‘വണങ്കാൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് താൻ നടി മമിത ബൈജുവിനെ അടിച്ചെന്ന വാർത്തകൾ തള്ളി സംവിധായകൻ ബാല. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഗലാട്ടാ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഈ സംഭവത്തിൽ വ്യക്തത വരുത്തിയത്. മമിത തനിക്ക് മകളെപ്പോലെയാണെന്നുപറഞ്ഞ അദ്ദേഹം അങ്ങനെയൊരാളെ ആരെങ്കിലും അടിക്കുമോയെന്നും ചോദിച്ചു. ചെറിയ കുട്ടിയാണ് മമിതയെന്നും ബാല പറഞ്ഞു.
ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്ന് ബാല വ്യക്തമാക്കി. “അന്ന് ആ സിനിമയ്ക്ക് വേണ്ടി ബോംബെയിൽ നിന്നു വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു വർക്ക് ചെയ്തത്. മമിതയ്ക്ക് അപ്പോൾ ഷോട്ട് ഉണ്ടായിരുന്നില്ല. അവർ വെറുതെ ഇരിക്കുകയായിരുന്നു.
ആ സമയം മേക്കപ്പ് ആർടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവർക്കറിയില്ല. മമിതയ്ക്ക് അവരോട് ഇക്കാര്യം പറയാനും അറിയില്ലായിരുന്നു. ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മമിത മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാൻ കയ്യോങ്ങി. വാർത്ത വന്നപ്പോൾ ഞാൻ അടിച്ചെന്നായി. യഥാർത്ഥത്തിൽ അവിടെ നടന്നത് ഇതാണ്.” ബാല കൂട്ടിച്ചേർത്തു
സെറ്റിൽ വച്ച് സംവിധായകൻ ബാല മോശമായി പെരുമാറിയെന്ന വിഷയത്തിൽ മമിത നേരത്തേ വ്യക്തത വരുത്തിയിരുന്നു. സംവിധായകൻ ബാല തന്നെ അടിച്ചിട്ടില്ല എന്നും താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നുമായിരുന്നു മമിത പറഞ്ഞത്. വണങ്കാനിൽ നിന്ന് സൂര്യയും മമിതയും പിന്മാറിയതോടെ അരുൺ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ചിത്രം ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ബാല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]