‘എന്റെ തൊണ്ട കളഞ്ഞ് വിളിച്ചു പറഞ്ഞതല്ലേ കമ്പിളിപ്പുതപ്പ്… കമ്പിളിപ്പുതപ്പ്… എന്ന്.. മൂന്നര പതിറ്റാണ്ടായി. ഇപ്പോഴതു കിട്ടിയപ്പോൾ പഴയ ഊർജം തിരിച്ചുകിട്ടിയതുപോലെ’ -അമൃതം ഗോപിനാഥ് പറയുന്നു.
റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണനെയും(മുകേഷ്) ഹോസ്റ്റലിലെ മേട്രനെയും(അമൃതം ഗോപിനാഥ്) ഓർക്കാത്തവരുണ്ടാകില്ല. ഗോപാലകൃഷ്ണന്റെ അമ്മ താമസിച്ചിരുന്ന ഹോസ്റ്റലിലെ മേട്രണായിരുന്നു അമൃതം. ‘കൽക്കട്ടേന്നു പോരുമ്പഴേ…ഒരു കമ്പിളിപ്പുതപ്പുകൂടി മേടിച്ചോണ്ടു വരണേ…’എന്നു മേട്രണും തുടർന്ന് ‘കേൾക്കുന്നില്ല കേൾക്കുന്നില്ല’ എന്നു ഗോപാലകൃഷ്ണൻ പറയുന്നതും ‘കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്’ എന്ന് മേട്രൻ തൊണ്ടകീറുന്നതും ആരും മറക്കില്ല. പിന്നീടത് മലയാളിയുടെ നിത്യസംഭാഷണത്തിന്റെ ഭാഗമായി.
അന്നത്തെ അതേ ഹോസ്റ്റലിലെത്തി മേട്രനു ഗോപാലകൃഷ്ണൻ കമ്പിളിപ്പുതപ്പ് സമ്മാനിക്കുന്ന പുതിയ വീഡിയോ ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് ഇപ്പോൾ തയ്യാറാക്കിയത്. യുവസംവിധായകനായ റെജിൻ എസ്. ബാബുവാണ് മുകേഷിനെയും അമൃതത്തെയും ഒരിക്കൽക്കൂടി ഗോപാലകൃഷ്ണനായും മേട്രനായും പുതുതലമുറയ്ക്കുമുന്നിൽ അവതരിപ്പിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിനായി ‘പറഞ്ഞവാക്കു പാലിക്കുക’ എന്ന ആശയമാണ് ഇതിലൂടെ കാണിച്ചത്. ഗോപാലകൃഷ്ണൻ അന്നു ‘കേൾക്കാതെപോയ’ കമ്പിളിപ്പുതപ്പ് മേട്രനു സമ്മാനിക്കുകയാണ് ചിത്രത്തിൽ.
നൃത്താധ്യാപികയായ അമൃതം ആലപ്പുഴ സ്വദേശിനിയാണ്. വയസ്സ് 84 ആയെങ്കിലും ഇന്നും നൃത്തവേദികളിൽ സജീവം. മൂന്നൂറോളം കുട്ടികളെ ഇപ്പോഴും നൃത്തം അഭ്യസിപ്പിക്കുന്നു. റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ ഗാനരംഗങ്ങളിൽ തന്റെ ശിഷ്യരുമായി നൃത്തം ചെയ്യാനെത്തിയതായിരുന്നു അമൃതം. ഹോസ്റ്റൽ മേട്രനായി അഭിനയിക്കാമോയെന്ന് സംവിധായകൻ സിദ്ദിഖ് ചോദിച്ചു. ‘ ഒറ്റസീനാണെങ്കിലും മലയാളി എന്നും ഓർത്തുചിരിക്കുന്ന രംഗമാണ് അന്നു പിറന്നത്’ -അമൃതത്തിന്റെ വാക്കുകൾ.
എറണാകുളം ഞാറയ്ക്കലിലെ ഒരുവീട്ടിൽവെച്ചായിരുന്നു പരസ്യചിത്രീകരണം. മുകേഷിനൊപ്പം പാചകംചെയ്യുന്നതും നൃത്തം അവതരിപ്പിക്കുന്നതുമൊക്കെ ചുരുങ്ങിയ നിമിഷങ്ങളിൽ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]