കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് അതിവേഗ സ്പെഷൽ കോടതിയുടെ (പോക്സോ) ഓഫിസിലെ മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് അടർന്നുവീണു. ജീവനക്കാരി മാറി നിന്നിരുന്നതിനാൽ ഒഴിവായത് വലിയ ദുരന്തം.
ഇന്നലെ രാവിലെ കോടതി തുടങ്ങിയശേഷം 11.15ന് ആണ് സംഭവം. മേൽക്കൂരയിലെ സീലിങ് ഫാനിന്റെ ഭാഗത്തുനിന്നു വലിയ കോൺക്രീറ്റ് പാളി പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
ജീവനക്കാരി ഇരിക്കുന്നതിന്റെ നേരെ മുൻപിലുള്ള മേശയിലേക്കാണ് കോൺക്രീറ്റ് പതിച്ചത്.
സമീപത്തുതന്നെ കംപ്യൂട്ടർ ഉണ്ടായിരുന്നെങ്കിലും കേടുപറ്റിയില്ല. കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ പല ഭാഗത്തെയും കോൺക്രീറ്റ് അടർന്നുവീഴാൻ പാകത്തിലാണ്.
നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിലെ മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് അടർന്നു വീണിരുന്നു. ഇത് രാത്രി ആയതിനാൽ വലിയ അപകടം ഒഴിവായി.
രണ്ടുതവണയാണ് ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നുവീണതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പറഞ്ഞു.
പകൽ നേരത്തായിരുന്നെങ്കിൽ കുട്ടികൾക്കടക്കം അപകടം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് 2025 മാർച്ചിൽ കലക്ടർക്ക് കത്ത് നൽകിയിരുന്നു. കലക്ടർ കത്ത് പൊതുമരാമത്തിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല.
കോടതിയിൽനിന്നു പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിരുന്നു. നേരത്തെ ബാർ കൗൺസിൽ പ്രവർത്തിച്ചിരുന്ന ഹാളാണ് സ്പെഷൽ കോടതിക്കായി വിട്ടുനൽകിയത്.
ഹൊസ്ദുർഗ് കോടതി കോംപ്ലക്സിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്.
ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ (2) മേൽക്കൂരയുടെ കോൺക്രീറ്റും മാസങ്ങൾക്കു മുൻപ് അടർന്നുവീണിരുന്നു. ആളുകൾ കൂടിനിൽക്കുന്ന ഭാഗത്തെ മേൽക്കൂരയിൽനിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്.
വൈകുന്നേരമായതിനാൽ അന്ന് വലിയ അപകടം ഒഴിവായി. ഇതേ കോടതിയിലെ ചുമരിൽനിന്നു ഫാൻ അടർന്നുവീണ് ജീവനക്കാരന് പരുക്കേറ്റിരുന്നു.
മജിസ്ട്രേട്ട് കോടതി ഒന്നിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടിയത് മാറ്റാൻപോലും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല.
മഴക്കാലത്ത് മേൽക്കൂരയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ചോർച്ച തടഞ്ഞത്. ഹൊസ്ദുർഗ് കോടതി കോംപ്ലക്സിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
കെട്ടിടംപണി പൂർത്തിയാകുന്നതുവരെ അറ്റകുറ്റപ്പണിയെങ്കിലും പൂർത്തിയാക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

