
മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. അണിയറപ്രവർത്തനങ്ങൾ പൂർത്തിയാവുന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് ദീപക് ദേവ് ആണ്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ചും ഗാനങ്ങളേക്കുറിച്ചുമുള്ള ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. ലൂസിഫറിൽ ചെയ്ത അതേ ശൈലിയിലല്ല എമ്പുരാനിലെ ഗാനങ്ങളെന്നും ആദ്യത്തെ ഗാനം ഇതിനകം ചെയ്ത് കഴിഞ്ഞെന്നും ദീപക് ദേവ് ക്ലബ് എഫ് എമ്മിന്റെ സ്റ്റാർ ജാമിൽ പറഞ്ഞു.
ലൂസിഫർ ഇറങ്ങിയിട്ട് നാലഞ്ച് വർഷമായെന്നും ആ ചിത്രത്തിൽ ചെയ്ത അതേ ശൈലി എമ്പുരാനിൽ ചെയ്തിട്ട് കാര്യമില്ലെന്നും ദീപക് ദേവ് പറഞ്ഞു. അതിനുകാരണം ഈ കാലത്തിനിടയിൽ ഇൻഡസ്ട്രിയിൽ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകളും സിനിമകൾ കാണുന്നതും ചിത്രീകരിക്കുന്നതുമായ രീതിയുമെല്ലാം മാറി. അപ്പോൾ നമ്മൾ ലൂസിഫറിലേക്ക് വീണ്ടും ചെന്നിട്ട് കാര്യമില്ല. അതിൽ നിന്ന് എങ്ങനെ അടുത്തതലത്തിലേക്ക് പോകും എന്നാണ് പൃഥ്വി മനസിൽ കണ്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാനെ ആളുകൾ കാണുന്നതെങ്കിലും സംഗീതം ലൂസിഫറിലുള്ളതുപോലെ ചെയ്താൽ ശരിയാവില്ലെന്നും ദീപക് ദേവ് വിശദീകരിച്ചു.
“സംഗീതത്തിന്റെ ശൈലി ഇക്കാലത്തിനിടയ്ക്ക് മാറിയിട്ടുണ്ട്. പക്ഷേ എമ്പുരാന് അതിന്റേതായ ഒരു സ്റ്റൈലുണ്ടാവും. കുറച്ചുകൂടി ഹെവിയായിരിക്കും എമ്പുരാൻ. എന്തുവേണമെങ്കിലും ചെയ്തോളാനാണ് പൃഥ്വിയും ആന്റണിച്ചേട്ടനും പറഞ്ഞിട്ടുള്ളത്. ഞാനിവിടെ ഇരിക്കുമ്പോഴാണ് രണ്ടുപേർക്കും ടെൻഷൻ. നിങ്ങൾ ഇവിടെയിരിക്കാതെ എങ്ങോട്ടെങ്കിലും യാത്ര പോകൂ എന്നൊക്കെയാണ് പറയാറ്. എന്റെ സ്വന്തം സ്റ്റുഡിയോയിലിരുന്നാൽ മതി എന്നാണ് മറുപടി പറയാറ്. ചിത്രത്തേക്കുറിച്ച് കൂടുതലൊന്നും പറയാൻപറ്റില്ല. അതിന് അനുവാദമില്ല.
എങ്കിലും സന്തോഷം കൊണ്ട് പറയുകയാണ്, സ്പോട്ട് എഡിറ്ററുടെ കമ്പ്യൂട്ടറിൽനിന്ന് രംഗങ്ങൾ അയച്ച് കിട്ടുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഫിനിഷിങ് ഉണ്ട്. സ്പോട്ട് എഡിറ്ററുടെ നേരിട്ടുള്ള എഡിറ്റിങ് ആയതുകൊണ്ട് ആരും അതേക്കുറിച്ച് അങ്ങനെ അഭിപ്രായമൊന്നും പറയില്ല. കാരണം അതിനുമേലെ കളർ കറക്ഷൻ ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഒരുപാട് വരാനുണ്ട്. പക്ഷേ എമ്പുരാന്റെ കാര്യത്തിൽ സ്പോട്ട് എഡിറ്റ് പതിപ്പ് കണ്ടപ്പോൾ പോലും ഞാൻ ഞെട്ടിപ്പോയി. അതിനുമേലെ മ്യൂസിക്കും ചെയ്ത് ഇതാണ് ഫൈനൽ സിനിമ എന്നുപറഞ്ഞാൽ ആരും വിശ്വസിക്കും.” ദീപക് ദേവ് പറഞ്ഞു.
ഗ്രാഫിക്സ് ആണെന്ന് വിചാരിക്കുന്ന രംഗങ്ങൾ പോലും ഒറിജിനലായിട്ട് ഷൂട്ട് ചെയ്തിരിക്കുകയാണ്. എപ്പോഴെങ്കിലും അതിന് റീ ടേക്ക് ചെയ്യേണ്ടിവന്നാലോ എന്ന് പൃഥ്വിയോട് ചോദിച്ചിട്ടുണ്ട്. അത് വേണ്ടിവരില്ലെന്നും അത്രമാത്രം റിഹേഴ്സൽ ചെയ്തിട്ടാണ് ആ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിയുടെ മനസിൽ ഒരു കാര്യമുണ്ട്. അതേക്കുറിച്ച് അദ്ദേഹം ആശയവിനിമയം നടത്തുന്നത് റഫറൻസ് വെച്ചിട്ടല്ല. കഥാപാത്രത്തിന്റെ വൈകാരികതയേക്കുറിച്ചാണ് പലപ്പോഴും പറയാറുള്ളത്. അഥവാ നമ്മൾ റഫറൻസ് ചോദിച്ചാൽ പുള്ളി സമ്മതിക്കില്ല. ചെയ്തത് ശരിയായിട്ടില്ലെങ്കിൽ എന്താണ് വേണ്ടതെന്ന് വിശദമാക്കാം എന്നുപറയും. ചിത്രത്തിലെ ആദ്യത്തെ പാട്ട് ഇതിനകം കൊടുത്തുകഴിഞ്ഞെന്നും ദീപക് ദേവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]