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും പരിഗണനയിലുണ്ട്. കുടിവെള്ള കണക്ഷൻ, വൈദ്യുതി, ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
നവംബർ 20 വരെ വീടുകളുടെ നിർമ്മാണ ജോലികൾ തുടരും. അതിനുശേഷം ഗുണഭോക്താക്കളുടെ യോഗം ചേർന്ന് വീടുകൾ സന്ദർശിക്കാനും, എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അവ എഴുതി നൽകാനും സൗകര്യം ഒരുക്കുമെന്നും, ലഭിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹാരം കാണുമെന്നും മന്ത്രി ടി.സിദ്ദീഖ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

