വാഷിങ്ടൻ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നയതന്ത്ര ചർച്ചകൾക്കായി അമേരിക്കയിൽ തുടരുന്നതിനിടയിൽ, യുഎസ് പ്രതിരോധ മേഖലയെ ഞെട്ടിച്ച സുരക്ഷാ വീഴ്ച പുറത്തുവന്നു. അമേരിക്കയുടെ ഏറ്റവും ആധുനിക യുദ്ധവിമാനമായ എഫ്-35 സ്റ്റെൽത്ത് ഫൈറ്ററിന്റെ അതീവ സുരക്ഷിതവും രഹസ്യസ്വഭാവമുള്ളതുമായ ഭാഗങ്ങൾ ഭരണകൂടം പിടിച്ചെടുത്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേയ് മാസത്തിൽ ഓസ്ട്രേലിയയിൽ നിന്നും അറ്റകുറ്റപ്പണികൾക്കായി അമേരിക്കയിലേക്ക് അയച്ച വിമാനഭാഗങ്ങളാണ് വഴിമാറി ഹോങ്കോങ്ങിൽ എത്തുകയും തുടർന്ന് ചൈനയുടെ കൈകളിൽ അകപ്പെടുകയും ചെയ്തത്. വിമാനത്തിന്റെ കോക്പിറ്റ് കാനോപി, വെപ്പൺസ് ബേ ഡോർ എന്നിവയാണ് കാണാതായവയിലുള്ളത്.
റഡാറുകളുടെ കണ്ണിൽ പെടാതെ വിമാനങ്ങളെ ഒളിപ്പിച്ചു നിർത്താൻ യുഎസ് പതിറ്റാണ്ടുകൾ കൊണ്ട് വികസിപ്പിച്ചെടുത്ത റഡാർ-അബ്സോർബിങ് മെറ്റീരിയൽ പൂശിയ ഭാഗങ്ങളായിരുന്നു ഇവ. സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രാലയവും പെന്റഗണും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്ക ഭയക്കുന്നത് എന്തിനെ? ഇതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഹോങ്കോങ്ങിനു മേൽ ചൈനയ്ക്കുള്ള കടുത്ത സുരക്ഷാ നിയമങ്ങൾ ഉപയോഗിച്ച് ചൈന ഈ ഭാഗങ്ങൾ ഇതിനകം തങ്ങളുടെ സൈനിക ലാബുകളിലേക്ക് മാറ്റിയെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉറച്ചു വിശ്വസിക്കുന്നത്.
എഫ്-35 വിമാനത്തിന്റെ സാങ്കേതികവിദ്യ ചോരാതിരാൻ നാറ്റോ സഖ്യകക്ഷികൾക്ക് മാത്രമാണ് യുഎസ് ഇത് വിൽക്കാറുള്ളത്. ചൈന ഈ ഭാഗങ്ങൾ റിവേഴ്സ് എൻജിനിയറിങ് വഴി പഠിച്ചെടുത്ത് അവരുടെ സ്വന്തം സ്റ്റെൽത്ത് വിമാനങ്ങളായ ജെ-20, ജെ-35 എന്നിവ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നാണ് യുഎസ് സൈനിക വൃത്തങ്ങളുടെ പ്രധാന ആശങ്ക.
വിമാനഭാഗങ്ങൾ ഹോങ്കോങ്ങിൽ എത്തിയത് എങ്ങനെ? വിമാനം അജ്ഞാതമായ കാരണങ്ങളാൽ വഴിമാറി ഹോങ്കോങ്ങിലേക്ക് പറക്കുകയായിരുന്നുവെന്നാണ് വിവരം. നാല് മാസം പിന്നിട്ടിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാൻ ഓസ്ട്രേലിയയ്ക്കോ യുഎസിനോ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിമാനത്തിന്റെ നിർമാതാക്കളായ ലോക്ഹീഡ് മാർട്ടിന്റെ പക്കൽ നിന്നും പത്ത് ലക്ഷത്തിലധികം എഫ്-35 സ്പെയർ പാർട്സുകൾ കാണാതായിട്ടുണ്ടെന്നാണ് 2023ലെ യുഎസ് അക്കൗണ്ടബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇത്രയും തന്ത്രപ്രധാനമായ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ നേരിട്ട് അകപ്പെടുന്നത് ഇതാദ്യമായി എന്നത് അമേരിക്കൻ വ്യോമസേനയുടെ ആഗോള മേധാവിത്വത്തിനു പ്രഹരമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

