നീലേശ്വരം ∙ ദേശീയപാതയിൽ കരുവാച്ചേരി സ്റ്റോറിന് സമീപത്തുനിന്നു കണിയാംവയൽ, രാമരം പ്രദേശങ്ങളിലേക്ക് നീളുന്ന റോഡിന്റെ ഇരുവശവും താമസിക്കുന്ന ജനങ്ങൾ വെള്ളക്കെട്ട് കാരണം ദുരിതത്തിൽ. റോഡിൽനിന്നു വളരെ ഉയർത്തിയാണ് ദേശീയപാത സർവീസ് റോഡ് നിർമിച്ചിട്ടുള്ളത്.
ചെറിയ മഴ പെയ്താൽതന്നെ റോഡിലും സമീപത്തെ വീടുകളിലും വെള്ളം പൊങ്ങും. കാലങ്ങളായി റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു രാമരംവഴി വെള്ളം ഒഴുകിവരുന്ന കൈത്തോട് ഈ പ്രദേശത്തുകൂടിയാണ് ദേശീയപാത ഭാഗത്തേക്കു പോകുന്നത്.
നിർമാണ സമയത്ത് അടിഞ്ഞുകൂടിയ മണ്ണും കോൺക്രീറ്റും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതിനാൽ തോടിന്റെ അരികിൽ താമസിക്കുന്ന വി.വി.മാധവൻ, സൗദാമിനി, എസ്.എം.മുരളി, വെള്ളൂർ കൃഷ്ണൻ, കുഞ്ഞമ്പു എന്നിവരുടെ പറമ്പുകളും ഇവിടത്തെ കാർഷിക വിളകളും മഴക്കാലത്ത് മിക്കപ്പോഴും വെള്ളത്തിലാണ്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വീടിനു ചുറ്റും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായതിനാൽ കണിയാംവയലിലെ മുരളിയുടെ മക്കളായ അർജുൻ, ആർദ്ര, അശ്വിൻ എന്നിവർക്ക് സ്കൂളിൽ പോകാനും സാധിച്ചില്ല. തോട്ടിലൂടെയുള്ള ഒഴുക്ക് സുഗമമാക്കി പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]