
‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതിൽ താരസംഘടനയിൽ അഭിപ്രായഭിന്നത. എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കാൻ തീരുമാനിച്ചപ്പോൾ ‘അമ്മ’ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഒന്നടങ്കം ബാധിക്കില്ലേ എന്നാണ് ആദ്യമുയർന്ന ആശങ്ക.
ഇത് അംഗങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഏതാനും ചിലരുടെ പേരിലുള്ള ആരോപണങ്ങളുടേയും പരാതികളുടേയും പേരിൽ കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യം ചില യുവ അംഗങ്ങൾ ഉയർത്തിയത്.
നടന്മാരായ ടൊവിനോ തോമസ്, വിനു മോഹൻ, നടിമാരായ സരയു, അനന്യ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാൽ, മോഹൻലാൽ ഉൾപ്പെടെയുള്ളവർ കാര്യങ്ങളുടെ ഗൗരവം യുവതാരങ്ങളെ പറഞ്ഞുമനസിലാക്കുകയായിരുന്നു.
ഇതോടെ സമ്പൂർണ രാജി എന്ന നിലപാടിലേക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയെത്തി. അഭിപ്രായഭിന്നതയില്ലെന്നും ആശങ്കകൾ പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും വിനു മോഹൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിപ്പോടെയാണെങ്കിലും ചേർന്ന് നിൽക്കുകയായിരുന്നെന്ന് നടി അനന്യ പറഞ്ഞു. കുറ്റാരോപിതർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അവർ അനുഭവിക്കട്ടെ എന്നും അനന്യ പ്രതികരിച്ചു.
ഇതുവരെയില്ലാത്ത ഒരു രീതി ആയിപ്പോയി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിരിച്ചുവിടൽ. നല്ല മാറ്റത്തിന് വഴിയൊരുക്കുന്നതായിരിക്കാം ഇപ്പോഴത്തെ നടപടിയെന്നും അവർ പറഞ്ഞു.
ആശങ്ക പ്രകടിപ്പിക്കുകയാണുണ്ടായതെങ്കിലും അമ്മയുടെ തലപ്പത്തിരിക്കുന്നവരുടെ വാക്കിന് മറുവാക്കില്ലെന്ന അവസ്ഥയ്ക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങൾ മാറ്റം വരുത്തിത്തുടങ്ങിയെന്ന് വ്യക്തമായിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]