കാസർകോട് ∙ പീക്ക് അവറിൽ കാസർകോട്–ചന്ദ്രഗിരിപ്പാലം–കാഞ്ഞങ്ങാട് റൂട്ടിൽ കെഎസ്ആർടിസി നോൺ സ്റ്റോപ് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം. 1997–98 വർഷത്തിൽ തുടങ്ങിയ ബസ് ഏതാനും വർഷങ്ങൾ സർവീസ് നടത്തിയിരുന്നു.
കൂടുതൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമായതോടെ അത് റദ്ദാക്കി. യാത്രക്കാർക്ക് സുഗമയാത്രയ്ക്ക് ഉപകരിച്ചിരുന്ന കെഎസ്ആർടിസി സർവീസിന് മികച്ച വരുമാനവും കിട്ടിയിരുന്നു.
സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിലും മറ്റുമായി ജീവനക്കാർക്കും അധ്യാപകർക്കും വിവിധ മേഖലകളിലെ തൊഴിലാളികൾക്കും ഉൾപ്പെടെ രാവിലെ 10നു മുൻപ് ഓഫിസിലെത്താനും വൈകിട്ടു മടങ്ങാനും സൗകര്യത്തിൽ സർവീസ് നടത്തിയതാണ്.
കാസർകോട് വിട്ടാൽ കാഞ്ഞങ്ങാട്ട് യാത്ര അവസാനിപ്പിക്കുന്ന ബസിന് എംഎൽഎയുടെ ആവശ്യപ്രകാരം പാലക്കുന്നിൽ സ്റ്റോപ് അനുവദിച്ചിരുന്നു.
ഓർഡിനറി ചാർജാണ് ഈടാക്കിയത്. 20 വർഷം മുൻപ് നടത്തിയിരുന്ന നോൺ സ്റ്റോപ് സർവീസ് പുനരാരംഭിക്കുന്നത് കെഎസ്ആർടിസിക്കും യാത്രക്കാർക്കും ഒരുപോലെ ഗുണമാണെന്നു കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 13 മുതലാണ് കാസർകോട് ഡിപ്പോയിൽനിന്നു കെഎസ്ആർടിസിയുടെ പുത്തൻ ബസ് കാസർകോട്–മംഗളൂരു, മംഗളൂരു–കാസർകോട് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചത്. മംഗളൂരു, തൊക്കോട്, തലപ്പാടി, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, കൈക്കമ്പ, ബന്തിയോട്, കുമ്പള, കാസർകോട്, പാലക്കുന്ന്, കാഞ്ഞങ്ങാട് എന്നിങ്ങനെയാണ് ബസിനു സ്റ്റോപ്പുള്ളത്.
ഒരു ബസ് കൂടി ലഭ്യമാക്കി കാസർകോട്–കാഞ്ഞങ്ങാട്, കാസർകോട്–മംഗളൂരു നോൺ സ്റ്റോപ് സർവീസ് ആരംഭിച്ചാൽ അരമണിക്കൂർകൊണ്ട് കാഞ്ഞങ്ങാട്ടും 35 മിനിറ്റുകൊണ്ട് കാസർകോട്ടുനിന്നു മംഗളൂരുവിലും എത്താം. രണ്ടു റൂട്ടുകളിലും ചുരുങ്ങിയത് അരമണിക്കൂർ വീതം സമയലാഭം കിട്ടും. ഇന്ധനവില താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ സ്വന്തം വാഹനം ഉള്ളവർക്കും ഈ ബസ് സർവീസ് വലിയ സഹായമാകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

