കൊച്ചി:സാബു പ്രവദാസ് കലാസംവിധാനം നിര്‍വഹിച്ച ഒരു സിനിമയുടെ പേര് ‘ഒറ്റയടിപ്പാതകള്‍’ എന്നാണ്. പക്ഷേ, ചലച്ചിത്രമേഖലയില്‍ പല പാതകളിലൂടെ സഞ്ചരിച്ചയാളായിരുന്നു അദ്ദേഹം. രംഗസജ്ജീകരണം മുതല്‍ സിനിമാസംഘടനാനേതൃത്വത്തിലേക്ക് വരെയെത്തിയ സാബു ഒടുവില്‍ മികച്ച ചലച്ചിത്രലേഖനത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരം വരെ വാങ്ങിയാണ് വിടവാങ്ങുന്നത്.
അച്ഛന്റെ വഴിയേ കലയിലേക്ക് കടന്നുവന്നയാളാണ് സാബു. കൊച്ചിയിലെ പേരുകേട്ട പരസ്യകലാസ്ഥാപനമായിരുന്നു പ്രവദാസ്. അതിന്റെ ഉടമയായിരുന്നു സാബുവിന്റെ അച്ഛന് സുകുമാരന്‍. പ്രവദ സുകുമാരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കലൂര്‍ ഗവ. ഹൈസ്കൂള്‍, മാല്യങ്കര എസ്.എന്‍.എം. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അച്ഛന്റെ പ്രവദാസിലേക്ക് എത്തിയ സാബു സിനിമാരംഗത്തേയ്ക്കു കൂടിയാണ് ചുവടുവെച്ചത്.
കലാസംവിധാനത്തിലേക്കുള്ള അരങ്ങേറ്റം ജോഷിക്കൊപ്പമായിരുന്നു. അത് പിന്നീട് വലിയൊരു കൂട്ടുകെട്ടിന്റെ തുടക്കമായി. ജോഷിയുടെ പ്രധാന സിനിമകളുടെ കലാസംവിധായകന്‍ സാബുവായിരുന്നു. അവസാന സിനിമയും ആദ്യ സിനിമയുടെ സംവിധായകനൊപ്പമായി എന്നത് യാദൃച്ഛികത.
ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുന്നതു മുതല്‍ കുറഞ്ഞ ചെലവില്‍ രംഗ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതുവരെയുള്ള ജോലികളില്‍ പ്രകടിപ്പിച്ച മികവ് സാബുവിനെ ഈ രംഗത്തെ വേറിട്ട പ്രതിഭയാക്കി. ഗ്രാന്‍ഡ് ആഡ്സ്, അശ്വിന് ആഡ്സ്, സാബു പ്രവദാസ് തുടങ്ങിയ പേരുകളില്‍ അനവധി സിനിമകള്‍ക്ക് മനോഹരങ്ങളായ പരസ്യ ഡിസൈനുകളും അദ്ദേഹം തയ്യാറാക്കി. എങ്കിലും മുഴുവന്‍സമയ സിനിമാക്കാരനാകാന്‍ ഒരിക്കലും അദ്ദേഹം ശ്രമിച്ചില്ല. ഇന്ത്യന്‍ അലുമിനിയം കമ്പനിയിലെ സ്ഥിരംജോലി സിനിമാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിച്ചിരുന്നതാണ് ഈ രംഗത്ത് തിരക്കുള്ള കലാകാരന് ആകാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതിന്റെ കാരണമെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
ചലച്ചിത്രരംഗത്തെ സാങ്കേതിക വിദഗ്ധരുടെ സംഘടനകളായ മാക്ടയുടെയും ഫെഫ്കയുടെയും രൂപവത്കരണം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
സിനിമയോടുള്ള അടങ്ങാത്ത പ്രണയം എപ്പോഴും ഉള്ളില്‍ സൂക്ഷിച്ചു. വിദേശസിനിമകളുടെ പതിനായിരത്തോളം വരുന്ന ശേഖരത്തിനുടമ ആയിരുന്ന സാബു സിനിമാരംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ ശ്രദ്ധാപൂര്‍വം പഠിച്ച് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു. പരിചയപ്പെടുന്നവരെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് നിര്ത്തിയിരുന്നയാളായതിനാല് വിപുലമായിരുന്നു സൗഹൃദവലയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]