
നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്തിന് കണ്ണീരിൽ കുതിർന്ന വിട. കഴിഞ്ഞദിവസം ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്നു. വിജയകാന്തിന്റെ വിയോഗത്തിൽ ആരാധകരും സഹപ്രവർത്തകരുമെല്ലാം വളരെ വൈകാരികമായാണ് പ്രതികരിച്ചത്. അക്കൂട്ടത്തിൽ സൂപ്പർതാരം രജനികാന്തുമുണ്ടായിരുന്നു.
സംസ്കാരച്ചടങ്ങിനെത്തിയ രജനികാന്ത് വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ ആശ്വസിപ്പിച്ചു. വിജയകാന്തിന്റെ ഭൗതികശരീരം കണ്ട് മടങ്ങുന്നതിനിടെ കാറിൽവെച്ച് രജനികാന്ത് പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കരച്ചിലടക്കാനാവാതെ മാസ്ക് കൊണ്ട് മുഖം മറയ്ക്കുന്നതായും വീഡിയോയിൽ കാണാം.
വിജയകാന്തിന്റെ മരണത്തിൽ വളരെയേറെ ദുഃഖിക്കുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിജയകാന്തിനേക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹവുമായുള്ള സൗഹൃദമാണ് ഓർമവരുന്നത്. ഒരുതവണ അദ്ദേഹവുമായി ഇടപഴകിയാൽ ജീവിതകാലം മുഴുവൻ അത് മറക്കാനാവില്ല. ആ സ്നേഹത്തിന് മുന്നിൽ എല്ലാവരും അടിമയാവും. സുഹൃത്തുക്കളോടുൾപ്പെടെ അദ്ദേഹം ദേഷ്യപ്പെടും. പക്ഷേ ആർക്കും അദ്ദേഹത്തോട് ദേഷ്യം തോന്നില്ല. കാരണം ആ ദേഷ്യത്തിനുപിന്നിൽ ന്യായമുള്ള ഒരു കാരണമുണ്ടാവുമെന്നത് തന്നെ.
ഒരിക്കൽ ഞാൻ സുഖമില്ലാതെ ആശുപത്രിയിൽക്കഴിയുമ്പോൾ സുഹൃത്തുക്കളും ആരാധകരും മീഡിയയുമെല്ലാം വന്ന് പ്രശ്നമായി. അതിനുപിന്നാലെ വിജയകാന്തുമെത്തി. അഞ്ച് മിനിറ്റുകൊണ്ടാണ് അവിടെ വന്നവരെയെല്ലാം അദ്ദേഹം മടക്കി അയച്ചത്. അദ്ദേഹം എന്താണ് ചെയ്തതെന്നറിയില്ല. ഞാൻ കിടക്കുന്ന മുറിയുടെ അടുത്ത് മറ്റൊരു മുറി ബുക്ക് ചെയ്യുമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. രജനികാന്ത് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]