കാസർകോട് ∙ 1987ലെ വിജയത്തിനുശേഷം ജില്ലയിൽ ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. അന്ന് 2 എംഎൽഎ ഉണ്ടായിരുന്നത് 1991ലെ തിരഞ്ഞെടുപ്പിൽ പൂജ്യം ആയി.
പിന്നീട് കോൺഗ്രസിന് അഭിമാനിക്കാവുന്ന പ്രകടനം 2019ലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ കൊടുങ്കാറ്റായപ്പോൾ എൽഡിഎഫിന്റെ കുത്തക മണ്ഡലങ്ങൾ പോലും ആടിയുലഞ്ഞു.
ചരിത്രത്തിൽ ഒരിക്കൽപോലും കോൺഗ്രസ് ജയിച്ചിട്ടില്ലാത്ത തൃക്കരിപ്പൂർ മണ്ഡലത്തിൽ 2024ൽ 10448 വോട്ടിന്റെ ഭൂരിപക്ഷം. ഉദുമയിൽ 11959 വോട്ട് ഭൂരിപക്ഷം.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2050 വോട്ടിന്റെ ഭൂരിപക്ഷം. മഞ്ചേശ്വരത്ത് 16749 വോട്ടുകളും കാസർകോട്ട് 26376 വോട്ടുകളുമാണു ഭൂരിപക്ഷം.
ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴും നല്ല സ്വാധീനമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ വോട്ട് വിഹിതം. എന്നിട്ടും എന്താണ് ജില്ലയിൽ കോൺഗ്രസിനു സംഭവിക്കുന്നത്?
ലോക്സഭാ തിരഞ്ഞെടുപ്പ് നൽകുന്ന പാഠം
മഞ്ചേശ്വരത്തും കാസർകോട്ടും മുസ്ലിം ലീഗിന്റെ വോട്ട് കൂടിചേർത്താണു ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമെങ്കിൽ മറ്റ് 3 മണ്ഡലങ്ങളിൽ അങ്ങനെ തീർത്തു പറയാനാവില്ല.
ചുരുക്കത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യാൻ സമ്മതമുള്ള വോട്ടർമാർ ഇപ്പോഴും കാസർകോട് ജില്ലയിലുണ്ട്. 2019ലും 2024ലും കോൺഗ്രസിനു വേണ്ടി ഉണ്ണിത്താൻ നേടിയ വിജയങ്ങൾ നൽകുന്ന സന്ദേശമാണത്.
എന്നിട്ടുമെന്തേ ഒരു എംഎൽഎയില്ലാതെ കോൺഗ്രസിന്റെ ഈ നീണ്ട കാത്തിരിപ്പ്? സംഘടനാ സംവിധാനം വേണ്ടത്ര ഫലപ്രദമല്ലാത്തതു കോൺഗ്രസിന്റെ പരാജയ കാരണങ്ങളിലൊന്നാണ്.
ജനങ്ങൾക്കു പൂർണമായി സ്വീകാര്യമായ ആളുകൾ മത്സരരംഗത്തേക്കു വരാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയം സാധ്യമാകാത്തതെന്നും ഇത്തവണ അതിൽ മാറ്റമുണ്ടാകുമെന്നും കോൺഗ്രസ് നേതാവും കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഖാദർ മാങ്ങാട് പറഞ്ഞു.
1991നു ശേഷം കോൺഗ്രസ് എംഎൽഎ ഇല്ല
സ്വാതന്ത്ര്യം കിട്ടിയശേഷം ആദ്യകാലത്തു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ കാസർകോട് മണ്ഡലത്തിൽനിന്ന് 1952ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് അസംബ്ലിയിലേക്ക് എം.എസ്.മൊഗ്രാൽ തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് സീറ്റിലായിരുന്നു. അന്നു ഹൊസ്ദുർഗിൽ കോൺഗ്രസ് തോൽക്കുകയും ചെയ്തു.
ഇതിനുമുൻപേ കോൺഗ്രസ് നേതാവ് സി.കെ.രാഘവൻ നമ്പ്യാർ സൗത്ത് കാനറാ ജില്ലാ ബോർഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ 1987ൽ 2 എംഎൽഎമാർ ജയിച്ചശേഷം 1991ൽ തീർത്തും പരാജയപ്പെട്ട
കോൺഗ്രസിനു പിന്നീട് ജില്ലയിൽനിന്ന് ഒരു എംഎൽഎ ഉണ്ടായിട്ടില്ല.
അവസാന ജയം 1987ൽ
1957ലെ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽനിന്നു മത്സരിച്ചു ജയിച്ച സി.കുഞ്ഞികൃഷ്ണൻനായരാണ് ആദ്യ കോൺഗ്രസ് എംഎൽഎ. 1960ൽ എം.കുഞ്ഞിക്കണ്ണൻ നമ്പ്യാരും(എം.കെ.നമ്പ്യാർ) കാസർകോട്ടുനിന്ന് എംഎൽഎ ആയി.
ഇതേവർഷം സി.കുഞ്ഞികൃഷ്ണൻ നായർ നീലേശ്വരം മണ്ഡലത്തിൽനിന്ന് കോൺഗ്രസിനായി മത്സരിച്ചു നിയമസഭയിലെത്തി. 1960നു ശേഷം കാസർകോട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിനു ജയിക്കാനായില്ല.
1965ൽ മഞ്ചേശ്വരത്തുനിന്നു കോൺഗ്രസിന്റെ മഹാബല ഭണ്ഡാരി ജയിച്ചു. 1967, 1970, 1977, 1980, 1982 വർഷങ്ങളിലൊന്നും കോൺഗ്രസിന് ഇന്നത്തെ കാസർകോട് ജില്ലയുടെ പരിധിയിൽപ്പെട്ട
മണ്ഡലങ്ങളിൽനിന്ന് ഒരു എംഎൽഎ പോലുമില്ല. 1987ൽ ജില്ലയിൽനിന്ന് 2 എംഎൽഎമാർ കോൺഗ്രസിനുണ്ടായി.
ഉദുമയിൽ കെ.പി.കുഞ്ഞിക്കണ്ണനും ഹൊസ്ദുർഗിൽ എൻ.മനോഹരനും. ഉദുമയിൽ സിപിഎമ്മിനെയും ഹൊസ്ദുർഗിൽ സിപിഐയെയുമാണ് കോൺഗ്രസ് തോൽപ്പിച്ചത്.
നെഹ്റു, ഇന്ദിര, രാജീവ്…
ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കാസർകോട്ടും കാഞ്ഞങ്ങാടും എത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട്ട് നെഹ്റു പ്രസംഗിച്ച വേദിയാണ് ഇപ്പോൾ നെഹ്റു മൈതാനി എന്നറിയപ്പെടുന്നത്. 1957ൽ ലോക്സഭയിലേക്ക് എകെജിക്കെതിരെ ബി.എ.ഷേണായി മത്സരിക്കുമ്പോഴാണു നെഹ്റു ഇവിടെയെത്തുന്നത്.
1970ൽ ഇന്ദിരാഗാന്ധി തുറന്ന കാറിൽ കാഞ്ഞങ്ങാട് വഴി കണ്ണൂരിലേക്കു പോയി. കോട്ടച്ചേരിയിലെത്തിയപ്പോൾ ജീപ്പിലിരുന്ന് ഇന്ദിര പ്രസംഗിക്കുകയും ചെയ്തു.
1987ൽ രാജീവ്ഗാന്ധി കാഞ്ഞങ്ങാട് പോളിടെക്നിക് മൈതാനിയിൽ പ്രസംഗിച്ചതിന്റെ ഓർമ കെപിസിസി സെക്രട്ടറി എം.അസിനാർ പങ്കുവയ്ക്കുന്നു. അന്നു പരിപാടിയുടെ സംഘാടകരിലൊരാളായിരുന്നു അദ്ദേഹം.
പോളിടെക്നിക് മൈതാനിയിലേക്ക് ഹെലികോപ്റ്ററിലാണ് രാജീവ്ഗാന്ധിയെത്തിയത്. അന്നു കോടോത്ത് ഗോവിന്ദൻ നായരായിരുന്നു ഇന്ദിരയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് രാഹുൽ ഗാന്ധിയും കാസർകോട്ടെത്തി.
കോൺഗ്രസിന് 3 എംപിമാർ
1971ലാണ് ലോക്സഭയിലേക്ക് കാസർകോട്ടുനിന്ന് ആദ്യ കോൺഗ്രസ് എംപി ഉണ്ടാവുന്നത്. സിപിഎമ്മിലെ ഇ.കെ.നായനാരെ കോൺഗ്രസിനുവേണ്ടി രാമചന്ദ്രൻ കടന്നപ്പള്ളി തോൽപിച്ചു.
അന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. 1977ൽ സിപിഎമ്മിന്റെ രാമണ്ണ റെയെ തോൽപിച്ച് രാമചന്ദ്രൻ കടന്നപ്പള്ളി വിജയം ആവർത്തിച്ചു.
1980ൽ കോൺഗ്രസ് ലോക്സഭയിലേക്കു തോറ്റെങ്കിലും പിന്നീട് 1984ൽ കോൺഗ്രസിന്റെ ഐ.രാമ റൈ വിജയിച്ച് എംപിയായി. അതിനുശേഷം 3 പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണു രാജ്മോഹൻ ഉണ്ണിത്താനിലൂടെ 2019ലും 2024ലും കോൺഗ്രസിന് ലോക്സഭയിലേക്ക് കാസർകോട്ടുനിന്ന് പ്രതിനിധി ഉണ്ടാവുന്നത്.
കോൺഗ്രസ് ചരിത്രം
1924കളിൽതന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കാസർകോടിന്റെ പല മേഖലകളിൽ കമ്മിറ്റികൾ നിലവിൽ വന്നിരുന്നു.
എ.സി.കണ്ണൻ നായർ, കെ.ടി.കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് ആരംഭിച്ച വിജ്ഞാനദായിനി വായനശാലയായിരുന്നു പാർട്ടി പ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. വിദ്വാൻ പി.കേളു നായർ, അച്ചുത ഭക്ത തുടങ്ങിയവരായിരുന്നു സ്കൂളിലെ അധ്യാപകർ.
കെ.മാധവൻ, കെ.എ.കേരളീയൻ എന്നിവർ വിദ്യാർഥികളായിരുന്നു. ഈ സംഘമാണു സ്വാതന്ത്ര്യ സമരപോരാട്ടം വളർത്തിയത്.
കാസർകോട് ഭാഗത്ത് സദാശിവ റാവു, ഉമേശ് റാവു, എ.അച്യുതൻ എന്നിവരും ചെറുവത്തൂരിൽ സി.പി.കൃഷ്ണൻ നായർ തുടങ്ങി ധാരാളം നേതാക്കളും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചാലകശക്തിയായി. നീലേശ്വരം രാജാസ് സ്കൂളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രമായി മാറി.
കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന മേലത്ത് നാരായണൻ നമ്പ്യാർ, എൻ.കെ.ബാലകൃഷ്ണൻ, സി.കെ.രാഘവൻ നമ്പ്യാർ, സി.കെ.ശങ്കരൻ നമ്പ്യാർ, പി.യു.കുഞ്ഞിക്കണ്ണൻ നായർ, എൻ.ജി.കാമത്ത്, എൻ.കെ.കുട്ടൻ എന്നിവരും കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി.
പിന്നീട് ഇവരിൽ ചിലരൊക്കെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കു മാറി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ തുടർച്ചയായി കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയായി മാറിയപ്പോൾ പല നേതാക്കളും അപ്പോഴും കോൺഗ്രസിനൊപ്പം നിന്നു.
മോഹിപ്പിക്കുന്ന ഉദുമയും തൃക്കരിപ്പൂരും
നിയമസഭാ തിരഞ്ഞെടുപ്പിൽ കാലങ്ങളായി കോൺഗ്രസിനെ മോഹിപ്പിക്കുന്ന മണ്ഡലങ്ങളാണ് ഉദുമയും തൃക്കരിപ്പൂരും.
ഉദുമയിൽ കെ.സുധാകരനെത്തി മത്സരിച്ചിട്ടും ആ സ്വപ്നം പുവണിഞ്ഞില്ല. ഇത്തവണയും കോൺഗ്രസ് സ്വപ്നം കാണുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.
ലീഗിന്റെ കൂടെ കരുത്തിൽ യുഡിഎഫ് മുന്നണിയായി കോൺഗ്രസ് പലപ്പോഴും ജില്ലയിൽ മികവു കാണിച്ചിട്ടുമുണ്ട്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ് ഇങ്ങനെ പലപ്പോഴും ഭരണം നേടി.
കെ.പി.കുഞ്ഞിക്കണ്ണൻ, ഐ.രാമ റൈ, കോടോത്ത് ഗോവിന്ദൻ നായർ, പി.ഗംഗാധരൻ നായർ, കെ.വെളുത്തമ്പു, സി.കെ.ശ്രീധരൻ, ഹക്കീം കുന്നിൽ തുടങ്ങിയ ഡിസിസി പ്രസിഡന്റുമാരും പല കാലങ്ങളിൽ കോൺഗ്രസ് പാർട്ടിയെ നയിച്ചവരാണ്. ഇതിൽ സി.കെ.ശ്രീധരൻ പിന്നീട് പാർട്ടിവിട്ടു സിപിഎമ്മിൽ ചേരുകയുണ്ടായി.
പി.കെ.ഫൈസലാണ് നിലവിൽ ഡിസിസി പ്രസിഡന്റ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി വിട്ടു കോൺഗ്രസിലെത്തിയ മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ, കെ.വി.കുഞ്ഞമ്പു തുടങ്ങിയവരും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

