‘ഇനി നിന്നെ നാട്ടുകാർ ഓസ്കർ ജൂഡ് എന്ന് വിളിക്കും’-നിർമാതാവ് ആന്റോ ജോസഫ് പൊട്ടിച്ച തമാശയ്ക്ക് ഉടൻ വന്നു സംവിധായകന്റെ കൗണ്ടർ: ‘ചേട്ടനെ ഓസ്കർ ആന്റോ എന്നും’. ഫോണിലൂടെയെത്തുന്ന പ്രശംസകളുടെ പ്രളയത്തിനു നടുവിൽ ആഹ്ലാദത്തിലാണ് ഇരുവരും.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ‘2018’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് ആന്റോ ജോസഫും ക്യാമറാമാൻ അഖിൽ ജോർജും കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽ ഒത്തുചേരുകയായിരുന്നു. ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷൻ നോക്കാൻ പോകുന്നതിനിടെയാണ് ജൂഡിന് ആന്റോയുടെ വിളിയെത്തിയത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ നിർമാതാക്കളുടെ സംഘടനയുടെ ആസ്ഥാനമന്ദിരം സന്തോഷപ്പെരുമഴയിൽ മുങ്ങി. ചിത്രത്തിന്റെ മറ്റ് രണ്ട് നിർമാതാക്കളായ വേണു കുന്നപ്പിള്ളിയും സി.കെ. പദ്മകുമാറും വീഡിയോ കോളിലൂടെ പങ്കുചേർന്നു.
‘‘എന്റെ സ്വപ്നത്തിൽപ്പോലും സ്വപ്നം കാണാതിരുന്ന സ്വപ്നമായിരുന്നു ഇത്’’-ജൂഡിന്റെ വാക്കുകൾ. ചിത്രം അന്താരാഷ്ട്ര അംഗീകാരങ്ങൾക്ക് അയയ്ക്കണമെന്ന് ആദ്യം പറഞ്ഞത് അന്യഭാഷയിലെ നിർമാതാക്കളും സാങ്കേതിക പ്രവർത്തകരുമാണ്.
ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളായിരിക്കാം ഒരുപക്ഷേ ഓസ്കറിലേക്ക് പരിഗണിക്കാൻ കാരണമായതെന്നും ജൂഡ് പറയുന്നു. ‘‘ജാതിമത രാഷ്ട്രീയ ഭേദമൊന്നുമില്ലാതെ മനുഷ്യന്റെ കൂട്ടായ്മയും മനക്കരുത്തുമാണല്ലോ ഇതിൽ പറഞ്ഞത്’’.
നേട്ടത്തിന്റെ മുഴുവൻ അവകാശവും ആന്റോ ജോസഫ് സമർപ്പിക്കുന്നത് ദൈവത്തിനും ജൂഡിനുമാണ്. ‘‘ശരിക്കും ജൂഡിന്റെ അത്യധ്വാനം തന്നെയാണ് ഈ സിനിമ. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ പടം ഉപേക്ഷിക്കാമെന്നും ഇതിലെ നായകന്മാരെ വെച്ച് വേറെ രണ്ടോ മൂന്നോ പടം ചെയ്യാമെന്നും ഞാൻ പറഞ്ഞതാണ്. അതായിരുന്നു റിസ്ക് കുറവുള്ള സംഗതി. എന്നിട്ടും ജൂഡ് ഈ സിനിമ ഒരു സംഭവമാകുമെന്ന വിശ്വാസത്തിൽ നിന്നു’’ – ആന്റോ പറഞ്ഞു.
ചിത്രത്തിന്റെ ദൃശ്യമികവ് ജൂഡിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഛായാഗ്രാഹകൻ അഖിലിന്റെ പ്രതികരണം. ‘പടം എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് ജൂഡേട്ടനും മണിച്ചേട്ടനും (പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്) കൃത്യമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ചെയ്യേണ്ട ജോലിയേ എനിക്കുണ്ടായിരുന്നുള്ളൂ’-അഖിൽ പറഞ്ഞു.
Content Highlights: 2018 movie india’s official oscar entry, jude anthany joseph, tovino thomas, kunchacko boban
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]