
കണ്ണഞ്ചിപ്പിച്ചുകൊണ്ട് അതിവേഗം മിന്നിമായുന്ന ഫ്രെയിമുകള്‍. ഇന്സ്റ്റാറീലുകളുടെ സ്വഭാവത്തില്‍ കാഴ്ചയുടെ ആഘോഷം. അതായിരുന്നു ‘തല്ലുമാല’ എന്ന സിനിമയുടെ എഡിറ്റിങ് പാറ്റേണ്‍. ചിത്രസംയോജനത്തിന്റെ മാന്ത്രികതയായിരുന്നു ആ സിനിമയെ ഹിറ്റാക്കിയ പ്രധാനഘടകം. നിരൂപകപ്രശംസയും പ്രേക്ഷകരുടെ കൈയടിയും സംസ്ഥാനപുരസ്കാരവും ഒരുമിച്ചുനേടിയ മികവിന് പിന്നില്‍ നിഷാദ് യൂസഫ് എന്ന ചെറുപ്പക്കാരനായിരുന്നു. ‘തല്ലുമാല’യിലെപ്പോലെ ക്ഷണനേരംകൊണ്ട് ഉയരങ്ങളിലേക്ക് കുതിച്ച നിഷാദ് ഒടുവില്‍ ഫാസ്റ്റ് കട്ടിലൂടെ ജീവിതത്തിന് വിരാമമിട്ടപ്പോള്‍ അവിശ്വസനീയതയിലാണ് മലയാള സിനിമാലോകം.
ഹരിപ്പാട് ഡാണാപ്പടിയിലെ എസ്.എന്‍.തീയറ്ററില്‍ സിനിമ കണ്ടുതുടങ്ങി ഒടുവില്‍ തെന്നിന്ത്യന്‍സിനിമയിലെ തന്നെ എഡിറ്റര്‍മാര്‍ക്കിടയില്‍ സൂപ്പര്‍താരമായി മാറിയ ആളാണ് നിഷാദ് യൂസഫ്. സിനിമ കണ്ടുകണ്ട് ഇഷ്ടം തോന്നിയപ്പോള്‍ ചലിക്കുന്ന ചിത്രങ്ങളോടായി കമ്പം. ബിരുദത്തിന് പിന്നാലെ ആനിമേഷന്‍ പഠനത്തിന് പോയതാണ് ടേണിങ് പോയന്റ്. വിഷ്വല്‍ എഫക്ടിസിനൊപ്പം എഡിറ്റിങ്ങിലേക്കും കടന്നു. പോസ്റ്റ് പ്രൊഡക്ഷനില്‍ ഡിപ്ലോമയ്ക്ക് ശേഷം തിരുവനന്തപുരത്ത് എഡിറ്റിങ് സ്റ്റുഡിയോയിലേക്ക്. അവിടെ ചാനലുകളില്‍ ജോലി ചെയ്തശേഷം സീരിയല്‍ രംഗത്തെത്തി. സ്പോട്ട് എഡിറ്ററായാണ് സിനിമയിലേക്കുള്ള കാല്‍വെയ്പ്. വിനയന് സംവിധാനം ചെയ്ത ‘രഘുവിന്റെ സ്വന്തം റസിയ’യാണ് സ്വതന്ത്രമായി ചെയ്ത ആദ്യസിനിമ.
അതുതന്നെ നിഷാദിന്റെ ചങ്കൂറ്റത്തിനുള്ള തെളിവായിരുന്നു. ആ കഥ വിനയന് പറയുന്നു: ‘എഡിറ്റിങ് സഹായിയായിക്കോട്ടെയെന്നാണ് നിഷാദ് എന്നോട് ആദ്യം ചോദിച്ചത്. ആ സമയത്ത് അമ്മയും ഫെഫ്കയും എനിക്ക് വിലക്കേര്‍പ്പെടുത്തിയ സമയമാണ്. എന്നോട് സഹകരിക്കരുതെന്ന് എല്ലാ ടെക്നീഷന്മാര്ക്കും നിര്‍ദേശം നല്‍കിയിരുന്നു അവര്‍. എന്റെ പതിവ് എഡിറ്റര്മാരൊക്കെ നിസ്സഹായരായിരുന്നു. ആ സമയത്താണ് കാര്യം ഓര്‍മിച്ചത്. പുതിയ സിനിമ എഡിറ്റ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സാര്‍ കൂടെയുണ്ടെങ്കില്‍ ഞാന്‍ തയ്യാറാണ് എന്നാണ് അയാള്‍ പറഞ്ഞത്. വല്ലാത്തൊരു നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു ആ വാക്കുകളില്‍. പുതിയ ആളായതുകൊണ്ട് ക്രെഡിറ്റില്‍ പേര് വയ്ക്കാന്‍ നിഷാദ് മടിച്ചപ്പോള്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്, നിങ്ങളുടെ പേരില്‍തന്നെ സിനിമ വരണമെന്ന്. അതിന് ശേഷം ‘ഡ്രാക്കുള’യിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. എല്ലാവരും എനിക്ക് അയിത്തം കല്പിച്ചപ്പോള് ധൈര്യത്തോടെ കൂടെ നിന്നയാളാണ് നിഷാദ്. സിനിമയില്‍ പിന്നീട് അവസരങ്ങള്‍ നിഷേധിക്കപ്പെടാമെന്നിരിക്കെ അയാള്‍ എനിക്കൊപ്പം കൈപിടിച്ചുനിന്നു. ആ ചങ്കൂറ്റത്തിന് കാലം നല്കിയ അംഗീകാരമാണ് അയാളുടെ പിന്നീടുള്ള വളര്‍ച്ച. ‘പത്തൊമ്പതാം നൂറ്റാണ്ട്’ കണ്ട് എന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. നീയിപ്പോള്‍ വലിയ വലിയ പടങ്ങള്ക്കൊപ്പമല്ലേ എന്ന് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു നിഷാദിന്റെ മറുപടി.’
നിഷാദ് എഡിറ്റ് ചെയ്ത സിനിമകളുടെ പട്ടിക കണ്ടാല്‍ ശരിക്കും ഭ്രമിക്കും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുതല്‍ നസ്ലിന്റെ വരെ മലയാളം സിനിമകള്‍. അതിരുകള്‍ കടന്ന് തമിഴ് സിനിമയിലെത്തിയപ്പോള്‍ കാത്തിരുന്നത് സൂര്യ പോലുള്ള നായകരുടെ ചിത്രങ്ങള്‍. ചെന്നൈയില്‍ കഴിഞ്ഞദിവസം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചില്‍ സൂര്യയ്ക്കും ബോബി ഡിയോളിനുമൊപ്പം ചിരിച്ചമുഖത്തോടെ സെല്‍ഫിയെടുത്ത നിഷാദ് സ്വയം ജീവിതമവസാനിപ്പിച്ചതിന്റെ ഞെട്ടല്‍ തമിഴ് സിനിമാലോകത്തിനുമുണ്ട്. നവംബര്‍ 14-നാണ് ‘കങ്കുവ’യുടെ റിലീസ്. സൂര്യയുടെ അടുത്ത ചിത്രത്തിന്റെ എഡിറ്ററും നിഷാദ് ആയിരുന്നു.
ഖാലിദ് റഹ്മാന്റെ സ്ഥിരം എഡിറ്ററായാണ് നിഷാദ് മലയാളം സിനിമയില്‍ കൈയൊപ്പിട്ടത്. ‘ഉണ്ട’യ്ക്കും ‘തല്ലുമാല’യ്ക്കും പുറമേ ഖാലിദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ എഡിറ്റിങ് നിര്‍വഹിച്ചതും നിഷാദ് ആയിരുന്നു. സിനിമയിലുള്ളവര്‍ക്ക് നല്ലവാക്കുകള്‍ മാത്രമേ നിഷാദിനെക്കുറിച്ച് പറയാനുള്ളൂ. ‘വളരെ സെന്‍സിറ്റീവായിരുന്നു നിഷാദ്. പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാള്‍. ക്രിയേറ്റീവായ മനുഷ്യരുടെ പ്രത്യേകതയാണല്ലോ അത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ…’ നിഷാദിനെക്കുറിച്ച് നിര്‍മാതാവ് സന്ദീപ് സേനന് പറയുന്നു. സന്ദീപിന്റെ ‘സൗദി വെള്ളയ്ക്ക’യും ചിത്രസംയോജകനെന്ന നിലയില്‍ നിഷാദിന്റെ ശ്രദ്ധേയ സിനിമകളിലൊന്നാണ്.
‘സ്വപ്നതുല്യമായ ഉയരങ്ങളിലെത്തിയ ഒരു എഡിറ്റര്‍.’- സംവിധായകന് ഷാജി അസീസ് നിഷാദിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ എന്റെ വൂള്‍ഫ് എന്ന സിനിമയുടെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് നിഷാദാണ്. അതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചെറുതൊയൊന്ന് പിണങ്ങി. പക്ഷേ അതുകഴിഞ്ഞ് ഞങ്ങളുടെ പൊതുസുഹൃത്തിനെ കണ്ടപ്പോള്‍ ക്ഷമാപണപൂര്‍വം നിഷാദ് അതേക്കുറിച്ച് സംസാരിച്ചിരുന്നു. അതായിരുന്നു അയാളുടെ പ്രകൃതം’-ഷാജി പറയുന്നു.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നിഷാദിനെ പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി മുറി പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
നിഷാദിന്റെ പ്രധാന ചിത്രങ്ങള്‍
ഉണ്ട, സൗദി വെളളയ്ക്ക, തല്ലുമാല, ഓപ്പറേഷന് ജാവ, വണ്‍, ചാവേര്‍, രാമചന്ദ്രബോസ് ആന്റ് കോ, ഉടല്, ആളങ്കം, ആയിരത്തിയൊന്ന് നുണകള്‍, അഡിഗോസ് അമിഗോ, എക്സിറ്റ്
പുറത്തിറങ്ങാനിരിക്കുന്നത്
ബസൂക്ക, ആലപ്പുഴ ജിംഖാന, തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ സിനിമ, കങ്കുവ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]